Begin typing your search above and press return to search.
മിണ്ടാത്ത വഴി
Posted On date_range 13 Oct 2025 9:30 AM IST
Updated On date_range 13 Oct 2025 9:30 AM IST

ആവി പൊങ്ങുന്ന
വഴിയിലേക്കിറങ്ങവെ,
ഒരു അമ്മ തിടുക്കത്തിൽ
വരുന്നു.
അടുത്തുവന്ന്
ഈർപ്പം വറ്റിയ
മിഴികൾ ഉയർത്തി
ചുണ്ടുകളിൽനിന്ന്
ഉള്ളിൽ തികട്ടിയത്
കുടഞ്ഞിടാൻ നോക്കി
ഒരു നിമിഷം നിന്നു
കള്ളടിച്ച് നാടുനീളേ
വഴക്കുണ്ടാക്കിയ
മകനെ പിരാക്കി
പറഞ്ഞുവിട്ടതിനെക്കുറിച്ച്
കൈകൾ ഇളക്കി
മുകളിലേക്കുയർത്തി
അയാൾ ഒന്നും
മിണ്ടാതെ നിന്നു
വഴിയരിക്കാലെ...
ചായക്കടയിലേക്ക്
കൈലിയുടുത്ത്
ഷർട്ടിടാത്ത ഒരാൾ
ഒരു വടിയുമായി ഇരിക്കുന്നു.
അങ്ങോട്ടുനോക്കിയപ്പോൾ
കടക്കാരി വേണ്ടായെന്ന്
കണ്ണിറുക്കി കാണിച്ചു.
ചോദ്യം ഉമിനീരിൽ
അലിഞ്ഞുപോയി
മുന്നോട്ട് നടക്കുമ്പോൾ
ഓടിവന്ന ഒരു നായ്
എന്തോ ഓർത്തിട്ട്
തിരിച്ചുപോയി
അയാൾ വഴിയുടെ
വളവിൽനിന്ന്
പിന്നിട്ട ഇടത്തേയ്ക്ക് നോക്കി
മിണ്ടാത്ത വഴി മാത്രം.
