നോട്ടങ്ങൾ

മരത്തുഞ്ചത്ത്
ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍
അത്രയും തുഞ്ചത്ത്
ഞൊടിയിടയില്‍ എന്ന വാക്കിനെ
ഒരു തിടുക്ക ഭാഷയാക്കി
പറക്കുന്നോ ഇരിക്കുന്നോ
പറക്കുന്നോ ഇരിക്കുന്നോ എന്ന്
ഇരിപ്പുറയ്ക്കാതെ
ഒരു പക്ഷി
താഴേക്ക് നോട്ടത്തെ വളയ്ക്കുന്നു
ആദ്യം
ദൂരവും
ഉയരവും
താഴ്ചയും
ചേര്‍ത്ത് ഒരു വഴിയുണ്ടാക്കി
അതിലൂടെ കണ്ണുകളെ പറത്തി...
നിന്ന നിൽപില്‍
വിറങ്ങലിച്ച കെട്ടിടങ്ങളില്‍നിന്ന്
മഞ്ഞ് ആവിയായി പറക്കുന്നു
മനുഷ്യര്‍ ഉറുമ്പുകളാകുന്നു
മനുഷ്യപ്പറ്റങ്ങള്‍
ഇളകി മറിയുന്ന റോഡുകള്‍
നടന്ന നടപ്പില്‍
നിന്ന നിൽപില്‍
ഓടിയ ഓട്ടത്തില്‍
മനുഷ്യരുടെ ഉറുമ്പ് മട്ടുകള്‍
കൊള്ളാല്ലോ...
പക്ഷി
താഴേക്ക് കുടഞ്ഞിട്ട നോട്ടങ്ങളില്‍നിന്ന്
കെട്ടിടങ്ങളും
മനുഷ്യരും
ഒലിച്ചുപോയി...
മനുഷ്യമണം ഇല്ലാത്ത കരതേടി
കുതിരകളും കാട്ടുപന്നികളും
കയറിവന്നു
കൗതുകംകൊണ്ട് വയ്യ;
പക്ഷി ഒരുവട്ടം ചരിഞ്ഞു നോക്കിപ്പറന്ന്
തിരിച്ചുവന്നു...
ഒലിച്ചുപോയ മനുഷ്യരും കെട്ടിടങ്ങളും
അവിടെത്തന്നെ ഉണ്ട്
ചത്തും പിറന്നും
ഒരിക്കലും അവസാനിക്കാത്ത കൂട്ടര്‍...
ഒരേ മനുഷ്യച്ചൂര്...
പക്ഷേ
കാക്കയ്ക്കും കഴുകനും
ഒരേ പറക്കലല്ല
കൊക്കിന്‍റെ മുങ്ങിത്തിന്നല്‍
പ്രാവിന് പരിചയമില്ല
പൊന്മാനും ഉപ്പനും ഒന്നല്ല...
പക്ഷികള്‍ പലത്...
(സത്തിയം പലതെന്ന്
ഒ.വി. വിജയന്‍ പറഞ്ഞതായി
പക്ഷിക്ക് അറിവില്ല)
താഴെ ഒഴുകുന്ന മനുഷ്യക്കൂട്ടത്തെ
നോക്കി
പക്ഷി;
മട്ടൊന്നും ഉള്ള് പലതും.
ഛേ...
ഫീലിങ് പുച്ഛം...
