ഒരു കട്ടി പുസ്തകം

ചിരട്ടയിൽനിന്ന് ഊരിപ്പോന്ന ഉണക്ക തേങ്ങയിലും,
കട്ടികൂടിയ ഇഞ്ചിയിലും, മഞ്ഞളിലും
അമ്മിക്കല്ലുകൊണ്ട് കുത്തിയരച്ച ദേഷ്യം
കലക്കി കറിവച്ചു
ബാക്കിയുള്ളത് ഉരലിലും പിന്നെ
അലക്കുകല്ലിലും ഇട്ടലക്കി.
കിണറ്റു കപ്പടത്തിലിരിക്കുമ്പോൾ
ആഴം കുറഞ്ഞ കിണറ്റിലെ മീനുകൾ
അവളെ പുച്ഛത്തോടെ നോക്കി...
കുളക്കടവിൽ രാവും പകലുമില്ലാതെ
ആണുങ്ങൾ കുളിച്ചും കഥപറഞ്ഞും
ആഴത്തിന് കാവലിരുന്നു...
കടലിലെ തിരകൾക്കും
പുഴയുടെ ആഴത്തിനും
മീൻക്കാരും കാറ്റ് കൊള്ളാനും
പന്തുകളിക്കാനുമെത്തിയ
ആണുങ്ങളും ആൺകുട്ട്യോളും കാവൽ.
ചെമ്മണ്ണ് പൂശിയ നിലത്ത്
കൈതോല പായിൽ
ഉറങ്ങുന്ന ബന്ധുക്കൾക്കിടയിൽ
തിങ്ങിനിരങ്ങി അട്ടംനോക്കി കിടന്നപ്പോൾ
കണ്ണാടി ഓടിനുള്ളിലൂടെ കടന്നുവന്ന
നിലാവ് തട്ടി
മരക്കൈകോലുകൾ അവളെ നോക്കി
കൊഞ്ഞനംകുത്തി.
പനിക്കാലത്ത് ആശുപത്രി ബസ്സ്റ്റോപ്പിൽ
എതിർവശത്ത് ബീച്ചിൽ
ചവോക്ക് മരത്തിനു മുകളിൽ
പൊലീസിനെ കാത്ത് തൂങ്ങിക്കിടന്ന
മധ്യവയസ്കന്റെ മൃതദേഹം വിജയിഭാവത്തോടെ
തുറിച്ചുചാടിയ കണ്ണുകൾകൊണ്ട് നോക്കി.
അവസാനം ഉമ്മറത്തെ ചരു കുറ്റിയിട്ട്
കട്ടികൂടിയ പുസ്തകത്തിലേക്ക്
പനിച്ച് തള്ളുന്ന കണ്ണുകൾ ഇറക്കിവെച്ചു...
വായിച്ചു ബെടക്കാവണ്ട
മര്യാദയ്ക്ക് ഈയ്യ് വാതില് തൊറന്നോ.
