പലമതിൽ ദൂരം

ഞങ്ങൾ ഏറെനേരം പരസ്പരം നോക്കിനിന്നു എപ്പോഴത്തെയുംപോലെ അവനപ്പോഴും മതിൽക്കെട്ടിനു പുറത്തായിരുന്നു! ഒന്നല്ല... കാഴ്ചപ്പുറത്തുമല്ലാതെയുമായി അനേകം മതിൽക്കെട്ടുകൾ! എനിക്കവനിലേക്ക് നടക്കുവാനാകുമായിരുന്നില്ല അവനെന്നിലേക്കും! ഉടമസ്ഥനുണ്ടായിട്ടും അത്രമേൽ അനാഥയായ ഞാനും ഉടമസ്ഥനല്ലായ്കയാൽ അനാഥനായ അവനും... എന്റെ പരിസരങ്ങൾ ചപ്പുചവറുകളാൽ നിറഞ്ഞു എന്റെ മേൽക്കൂരകളിൽ എണ്ണമറ്റ പഴുതാരകളും പല്ലികളുമിഴഞ്ഞു ചില അവയവങ്ങൾക്ക് ചിതലുകൾ മതിപ്പുവിലയിട്ടു! അടഞ്ഞ ജനൽപ്പാളികൾക്കുള്ളിൽ അനുക്രമമായുയരുന്ന മർദം എന്റെ ഞരമ്പുകളുടെ താളവ്യവസ്ഥ തെറ്റിച്ചു... എന്റെ സ്തനങ്ങൾ ചുരത്തുവാൻ ത്രസിച്ചു ഒരു...
Your Subscription Supports Independent Journalism
View Plansഞങ്ങൾ ഏറെനേരം
പരസ്പരം നോക്കിനിന്നു
എപ്പോഴത്തെയുംപോലെ അവനപ്പോഴും
മതിൽക്കെട്ടിനു പുറത്തായിരുന്നു!
ഒന്നല്ല...
കാഴ്ചപ്പുറത്തുമല്ലാതെയുമായി
അനേകം മതിൽക്കെട്ടുകൾ!
എനിക്കവനിലേക്ക് നടക്കുവാനാകുമായിരുന്നില്ല
അവനെന്നിലേക്കും!
ഉടമസ്ഥനുണ്ടായിട്ടും അത്രമേൽ
അനാഥയായ ഞാനും
ഉടമസ്ഥനല്ലായ്കയാൽ
അനാഥനായ അവനും...
എന്റെ പരിസരങ്ങൾ
ചപ്പുചവറുകളാൽ നിറഞ്ഞു
എന്റെ മേൽക്കൂരകളിൽ
എണ്ണമറ്റ പഴുതാരകളും പല്ലികളുമിഴഞ്ഞു
ചില അവയവങ്ങൾക്ക് ചിതലുകൾ
മതിപ്പുവിലയിട്ടു!
അടഞ്ഞ ജനൽപ്പാളികൾക്കുള്ളിൽ
അനുക്രമമായുയരുന്ന മർദം
എന്റെ ഞരമ്പുകളുടെ താളവ്യവസ്ഥ തെറ്റിച്ചു...
എന്റെ സ്തനങ്ങൾ ചുരത്തുവാൻ ത്രസിച്ചു
ഒരു പ്രവാഹത്തിനായി തപിച്ച്
എന്റെ ജലവാഹിനിക്കുഴലുകൾ
ചുട്ടുപഴുത്തു!
എന്നിലേക്ക് പ്രവേശിക്കുവാനും
എന്റെ വൈദ്യുതകേന്ദ്രങ്ങളെ കണ്ടെത്തി
സ്വിച്ചിട്ട് പ്രകാശിപ്പിക്കുവാനും
അവനുമാവേശംകൊണ്ടു.
എന്റെ അകത്തളങ്ങളെ
സംഗീതംകൊണ്ടലങ്കരിക്കുവാനും
എന്റെ ഊൺമേശയിലുണ്ടു നിറയാനും
അവൻ കൊതിച്ചു!
എന്നാൽ, എന്റെ പൂമുഖത്തെ
ചാരുകസാലയിലേക്ക് അവന് ദൂരമേറെയായിരുന്നു!
പായലുകൾ പാകിപ്പഴകിയ കരിങ്കൽക്കെട്ടുകൾ
അവയ്ക്കുമപ്പുറം എത്രയോ കാണാമതിലുകൾ!
അവയെല്ലാം തകർത്ത്
അവനകത്തു വരുന്ന മുഹൂർത്തം
ഞാൻ കാത്തിരുന്നു!
അഭിവാഞ്ഛയുടെ അഗ്നിയൂതിത്തിളക്കി
ഊർജമാവാഹിച്ച്
അവനും കാത്തിരിക്കുകയാവും!
മതിലിന്റെ പണിക്കുറ്റം കനിഞ്ഞു നൽകിയ
ഓട്ടയുടെ ഔദാര്യത്തിൽ ഞങ്ങൾ
പരസ്പരം കണ്ടുകൊണ്ടേയിരുന്നു...
മതിലുകൾ ഭേദിച്ചെത്തി ഒന്നുചേരുന്ന
ആ നിമിഷം കാത്തിരിക്കുന്നത്
ഞങ്ങൾ മാത്രമല്ല
അനഭിഗമ്യഗമനം എന്നാർത്തു
വിളിക്കാൻ
മതിലിനപ്പുറം
ഒരു ജനത മുഴുവനുമുണ്ട്!
അവർക്കറിയില്ലല്ലോ
നിരന്തരം
പൂട്ടിക്കിടക്കുന്ന
ഒരു വീടിന്റെയും
അതിനു മുന്നിൽ കൊടും തണുപ്പിൽ
നിരാലംബം നിൽക്കുന്ന
വീടില്ലാത്തവന്റെയും ധർമസങ്കടങ്ങൾ..!
