Begin typing your search above and press return to search.
proflie-avatar
Login

ചിരുതമ്മയും വവ്വാലുകളും

ചിരുതമ്മയും വവ്വാലുകളും
cancel

ഗ്രാമത്തിലെല്ലാരേമറിയുന്ന ചിരുതമ്മയ്ക്ക് ആജീവനാന്ത സമ്പാദ്യമായുള്ളത് എപ്പോഴും മുറുക്കുന്ന ശീലമൊന്നു മാത്രം. ആരൊക്കെയോ ദാനമായ് നീട്ടുന്ന വെറ്റില, പുകയിലക്കൂട്ടിനാൽ രസനകൊണ്ട് വരൾസിരകൾ- ക്കൊട്ടൊരുത്തേജനം മീട്ടുവാനായ് ‘‘മനേ, അടക്കണ്ടോ?’’ന്ന് തൊടിയിൽ കവുങ്ങിൻ മുകളിലേക്ക് നോക്കി അതിരിനപ്പുറത്തുനിന്നവർ അരുമയോടെ വിളിച്ചിടുമ്പോൾ മാതൃവാത്സല്യമധുവൂറുമാ നാട്ടുമൊഴിപ്പൊരുൾ വഴക്കത്തിൽ മകനിലെ ‘ക’ ലോപിച്ച് സാന്ദ്ര-മധുരമായ്ത്തീരുന്ന ഹൃദ്യത. കാളി ഉടപ്പിറന്നവൾ, അയ്യ-ങ്കാളിയെന്നവർ കേട്ടിട്ടേയില്ല. എച്ചിലെറിയുന്ന പുറമ്പോക്കിൽ ഒച്ചയില്ലാതെ...

Your Subscription Supports Independent Journalism

View Plans

ഗ്രാമത്തിലെല്ലാരേമറിയുന്ന

ചിരുതമ്മയ്ക്ക് ആജീവനാന്ത

സമ്പാദ്യമായുള്ളത് എപ്പോഴും

മുറുക്കുന്ന ശീലമൊന്നു മാത്രം.

ആരൊക്കെയോ ദാനമായ് നീട്ടുന്ന

വെറ്റില, പുകയിലക്കൂട്ടിനാൽ

രസനകൊണ്ട് വരൾസിരകൾ-

ക്കൊട്ടൊരുത്തേജനം മീട്ടുവാനായ്

‘‘മനേ, അടക്കണ്ടോ?’’ന്ന് തൊടിയിൽ

കവുങ്ങിൻ മുകളിലേക്ക് നോക്കി

അതിരിനപ്പുറത്തുനിന്നവർ

അരുമയോടെ വിളിച്ചിടുമ്പോൾ

മാതൃവാത്സല്യമധുവൂറുമാ

നാട്ടുമൊഴിപ്പൊരുൾ വഴക്കത്തിൽ

മകനിലെ ‘ക’ ലോപിച്ച് സാന്ദ്ര-മധുരമായ്ത്തീരുന്ന ഹൃദ്യത.

കാളി ഉടപ്പിറന്നവൾ, അയ്യ-ങ്കാളിയെന്നവർ

കേട്ടിട്ടേയില്ല.

എച്ചിലെറിയുന്ന പുറമ്പോക്കിൽ

ഒച്ചയില്ലാതെ പിഴക്കുന്നൊരാ

തുച്ഛരാരും അംബേദ്കറെന്ന്

ഉച്ചരിച്ചതും ഓർമയിലില്ല.

ജാതി വറുതിയിരുൾ മാറാപ്പ്

പേറിത്തളർന്ന് തളിർക്കൂമ്പിലേ

വാടിക്കരിയും പരുവത്തിലും

പ്രണയവർണപ്പീലിക്കണ്ണുകൾ

ഞൊടിയിട മിന്നിപ്പൊലിഞ്ഞതാം

തൻ കൗമാര ‘കാലച്ചരിവിലെ’

ഓല ടാക്കീസിലൊരു നാൾ കണ്ട

ബ്ലാക്ക് & വൈറ്റ് സിനിമ, മനസ്സിൻ

മങ്ങിയ തിരശ്ശീലയിലിന്നും

മാരിവില്ലൊളി മിന്നിച്ചിടുന്നു.

