നാലാണുങ്ങൾ

1
അവന്റെ കൈകളിൽ
മുറിവുകളുണങ്ങിയ പാടുകളുണ്ടായിരുന്നു
അവയിലൊക്കെയും പാമ്പ് കണക്കെ
ഞരമ്പുകൾ പിണഞ്ഞു കിടന്നിരുന്നെങ്കിലെന്ന്
എനിക്കപ്പോൾ തോന്നി.
അല്ലെങ്കിൽ അങ്ങനെ മോഹിച്ചു.
2
പഴയ കാമുകന്റെ മണവും പേറി
ഒരുത്തൻ ഗോവണി കയറി വന്നു
ഞാനിരിക്കേണ്ടുന്ന ഇരിപ്പിടത്തിൽ
അമർന്നു.
മുറിമുഴുക്കെ പഴയ കാമുകൻ പടർന്നു.
3
സ്നേഹം കിട്ടാതെ വളർന്ന
വലിയ കുപ്പായമിട്ട ആൺകുട്ടി
നിസ്സഹായതയുടെ കൈപിടിച്ച്
വീട്ടുപടിക്കൽ നിൽക്കുന്നു.
അവനിരിക്കാനോ നിൽക്കാനോ
ആ പുര തികയുമായിരുന്നില്ല.
4
മഞ്ഞ എന്നെഴുതി
മരിപ്പ് എന്നെഴുതാനാവാതെ
അവൻ മേശത്തുമ്പിൽ നെറ്റി മുട്ടിക്കുന്നു.
പിൻതലയിൽ അമ്പിളി വട്ടം
അതിലൊരു മുയൽ.
5
വാതിലു ചാരി വിളക്കണച്ച്
കിടക്കാനൊരുങ്ങുന്ന അവളുടെ മുറിയിൽ
മൂന്നാണുങ്ങൾ.
മൂന്നും മൂന്നുപോലെ
മുറിയാകെ നിലാവ് പരക്കുന്നു
അരക്ഷിതാവസ്ഥ വിരിപ്പ് കുടയുന്നു
പാരിജാതംപോലൊരു മണം
വാതിൽ കൊളുത്തിടുന്നു.
6
കൈ നിറയെ വടുക്കളുള്ളൊരുത്തൻ
വാതിലിൽ മുട്ടുന്നു.
ഞരമ്പുകളാകെ പിണഞ്ഞു കിടക്കുന്ന
കൈകൾ വീണ്ടും വീണ്ടും
വാതിലിൽ മുട്ടുന്നു.
