വാക്കുകൾ

എന്റെ നിസ്സാര ജീവിതത്തിലേക്ക്
നിത്യം വാക്കുകൾ ഇരച്ചെത്തുന്നു
പത്രവൃത്താന്തങ്ങൾ
ടെലിവിഷൻ കലമ്പലുകൾ
ഇന്റർനെറ്റ് വിവരണങ്ങൾ
വാട്ട്‌സ്ആപ്പ് മെസേജുകൾ
ഫേസ്ബുക്ക്
സ്റ്റാറ്റസുകൾ
കൂട്ടുകാരുടെ വായാടിത്തങ്ങൾ
അയൽക്കാരുടെ
ആക്രോശങ്ങൾ
വീട്ടുകാരുടെ
പിറുപിറുക്കലുകൾ
നേതാക്കളുടെ വാഗ്ധോരണികൾ
സാഹിത്യകാരന്മാരുടെ
ചമൽക്കാരങ്ങൾ
ഒരിക്കൽ
അവ ശീഘ്രം
ഒഴുകിയെത്തി
എങ്ങും
വാക്പ്രളയമായിരുന്നു
ഞാനതിൽ കൈകാലുകളിട്ടടിച്ചു
ശ്വാസം കിട്ടാതെ
വാക്കുകൾ കുടിച്ച്
പള്ള വീർത്തു
അടിയൊഴുക്കുകൾ
എങ്ങോട്ടോ വലിച്ചു കൊണ്ടുപോയി
വൻചുഴികൾ
എടുത്തെറിഞ്ഞു
അപ്പോൾ
സൗമ്യനായ
ഒരു കടങ്കഥ
എന്റെ അരികിലെത്തി
പറഞ്ഞു
‘‘എന്നെ മുറുകെപ്പിടിക്കൂ’’
ഞാനതിന്മേൽ
മലർന്നു കിടന്നു
നീണ്ട മണിക്കൂറുകൾ
ഒഴുകി
എപ്പോഴോ ഒരു ദ്വീപിലണഞ്ഞു
അവിടെനിന്നു നോക്കുമ്പോൾ
പ്രപഞ്ചം
ചമത്‌കാരങ്ങളും
മിനുക്കലുകളുമില്ലാതെ
നിലകൊണ്ടു
സൂര്യൻ
ആനന്ദത്തോടെ ജ്വലിച്ചു
മണ്ണ് പുൽക്കൊടികൾ ആകാശം
ആദിമപ്രകാശത്തിൽ
കുളിച്ചുനിന്നു
ഞാൻ ഉറക്കെ കൂക്കിവിളിച്ചു
സ്വരം അതിന്റെ തനിമ വീണ്ടെടുത്ത്
എന്റെ നഗ്നതയിലേക്ക്
തിരിച്ചുവന്നു
അപ്പോൾ രക്ഷിച്ച
കടങ്കഥ
സമുദ്രജലത്തിലൂടെ
നീന്തിമറയുന്നത് കണ്ടു
ഞാൻ
അതിനെ വിളിക്കാൻ ശ്രമിച്ചു
പക്ഷേ വായിക്കാൻ
കഴിഞ്ഞില്ല
അത്
ഖണ്ഡങ്ങളായ്
വേർപെട്ടിരുന്നു
പെട്ടെന്ന് ഞാൻ
ഞെട്ടിയുണർന്നു
ഞാനെന്റെ മുറിയിലായിരുന്നു
മായം നിറഞ്ഞ ലോകത്തെ
നേരാംവണ്ണം
നോക്കിക്കാണാൻ
അപ്പോഴേക്കും
ശീലിച്ചിരുന്നു.
