Begin typing your search above and press return to search.
proflie-avatar
Login

തിരക്കഥയിൽ കൂട്ടിച്ചേർത്ത മൂന്ന് സീനുകൾ

തിരക്കഥയിൽ കൂട്ടിച്ചേർത്ത മൂന്ന് സീനുകൾ
cancel

സീൻ 1 -ആശുപത്രി സൈനിക ആശുപത്രിയിലെ ബൾബുകൾ ഇടവേളകളിൽ മാത്രം കത്തുന്നുണ്ടായിരുന്നു അതെന്താ? ഇങ്ങനെ? മറുപടി ഇടതുകൈ ചുമലിൽ തുളഞ്ഞു കയറിയ വേദനസംഹാരി ഇൻജെക്ഷൻ സൂചിക്കൊപ്പം നിസ്സഹായമായി പുറത്തുചാടി ‘‘ബോംബുകൾ വീഴുമ്പോൾ ഉള്ളതിനേക്കാൾ വേഗത്തിലാണ് മിസൈലുകൾ വീഴുമ്പോൾ ബൾബുകൾ കെട്ട് പോകുന്നത്’’ ഭയംകൊണ്ട് വിളറിയ കണ്ണുകൾക്ക് മുകളിലായി പെ​െട്ടന്ന് ബൾബുകൾ കെട്ടുപോയി. ചുരുട്ടിയ കൈപ്പത്തിക്കിടയിൽ കുരുങ്ങിയ സിറിഞ്ചുമായി പുകയ്ക്കിടയിലൂടെ കത്തിപ്പൊരിഞ്ഞ ഒരു കൈത്തണ്ട ദൂരേക്ക് തെറിച്ച് വീണു സീൻ നമ്പർ 2 -വിശപ്പ് ഗ്രില്ലറിൽ ബീഫ് സ്റ്റീക്ക് മൊരിഞ്ഞു തുടങ്ങിയിരുന്നു കുട്ടികൾ...

Your Subscription Supports Independent Journalism

View Plans

സീൻ 1 -ആശുപത്രി

സൈനിക ആശുപത്രിയിലെ ബൾബുകൾ

ഇടവേളകളിൽ മാത്രം

കത്തുന്നുണ്ടായിരുന്നു

അതെന്താ? ഇങ്ങനെ?

മറുപടി

ഇടതുകൈ ചുമലിൽ

തുളഞ്ഞു കയറിയ

വേദനസംഹാരി ഇൻജെക്ഷൻ

സൂചിക്കൊപ്പം

നിസ്സഹായമായി പുറത്തുചാടി

‘‘ബോംബുകൾ വീഴുമ്പോൾ

ഉള്ളതിനേക്കാൾ വേഗത്തിലാണ്

മിസൈലുകൾ വീഴുമ്പോൾ

ബൾബുകൾ കെട്ട് പോകുന്നത്’’

ഭയംകൊണ്ട് വിളറിയ

കണ്ണുകൾക്ക് മുകളിലായി

പെ​െട്ടന്ന് ബൾബുകൾ

കെട്ടുപോയി.

ചുരുട്ടിയ കൈപ്പത്തിക്കിടയിൽ

കുരുങ്ങിയ സിറിഞ്ചുമായി

പുകയ്ക്കിടയിലൂടെ കത്തിപ്പൊരിഞ്ഞ

ഒരു കൈത്തണ്ട

ദൂരേക്ക് തെറിച്ച് വീണു

സീൻ നമ്പർ 2 -വിശപ്പ്

ഗ്രില്ലറിൽ ബീഫ് സ്റ്റീക്ക്

മൊരിഞ്ഞു തുടങ്ങിയിരുന്നു

കുട്ടികൾ

പൊന്തിയ വിശപ്പുമായി ​േപ്ലറ്റുകളിലേക്ക്

ആകാംക്ഷ നിറച്ചുകൊണ്ട് കാത്തിരുന്നു

വൈൻ ഗ്ലാസ് എടുക്കാനകത്തേക്ക്

പോയ സമയത്താണ്

കുഞ്ഞുങ്ങളുടെ

നിലവിളികൾ ഉയർന്നു പറന്നത്

പുക നിറഞ്ഞ അമ്മക്കണ്ണുകൾ

ചിതറിപ്പോയ മൂന്ന് കുഞ്ഞുടലുകളെ

ചാരക്കൂനകൾക്കിടയിൽ

തിരയുകയായിരുന്നു

സീൻ നമ്പർ 3 -പ്രണയം

ആ മരത്തണലിൽ

അവന്റെ മടിയിൽ

തല വെച്ച് കിടക്കുമ്പോൾ

നീണ്ട മുടിയിഴകളിലൂടെ

ഉടുപ്പുകൾക്കിടയിലൂടെ

ഇഴഞ്ഞുകയറുന്ന

കൈ വിരലുകളുടെ കുസൃതിയിൽ

അത്രമേൽ പ്രണയത്തോടെ

പരസ്പരം കോർത്ത കണ്ണുകൾ

ഒരു ദീർഘ ചുംബനത്തിന്റെ

സാധ്യതകളിലേക്ക്

തിടുക്കപ്പെടുകയായിരുന്നു

‘‘എന്ത് മനോഹരമാണ്

നിന്റെ മുടിയിഴകൾ’’

പൂർത്തിയാവും മുന്നേ

അവന്റെ വാക്കുകൾ തണൽ വിരിച്ച

മരത്തിനൊപ്പം മുറിഞ്ഞ് ചിതറിപ്പോയി

ഇത്

ഒരു യുദ്ധ സിനിമയുടെ തിരക്കഥ

ആയിരുന്നില്ല

മിസൈലുകളിൽ, ബോംബുകളിൽ,

ഗ്രനേഡുകളിൽ

ചിതറിപ്പോയ

സ്വപ്നങ്ങളെ

പ്രണയത്തെ

വിശപ്പിനെ

ആഗ്രഹങ്ങളെ

ജീവിതത്തെ

സമാധാനത്തെ

പൂക്കളെ

പക്ഷികളെ

ജന്തുക്കളെ

മരങ്ങളെ

കുഞ്ഞുങ്ങളെ

നഷ്ടപ്പെടലുകളെ

ഇതൊന്നുമില്ലാതെ

കൂട്ടിയെഴുതാതെ

ഈ തിരക്കഥ

എങ്ങനെയാണ്

പൂർത്തിയാവുക

പൂക്കളെക്കുറിച്ച്

കുട്ടികൾ എന്നാണ് ഇനി

സ്വപ്നം കാണുക?

News Summary - Malayalam Poem