പാട്ടിന്റെ നറുമുല്ലകൾ പൂക്കും

നാട്ടുനിലാവിൽ, ശാരദ-നസീർ

ജോഡി പ്രേമസീനിൽ മുത്തുന്നത്

ചാളയ്ക്കു മുന്നിൽ നോക്കെത്താ ദൂരം

പരന്നുകിടക്കുന്ന കോലോത്തെ

തെങ്ങിൻതോപ്പിന്റെ കിനാക്കരയിൽ

ഇന്നുമിടക്കിടെ കണ്ടുകൊണ്ട്

ഊറിച്ചിരിക്കുന്നു ചിരുതമ്മ.

ചങ്കിലേക്ക് മണ്ണിട്ട് തൂർക്കുമ്പോൾ

ഉറവഞ്ചിറയുടെ ആഴത്തിൽ

തളംകെട്ടിയ കണ്ണുനീർ കുഴി-

ഞ്ഞുണ്ടായതാം മൺകിണർ വക്കത്ത്

നഗറെന്നു പുതുപേരെങ്കിലും

നഗര കേന്ദ്രിതമേയല്ലാതെ

അടിമുടി പൂത്തതാം മന്ദാരം

ആകവേ മറയിട്ട ചാളയിൽ

ഉച്ചത്തണുനിഴൽ കിടാരികൾ

സ്വച്ഛം മയങ്ങുന്ന മൺനിലത്ത്

നാളെയെന്തെന്ന വേവുമില്ലാതെ

നാളുകൾ പുലരും ചിരുതമ്മ.

‘വിത്തും കൈക്കോട്ടും’ പാടുന്ന മേട-

മഴപ്പക്ഷിപോൽ അവരെത്തുമ്പോൾ

കവുങ്ങോലപ്പീലിക്കൈകൾ കുളിർ

ചാമരമായ് വീശി വരവേൽക്കും.

നറുമണംതൂവുന്ന കവുങ്ങിൻ

പൂങ്കുലകൾ അരിപ്പല്ലുകാട്ടി

ചിരിച്ച്, വവ്വാലീമ്പിച്ചപ്പിയ

പഴുക്കടക്ക ഇട്ടുകൊടുക്കും.

കവലയിലെ കടത്തിണ്ണകൾ

അടിച്ചുവാരുമ്പോൾ ചിരുതമ്മ

മൺതുണി പുതച്ച് നാട്ടുമ്പുറം

കുനിഞ്ഞു നടക്കുന്നതുപോലെ.

ജാതിക്കടവാതിലീമ്പിത്തുപ്പും

ചണ്ടിയായ് ചിരുതമ്മയൊരു നാൾ

ആളുമാരവമില്ലാതെ മൂകം

മണ്ണിലേക്ക് മടങ്ങുന്ന നേരം

മന്ദാരത്തിലൊരു മലമ്പുള്ള്

മാത്രം ഒന്നു തേങ്ങി വിധുരമായ്.

‘‘പേക്രോം പേക്രോം’’ എന്ന് കലപില

ആക്രാന്തം കാട്ടും മൺകിണറ്റിലെ

തവളകൾ മിണ്ടാട്ടമേ മുട്ടി

സ്തംഭിച്ചപോലെ മിഴിച്ചിരുന്നു.

പഴുക്കടക്ക ഈമ്പാൻ മറന്ന വവ്വാലുകൾ

വീണ്ടും കറുപ്പിച്ച്

വ്യാകുലികളായ് കവുങ്ങോലയിൽ

ശീർഷാസനത്തിൽ തൂങ്ങിക്കിടന്നു.

ചിരുതമ്മക്ക്‌ വേണ്ടിയിരുന്ന

അടക്കകൾ ഇനിയുമടർത്തി

താഴെയിടുമെന്നതിനപ്പുറം

ചിരുതമ്മയും വവ്വാലുകളും

തമ്മിലെന്താകാം? അപര വാഴ് വി-

ലൊന്നെന്നൊരാത്മൈക്യ ഭാവമാകാം.


News Summary - Malayalam poem