തങ്കപ്പൻ

ഒരു രാത്രി നാട്ടിലെ പ്രമുഖ തറവാട്ടു വീട്ടുവളപ്പിൽ
അനാശാസ്യത്തിന് പിടികൂടപ്പെട്ട തങ്കപ്പനെ
കുറച്ചാളുകൾ ഒരു മരത്തിൽ കെട്ടിയിട്ടു
തങ്കപ്പനെ കൈകാര്യംചെയ്ത ആദ്യത്തെയാൾ
പ്രകൃതിവിരുദ്ധ പീഡനക്കേസിൽ
പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല
കെട്ടിയിടാൻ കയറെടുത്തവൻ
ഒറ്റച്ചവിട്ടിന് ഭാര്യയെ ആ ജീവനാന്തം
കിടപ്പു രോഗിയാക്കിയവനാണ് കെട്ടോ
കെട്ടിയിട്ടവനോ,
ഇന്നലെ രാത്രി ക്ഷണിക്കപ്പെടാതെ
ഇതേയിടത്തിലേക്കുള്ള
വരവിനിടെ വക്കില്ലാക്കിണറ്റിൽ വീണ്
രാവിലെ സൂര്യൻ പൊള്ളിച്ചപ്പോൾ
എണീറ്റു പോയവൻ
ആ രാത്രി നീണ്ട് നീണ്ട് പകലായി,
രാത്രിയായി പിന്നെയും പകലായിട്ടും
വെളിച്ചത്തിന്റെ ഒരു നൂൽപ്പൊട്ടുപോലും
ആ മരച്ചോട്ടിലേക്ക് അരിച്ചിറങ്ങാത്തത്
എന്തെന്ന് എത്ര തലയുരുകിയാലോചിച്ചിട്ടും
തങ്കപ്പന് പിടികിട്ടിയില്ല.
അവസാനം
അതിന്റെ ഒരില പൊഴിഞ്ഞു
തന്റെ മടിയിൽ വീണപ്പോഴാണ്
തന്നെ കെട്ടിയിട്ടിരിക്കുന്നത്
ഒരു ‘ജാതി’ മരത്തിലാണെന്ന്
തങ്കപ്പന് തിരിച്ചറിവുണ്ടാകുന്നത്.
