Begin typing your search above and press return to search.
proflie-avatar
Login

പിറവി

poem
cancel

ശബ്ദങ്ങളില്ലാത്തൊരു മുറിയിൽ

ഒത്തിരിക്കാലമായി ജീവിക്കുന്നു.

ഭൂമിയിൽനിന്നും,

സ്വപ്നത്തിൽനിന്നും

അകലെയല്ലാത്തതിനാൽ

പതുങ്ങണോ, പറക്കണോയെന്നറിയാത്തതാണീ മുറി.

മുറിക്കകത്ത് ഒന്നിച്ചുകൂടുന്നു,

കണ്ണിൽ നിറമില്ലാത്തൊരു പൂച്ച,

തൂവലുകളിൽ കാറ്റു നിറയാത്ത നാലു പക്ഷികൾ,

ഉടുപ്പോ ഉയിരോ എന്നറിയാതെ

മാറി മാറി അലക്കുന്ന പെൺകുട്ടി.

ഇവർക്കൊക്കെയും

ഒരേ വേഗത്തിലുള്ള

ഉറക്കങ്ങൾ,

ഇടവേളകൾ.

ശബ്ദങ്ങളില്ലാത്ത മുറിയിൽ

പൂച്ചയതിന്റെ രോമങ്ങളെ

കൊഴിയാതെ സൂക്ഷിച്ചു.

പക്ഷികൾ,

കൊക്കുകളുടെ പകർപ്പുകളുണ്ടാക്കേണ്ടെന്ന്

തീർച്ചയാക്കി.

പെൺകുട്ടിയവളുടെ

പല നേരങ്ങളിലെ ഉറക്കങ്ങളെ

പലയിടത്തായി വിരിച്ചിട്ടു.

ശബ്ദങ്ങളില്ലാത്ത മുറിയിപ്പോൾ

ഭൂമിയിലേക്കടുക്കുന്ന യാത്രയിലാണ്.

സ്വപ്നങ്ങളിലെ നേർപകുതി നേരത്ത്

അതിന്റെ വേഗത കൂടും.

ഉറക്കത്തിന്റെ

ഇടവേളകളിലൊരിക്കലത്

ഭൂമിയിലേക്കാഞ്ഞു വീഴും.

അന്ന് പറക്കും

ഇന്നേവരെ ശബ്ദം കാണാത്ത

എന്റെയുടുപ്പിലെ പക്ഷികൾ.

അലക്കുപതയുടെ

ആരവങ്ങൾക്കൊപ്പം

യാത്രയപ്പോൾ തുടങ്ങും.

ഒത്തിരിയോടി ദൂരെയെത്തിയ

സമയത്തിനൊപ്പമെത്താൻ

ഭൂമിയൊരു പൂച്ചക്കുഞ്ഞായി

എനിക്കൊപ്പം പറക്കും.


Show More expand_more
News Summary - Malayalam Poem