Begin typing your search above and press return to search.
proflie-avatar
Login

ഞെട്ടുകൾ

ഞെട്ടുകൾ
cancel

ഞെട്ടുകൾ കാൺകെ അടർന്നുപോയ പൂക്കളെ സങ്കൽപിക്കാൻ ശ്രമിച്ചു. ചുടുചോര കിനിയുന്ന ചെമ്പരത്തി അല്ലെങ്കിൽ തൂവെള്ളസ്സൂര്യകാന്തി. ചുറ്റും പരന്നിരുന്ന ഗന്ധം പിടിതരുന്നില്ല. താഴെ, പൊഴിഞ്ഞ ഇതളുകളില്ല. പാൽനുണഞ്ഞ ശലഭങ്ങളോ തേനൂറ്റിയ തുമ്പികളോ ചുറ്റുമില്ല. വ്രണിതകാലം കറുത്തഞെട്ടിൽ കുറുകിനിന്നു. കാറ്റുകൾ വന്ന് ആശ്വസിപ്പിച്ചു. മഞ്ഞുതുള്ളികൾ ഉമ്മവച്ചു. ഉദ്യാനങ്ങളുടെ രഹസ്യമായ ഉന്മാദം അതിൽ തുടിച്ചുകൊണ്ടിരുന്നു. ഞാൻ മണത്തുനോക്കി. പൗരാണികമായ ഒരു വാസനയുണ്ട്. ഇതിഹാസ നായകരെ മോഹിപ്പിച്ച മാദകമണം! ഞാൻ ചുണ്ടുകൾ ചേർത്തു. നുണഞ്ഞോളൂ എന്ന് കുമിഞ്ഞു കൂമ്പുകയായി...

Your Subscription Supports Independent Journalism

View Plans

ഞെട്ടുകൾ കാൺകെ

അടർന്നുപോയ പൂക്കളെ

സങ്കൽപിക്കാൻ ശ്രമിച്ചു.

ചുടുചോര കിനിയുന്ന ചെമ്പരത്തി

അല്ലെങ്കിൽ തൂവെള്ളസ്സൂര്യകാന്തി.

ചുറ്റും പരന്നിരുന്ന ഗന്ധം

പിടിതരുന്നില്ല.

താഴെ,

പൊഴിഞ്ഞ ഇതളുകളില്ല.

പാൽനുണഞ്ഞ ശലഭങ്ങളോ

തേനൂറ്റിയ തുമ്പികളോ ചുറ്റുമില്ല.

വ്രണിതകാലം കറുത്തഞെട്ടിൽ

കുറുകിനിന്നു.

കാറ്റുകൾ വന്ന് ആശ്വസിപ്പിച്ചു.

മഞ്ഞുതുള്ളികൾ ഉമ്മവച്ചു.

ഉദ്യാനങ്ങളുടെ രഹസ്യമായ ഉന്മാദം

അതിൽ തുടിച്ചുകൊണ്ടിരുന്നു.

ഞാൻ മണത്തുനോക്കി.

പൗരാണികമായ ഒരു വാസനയുണ്ട്.

ഇതിഹാസ നായകരെ മോഹിപ്പിച്ച

മാദകമണം!

ഞാൻ ചുണ്ടുകൾ ചേർത്തു.

നുണഞ്ഞോളൂ എന്ന് കുമിഞ്ഞു

കൂമ്പുകയായി വെയിൽത്തിളക്കം.

സൂര്യനെ പ്രണയിച്ചുകാണും.

പുറന്തള്ളപ്പെട്ടു.

കുഞ്ഞുശലഭങ്ങൾ അകന്നുപോകട്ടെ

എന്നു ശപിക്കപ്പെട്ടു.

എങ്കിലും മോഹിപ്പിച്ചുകൊണ്ടിരിക്കൂ

എന്ന് അനുഗ്രഹിക്കപ്പെട്ടു.

കണ്ണടുപ്പിച്ചു നോക്കി

നേർത്ത സൂര്യശൽക്കങ്ങളുണ്ട്.

ചുണ്ടിലതുരയുന്നു.

നുണയുമ്പോൾ ചുണ്ടിലെന്തോ

തുടിക്കുന്നു.

ഉടലാകെ ആ തരിപ്പിലാവുന്നു.

കണ്ണുകൾ കൂമ്പുന്നു.

ഞാൻ ഒരു കുഞ്ഞുപൂവ്.

ഇറുത്തുമാറ്റപ്പെട്ടത്.

ഏതോ വേഗത്തിൽ ഒഴുക്കപ്പെട്ടത്.

കരുണകൊണ്ട് തഴുകപ്പെട്ടത്

ക്രോധത്തിൽ എരിയപ്പെട്ടത്.

അഭയംതേടി അലയപ്പെട്ടത്.

ഇപ്പോൾ

അടർന്നുപോയ അലിവിലേക്ക്

ഇഴുകിച്ചേരുന്നു.

ചോരക്കുഴലുകളിലൂടെ

അതിന്റെ പച്ച പായുന്നു.

മുമ്പ് പൊക്കിളിലൂടെ തന്നത്

നീ എനിക്ക് ചുണ്ടിൽ ചുരത്തുന്നു.

പൂക്കൾ എവിടെപ്പോയെന്ന്

ഞെട്ടുകളോട് ചോദിച്ചുകൂടാ.

ഒരിക്കൽ, ശോഭയാർന്ന ഒരു പൂ

അവിടെ വിടർന്നുനിന്നിരിക്കും.

അടർന്നടർന്ന്

ശേഷിച്ചതുമാത്രം സത്യമായി.

ഞെട്ടുകൾ ചരിത്രമായി.

ഇനി

ഞെട്ടുമതിയാവും

പല വസന്തങ്ങൾക്ക്.


News Summary - Malayalam poem