Begin typing your search above and press return to search.
proflie-avatar
Login

പരിണാമം

പരിണാമം
cancel

എ​ന്റെ മനസ്സിന്നാഴത്തിൽ അന്ധതയേറും മാളത്തിൽ കൊടിയ വിഷപ്പാമ്പ് ചുരുണ്ടു കിടക്കുന്നു,ഇരയെ വിഴുങ്ങി മയങ്ങുന്നു. നെടുനാൾ നീണ്ട ഉറക്കത്തിൻ കുളിരോലുന്ന സ്വകാര്യതയെ, മന്ത്രിയുണർത്തിയ ചുണ്ടെലിയെ വാലാൽ കുത്തിമലർത്തീ ഞാൻ. ഏതോ വ്രണിത വിഷാദത്താൽ ഊഷരമായൊരു നിമിഷത്തിൽ നിറയും വീര്യമൊതുക്കാനായ് കൊത്തുന്നെന്നുടെ മിത്രത്തെ! വീണു കിടന്നു പിടയ്ക്കുമ്പോൾ വിഷമാ ജീവനൊടുക്കുമ്പോൾ, ഇല്ലെൻ മനസ്സിനു ചാഞ്ചാട്ടം, ഉണ്ടെന്നാകിൽ വിളയാട്ടം. തൊടിയിൽ കോഴിക്കുഞ്ഞുങ്ങൾ ചെളിയിൽ മണ്ണിര ചികയുമ്പോൾ, ഇലകൾക്കുള്ളിൽ പതുങ്ങിക്കൊണ്ടവയെ വായിലൊതുക്കുമ്പോൾ, എ​ന്റെ മനസ്സിന്നുന്മാദം എന്തൊരു രസികൻ...

Your Subscription Supports Independent Journalism

View Plans

എ​ന്റെ മനസ്സിന്നാഴത്തിൽ

അന്ധതയേറും മാളത്തിൽ

 കൊടിയ വിഷപ്പാമ്പ് ചുരുണ്ടു കിടക്കുന്നു,

ഇരയെ വിഴുങ്ങി മയങ്ങുന്നു.

നെടുനാൾ നീണ്ട ഉറക്കത്തിൻ

കുളിരോലുന്ന സ്വകാര്യതയെ,

മന്ത്രിയുണർത്തിയ ചുണ്ടെലിയെ

വാലാൽ കുത്തിമലർത്തീ ഞാൻ.

ഏതോ വ്രണിത വിഷാദത്താൽ

ഊഷരമായൊരു നിമിഷത്തിൽ

നിറയും വീര്യമൊതുക്കാനായ്

കൊത്തുന്നെന്നുടെ മിത്രത്തെ!

വീണു കിടന്നു പിടയ്ക്കുമ്പോൾ

വിഷമാ ജീവനൊടുക്കുമ്പോൾ,

ഇല്ലെൻ മനസ്സിനു ചാഞ്ചാട്ടം,

ഉണ്ടെന്നാകിൽ വിളയാട്ടം.

തൊടിയിൽ കോഴിക്കുഞ്ഞുങ്ങൾ

ചെളിയിൽ മണ്ണിര ചികയുമ്പോൾ,

ഇലകൾക്കുള്ളിൽ പതുങ്ങിക്കൊണ്ടവയെ

വായിലൊതുക്കുമ്പോൾ,

എ​ന്റെ മനസ്സിന്നുന്മാദം

എന്തൊരു രസികൻ ശൃംഗാരം!

വിനയം പൊയ്മുഖമായിപ്പോയ്

ഹൃദയമിതാകെ വിഷലിപ്തം

അലിവതു പാടെ മറഞ്ഞപ്പോൾ

അണലിപ്പാമ്പിനു തുല്യൻ

ഞാൻ!

അരിശം തീർക്കാനല്ലല്ലോ

അശരണരെ കൊത്തീടുന്നു.

