ഒരു ചെമ്പരത്തി

വെള്ളക്കുടം കയ്യിൽ തൂക്കി
ചിരുത കിണറിനടുത്തേക്ക്
നീങ്ങിയപ്പോൾ
അയൽപക്കത്തെ പെണ്ണുങ്ങൾ
ഓടി വീട്ടിനുള്ളിൽ ഒളിച്ചു
‘ചിരുതക്കു സ്വന്തം ആയി
കിണറില്ല’
അന്ന് രാത്രി കിടക്കുമ്പോൾ
ഞാൻ ഓർത്തു
പൊടുന്നനെ നിലവിളി കേട്ടു
ഞെട്ടി ഉണർന്നപ്പോൾ
ഉമ്മ പറഞ്ഞു
‘ചിരുതക്കു ഇന്ന് ഭ്രാന്ത്
കൂടിയിട്ടുണ്ട്’
ചിരുതയുടെ ഒറ്റ മുറിക്കു മുമ്പിൽ
ആണുങ്ങൾ ഓടിക്കൂടി
പിറകിൽ പെണ്ണുങ്ങളും
‘നീ ഇങ്ങനെ നിലവിളിച്ചാൽ
നാട്ടുകാർക്ക് സ്വൈര്യം ഉണ്ടാകോ’
ആണുങ്ങളും പെണ്ണുങ്ങളും
അട്ടഹസിച്ചപ്പോൾ
ചിരുത കൂടുതൽ ഉച്ചത്തിൽ
ഒച്ചവെച്ചു
കനം കൂടിയ വടികൾ
വായുവിൽ
ചിരുതയുടെ ഒച്ചയുടെ
പൊക്കത്തോളം ഉയർന്നു
താഴ്ന്നു നിശ്ശബ്ദമായി.
രണ്ടു ദിവസം ചിരുതയെ
പുറത്തു കണ്ടില്ല
മൂന്നാം ദിവസം ചെമ്പരത്തി
ചെടിയുടെ മറവിലൂടെ
ഞാൻ ചിരുതയെ
അന്വേഷിക്കുമ്പോൾ
കുഞ്ഞരിപ്പല്ലുകളിലെ
ചിരി തുടച്ചു ചിരുത ചോദിച്ചു
‘‘എന്താ കുട്ട്യേ നോക്കുന്നത്’’
പേടിച്ചു ഓടിയ എന്നോട്
അപേക്ഷിച്ചു
‘‘നിക്ക് കുട്ട്യേ’’
അന്ന് രാത്രി കിടക്കുമ്പോൾ:
‘‘ഉമ്മാ, ചിരുതക്കു എങ്ങിനെ
ഭ്രാന്ത് വന്നത്?
നമ്മൾക്ക് ഭ്രാന്ത് വരോ’’
‘‘സ്നേഹിക്കുന്നവർ അടുത്ത്
ഇല്ലെങ്കിൽ വരുന്നതാണ്
ഭ്രാന്ത്’’
ദൂരെ ദിക്കിൽ ജോലിക്ക്
പോയ ഉപ്പയെ
വർഷങ്ങളായി
കാത്തിരിക്കുന്ന ഉമ്മ
കണ്ണുനീര് തുടച്ചപ്പോളും
ഞാൻ ഓർത്തതു
‘‘ചിരുതക്കു കാത്തിരിക്കാൻ
ആരും ഇല്ല’’
അന്ന് രാത്രിയും
ആളുകൾ ഓടിക്കൂടി
ചിരുത നിലവിളിച്ചു...
ഭ്രാന്തിന്റെ വർഷങ്ങൾ
പിന്നെയും ഒരുപാട് കഴിഞ്ഞു
ഒരുദിവസം തൊടിയിലൂടെ
നടക്കുമ്പോൾ
നനഞ്ഞ മൺകൂന
ചൂണ്ടി ഉമ്മ പറഞ്ഞു
“ചിരുത”
പഴയ നിലവിളികൾ
വീണ്ടും ഞാൻ കാതോർത്തു
ഓടിയോടി ഞാൻ
ഒരു ചെമ്പരത്തി
പരതിയെടുത്തു
ചിരുതയുടെ മൺകൂനക്കു
മേലെ മെല്ലെ വെച്ചു.
മൗനത്തിന്റെ കിണറിൽ
ചിരുതയോടു പറയാൻ
കുറേ വാക്കുകൾ ഉണ്ടായിട്ടും
ഒരു വാക്കും മിണ്ടാതെ
ഓടി ഒളിച്ചതിനു
പ്രായശ്ചിത്തമായി
ഒരു ചെമ്പരത്തി.
