പോസ്റ്റ്മാർട്ടം

എന്റെ പോസ്റ്റ്മോർട്ടവും
നീ തന്നെ നടത്തുകയില്ലേ
നീയതിൽ വിദഗ്ധനുമാണല്ലോ
ഏതുടലിനും പാകമായ
ഓട്ടോപ്സി ടേബിളിൽ
നിന്റെ കൈയിലൂടെ
കണ്ണിലൂടെ
ബോധത്തിലൂടെ കടന്നുപോയിട്ടുള്ള
അനേകം പെണ്ണുടലുകളിൽ
ഒന്നുതന്നെയിതും
എല്ലാ തലകളുംപോലെ എളുപ്പമിതും
പിളർന്നുതരില്ലായിരിക്കും
എല്ലാ നെഞ്ചകവുംപോലെ
അനായാസം
വാരി പുറത്തിടാമായിരിക്കും
എല്ലാ അടിവയറുംപോലെ ഇത്തിരി മിനുപ്പ്
അപ്പോഴും
ബാക്കിവെച്ചിരിക്കും
അരയ്ക്കു താഴെ
ചില പോക്കുകൊതികൾ
വില്ലിച്ചു നിൽപ്പുണ്ടാവണം
എങ്കിലും നിനക്ക്
ചില അസ്വാഭാവികതകൾ കണ്ടെടുക്കാനാവും
പാതിമാത്രമടഞ്ഞ കണ്ണുകൾ പതിവുപോലെ
നിന്റെ കണ്ണുകളുടെ ആഴമളക്കാൻ ഒരുമ്പെടുകയില്ല
എന്റെ കൈവള്ളികൾ താങ്ങുതേടുംപോലെ
നിന്റെ കൈത്തണ്ടയിൽ പടർന്നു കേറുകയില്ല
ചുമടിറക്കുന്നപോലെ
നിന്റെ തോൾകനത്തിൽ
തലയിറക്കി വെക്കില്ല എന്തുതന്നെയായാലും
വിളർത്ത ഹൃദയം തുറക്കുമ്പോൾ
പഴകിയ അക്ഷരങ്ങളെ
നീ മറന്നേക്കണം
മിടിപ്പുകൊണ്ടിത്ര കാലം
എഴുതിയതൊക്കെയും
നിന്നോട് പറയാനുള്ളതായിരുന്നു
വെളുത്ത പ്രതലത്തിൽ
എളുപ്പമത് വെളിപ്പെട്ടേക്കാം.