കത്തും പശിയുടെ തോറ്റത്താൽ

ഹൃത്തിതെരിഞ്ഞു കരിഞ്ഞപ്പോൾ

കട്ടുകുടിച്ചു ഭുജിച്ചൂ ഞാൻ

നിർഭയമന്നു നിവേദ്യങ്ങൾ.

ഋണഭാരത്തിന്നേറ്റത്താൽ

ചടുലതയേറും രാവൊന്നിൽ,

ഇരുളിൽ മറവിലെ തന്ത്രത്തിൽ

അരിയുന്നെ​ന്റെ സതീർഥ്യനെ ഞാൻ.

കേൾക്കുന്നില്ലുപദേശങ്ങൾ

ഓർക്കുന്നില്ലോങ്കര രവം,

എൻ മനമാകെ മുഴങ്ങുന്നു

തിങ്ങും പ്രതികാര ധ്വനികൾ...

കാണുവതെന്തിൻ പരിവേശം,

തോന്നുവതെന്തു പരിപ്രേക്ഷ്യം?

എ​ന്റെ സമാന്തര ചിത്തത്തിൽ

ചതിയുടെ സംക്രമ വൃത്തത്തിൽ,

കെണിയായ് തീർത്തൊരു കുഴിതന്നിൽ

വീഴുവതേതൊരു ഗജവീരൻ,

കൊമ്പുകളീർന്നു മുറിക്കുമ്പോൾ

വമ്പൻ ഞാനോ ഇവനാമോ?

എ​ന്റെ മനസ്സിന്നന്യതയിൽ

സാന്ദ്രതമസ്സിൻ വന്യതയിൽ

ഒരു പുള്ളിപ്പുലി മുരളുന്നു

ഇരയുടെ നേർക്കു കുതിക്കുന്നു,

നഖമാ തനുവിലുടക്കുന്നു

ചുടുനിണമിത്തിരി നുണയുന്നു,

ക്ഷണമേ ദാഹം തീർന്നപ്പോൾ

അകമേ പശിയൊട്ടുണരുന്നു.

ഒരു നാൾ ദാഹം തീർക്കാനായ്

കുടിനീർ തേടിയലയുമ്പോൾ

മനസ്സിൽ മഴയുടെ പുളകങ്ങൾ

ഒഴുകും പുഴയുടെ പുളിനങ്ങൾ.

തൊണ്ട വരണ്ടു കുഴങ്ങുന്നു

മുന്നിൽ വഴികളൊടുങ്ങുന്നു

ഒത്തിരി ദൂരം ചെന്നപ്പോൾ

വറ്റിവരണ്ട ചെളിക്കുണ്ടിൽ

ഇത്തിരി കാഞ്ഞ ജലം മാത്രം!

 

മൃതസഞ്ജീവനിയാം വെള്ളം

സുരയായ് സിരയിൽ പടരാനായ്

കുമ്പിളുകോരാൻ കുനിയുമ്പോൾ

കാണുവതാരുടെ പ്രതിബിംബം?

ചുറ്റിലുമില്ലൊരിളം കാറ്റും

ഒട്ടുമേ ഒച്ചയനക്കങ്ങൾ

മട്ടമിതേ ഗതി തുടരുമ്പോൾ

ഞെട്ടിയറിഞ്ഞൂ പരമാർഥം!

ശിരസ്സിൽ കൊമ്പു മുളയ്ക്കുന്നു

ദംഷ്ട്രകൾ വളരുന്നു വായിൽ,

നഖമോ കൂർത്തവ നീളുമ്പോൾ

നെഞ്ചകം ആമത്തൊലിപോലെ...

(സ്മരണയിലില്ല മനുഷ്യത്വം

വളരുന്നെന്നിൽ മൃഗീയത്വം

വാഴ്ത്തുന്നെന്നെയധീശത്വം

ആർക്കിതിലെന്തു വിധേയത്വം?)

News Summary - Malayalam Poem