Begin typing your search above and press return to search.
ബൂട്ട് മാർച്ച്*
Posted On date_range 27 Oct 2025 8:00 AM IST
Updated On date_range 27 Oct 2025 8:00 AM IST

‘‘കുഞ്ഞേ, പട്ടം പറത്തരുത്;
പോർവിമാനങ്ങളുടെ കണ്ണിൽപ്പെടരുത്’’
(ഫലസ്തീൻ പഴമൊഴി)
* * *
ഒരറ്റത്തുനിന്നും
തോക്കേന്തിയ സൈനികർ.
മറ്റേയറ്റത്തുനിന്നും
വിളക്കേന്തിയ നേഴ്സുമാർ.
രണ്ടു സംഘത്തിനുമുണ്ട് ബൂട്ടുകൾ;
വെളുത്തതും കറുത്തതും.
‘‘നഗരവിളക്കുകാലുകൾ മാത്രമേ
അനങ്ങാതെ നിൽക്കാവൂ!’’
തോക്കുകൾ ലോഡ് ചെയ്യാനാജ്ഞാപിച്ചുകൊണ്ട്
സൈനിക മേധാവി അലറി.
‘‘അക്ഷോഭ്യരായി നിലകൊള്ളുക
നഗരവിളക്കുകാലുകളെപ്പോലെ.’’
കെട്ടുപോയ വിളക്കുകളിൽ തീപകർന്നുകൊണ്ട്
വെളുത്ത ബൂട്ട് മേധാവി പറഞ്ഞു.
ചോരമണമുള്ള കാറ്റിൽ
ശിരോവസ്ത്രങ്ങളുലഞ്ഞു.
രണ്ട് ബൂട്ട് മാർച്ചുകളും
നേർക്കുനേർക്കു വന്നു.
ബ്രിഗേഡ് റോഡിന്റെ കരിമ്പാളികൾ
നേർത്തുനേർത്തു വന്നു.
കഴുകന്മാരുടെ ചിറകടികളിൽനിന്ന്
പുറത്തുവന്ന ഇരുട്ട്
നഗരത്തെ എന്നെന്നേക്കുമായി പുതപ്പിച്ചു.
