കണികാവിലാസം

ഒരു പക്ഷിയുടെ പാട്ടു കേൾക്കുന്നുണ്ട്
പക്ഷിയേതെന്നറിയില്ല
പാടുന്ന പക്ഷീ നീയെവിടെ
എത്ര ചില്ലകൾ
എത്രയെത്രയെത്രയെത്രയിലകളിലകൾ
ചില്ലകളിലെല്ലാ
മിലകൾക്കിടകളിലെല്ലാം തിരഞ്ഞു
പാടുന്ന പക്ഷീ നീയെവിടെ
ചില്ലകളിലെല്ലാം
ഇലകൾക്കിടയിലെല്ലാം
പലപല പക്ഷികൾ
പലപലപലയൊച്ചകൾ
ഒക്കെയും മറ്റൊച്ചകൾ
പാട്ടെങ്ങോ മറ
ഞ്ഞിരുന്നു തുളുമ്പുന്നു
പാട്ടിലെ മൗനം പടർന്നുകത്തുന്നു
മറന്നുപോയവർ
മരത്തണലുകളിലിരിപ്പുണ്ട്
മാഞ്ഞുപോയവർ മരച്ചില്ലകളിലിരിപ്പുണ്ട്
പാടുന്ന പക്ഷീ നീയെവിടേ
പാറിനടക്കുന്നു
ആകാശം നിറയെ
മുക്കുപണ്ടങ്ങൾ
പാടുന്ന പക്ഷീ
നീയെവിടെ നിന്റെ
പാട്ടു മാത്രം കേൾക്കുന്നുണ്ട്
കാര്യമൊന്നുമില്ല
എന്നാൽ എന്തോ ഒന്നുണ്ട്
ഒരർഥവുമില്ല എങ്കിലു
മെന്തോ ഒന്നുണ്ട്
ആ
എന്തോ ഒന്നിൽ ഞാനുണ്ട്
പാടുന്നൊരു പക്ഷിയുണ്ട്
പക്ഷിയുടെ പാട്ടു കേൾക്കുന്നുണ്ട്
പാട്ടിലൂടറിയുന്നുണ്ട് പക്ഷിയുടെ
പ്രാണന്റെ പിടപ്പ്
ശ്വാസത്തിന്റെ ലയം
എലുമ്പിനുള്ളിലെ തീയ്
ചോരയുടെ ഭൂതോന്മാദം
മാംസത്തിന്റെയാൽക്കെമി
തൂവലിന്റെ കുമ്പസാരം
ചിറകിന്റെ മിന്നൽ
പാട്ടിലുണ്ട് പക്ഷി
പാട്ടുതന്നെ പക്ഷി
ഒരു പക്ഷിയുടെ പാട്ടുകാണുന്നുണ്ട്
പാട്ടായ പക്ഷീ നിന്റെ പാട്ടൊരു കു
ന്നതിന്റെ
കിഴക്കേ ചെരുവി
ലാറുമണിസൂര്യൻ
പടിഞ്ഞാറു പൊന്തുന്നു പന്ത്രണ്ടുമണിച്ചന്ദ്രൻ
വടക്കേ ചെരുവിൽ കൊയ്യുന്ന വയലിന്റെ വിസ്താരം
തെക്കേച്ചെരുവി
ലുറങ്ങുന്ന കാടിന്നഗാധത
നെറുകയിൽ ഞാൻ
ചുറ്റിലും
ലോകപ്പടർച്ച.
