Begin typing your search above and press return to search.
proflie-avatar
Login

രണ്ട്​ കവിതകൾ

രണ്ട്​ കവിതകൾ
cancel

1. മരിച്ച പലരുടെയും ചുണ്ടുകൾ എന്ത് ചെയ്യുന്നുകാര്യങ്ങൾ പറയാനായ് വെമ്പിയ ചുണ്ടുകൾ മാഞ്ഞിട്ടും മായാതീ ലോകത്തിലുണ്ടെങ്കിൽ എന്താവും ചെയ്യുക ജീവിച്ചിരിക്കവേ യോജിച്ച വാമൊഴികൾ വേർപെട്ടൊഴുകുന്ന ജീവിതപ്പുഴകളിൽ വിയോജനത്തിന്നസ്ഥികൾ പൂത്തേക്കാം കരയിൽ പിടിച്ചിട്ട മീനിന്റെ ഭാഷയിൽ കാഴ്ചകൾ മിണ്ടുന്ന പോലെയോ നിശ്ചലം! മൗനക്കടലുകൾ വാക്കിലെ കാടിന്റെ നോക്കെത്താ യാത്രകൾ വാചാലസീമകൾ എത്രമേൽ കാലം വരഞ്ഞിട്ട ചുണ്ടുകൾ ചുംബനച്ചൂടുകൾ ചുണ്ടിനാൽ ചാലിച്ച മഴവിൽ രുചികളിൽ മനനങ്ങൾ കണ്ടവർ ഒരു മാത്ര പക്ഷേ തിരികെ വന്നേക്കാം മറുപാതിയിൽ ജിഹ്വതൻ ചുഴികളിൽ മിണ്ടാതെ...

Your Subscription Supports Independent Journalism

View Plans

1. മരിച്ച പലരുടെയും ചുണ്ടുകൾ എന്ത് ചെയ്യുന്നു

കാര്യങ്ങൾ പറയാനായ്

വെമ്പിയ ചുണ്ടുകൾ

മാഞ്ഞിട്ടും

മായാതീ

ലോകത്തിലുണ്ടെങ്കിൽ

എന്താവും ചെയ്യുക

ജീവിച്ചിരിക്കവേ

യോജിച്ച വാമൊഴികൾ

വേർപെട്ടൊഴുകുന്ന ജീവിതപ്പുഴകളിൽ

വിയോജനത്തിന്നസ്ഥികൾ പൂത്തേക്കാം

കരയിൽ പിടിച്ചിട്ട മീനിന്റെ ഭാഷയിൽ

കാഴ്ചകൾ മിണ്ടുന്ന പോലെയോ നിശ്ചലം!

മൗനക്കടലുകൾ

വാക്കിലെ കാടിന്റെ നോക്കെത്താ യാത്രകൾ

വാചാലസീമകൾ

എത്രമേൽ കാലം വരഞ്ഞിട്ട ചുണ്ടുകൾ

ചുംബനച്ചൂടുകൾ

ചുണ്ടിനാൽ ചാലിച്ച

മഴവിൽ രുചികളിൽ

മനനങ്ങൾ കണ്ടവർ

ഒരു മാത്ര പക്ഷേ തിരികെ വന്നേക്കാം

മറുപാതിയിൽ

ജിഹ്വതൻ ചുഴികളിൽ

മിണ്ടാതെ മിണ്ടുന്ന

ചുണ്ടിന്റെ വിരുതുകൾ

സമയത്തോടാഞ്ഞപ്പോൾ

കൂട്ടത്തിലാരും തിരക്കീല

വെളുക്കെ പരക്കുന്ന ഛായക്കുമപ്പുറം

മൊഴിയിൽനിന്നൊരു മാത്ര

ഉതിരുവാനുണ്ടോ ഒടുവിലീ നേരത്ത്

നാളത്തെ വല്യപേർ

പോകുന്ന കാര്യങ്ങൾ

മനപ്പൂർവമങ്ങോട്ട്

ചുണ്ടിലായ് കൊണ്ടുപോയ്.

2. നുണച്ചാർ

വാക്കില്ലാത്ത മാങ്ങാച്ചുനയിൽ

നോക്കില്ലാത്ത ചക്കപ്പശയിൽ

നാമെന്തിന് ഓർമകളെ പതിച്ച് ​െവയ്ക്കുന്നു

അതിന്റെ അടരുകളിൽ

നമുക്ക് വിശന്നിരുന്നില്ല

പുഞ്ചിരിയില്ലാത്ത പുളിയിൽ

നെറ്റി ചുളിക്കാത്ത നെല്ലിക്കയിൽ

നാമെന്തിന് വരികളെ സൂക്ഷിക്കുന്നു

അതിന്റെ രസച്ചാറിൽ

നാം ദാഹിച്ചിരുന്നില്ല

മുഖഭാവമില്ലാത്ത മുല്ലയിലും

നിരാശയില്ലാത്ത നിലാവിലും

നാമെന്തിന് രഹസ്യങ്ങൾ കുഴിച്ചിടുന്നു

കാമത്തിന് കണ്ണില്ലായിരുന്നല്ലോ

പൂട്ടില്ലാത്ത പുഴയിലും

ഒഴിവില്ലാത്ത ഒഴുക്കിലും

നാമെന്തിന് ഉൾപ്പുളകം നിക്ഷേപിക്കുന്നു

അതിന്റെ ജലാംശങ്ങളിൽ നാം ജീവിച്ചിരുന്നുമില്ല

മേൽപ്പറഞ്ഞതെല്ലാം അനാഥത്വമുള്ളത്

എന്ന പറഞ്ഞറിയിക്കാനാകാത്ത

ഒരു തോന്നൽകൊണ്ടോ

അതോ

നാം തന്നെ അതായതുകൊണ്ടോ എന്നറിയില്ല

ഇത്തരം ചില നുണച്ചാറുകളെ

നമ്മൾ ഉള്ളിൽ ഉപ്പിലിട്ടിരിക്കുന്നു

കാര്യങ്ങൾ പറയാത്തതാണ്

കാര്യങ്ങളെന്നെന്നും

ധരിപ്പിച്ച

ചുണ്ടുകളിപ്പോഴും

ജീവിച്ചു മിണ്ടുന്നു

മിണ്ടാത്ത ഭാഷകൾ...


News Summary - Malayalam poem