കുളവും കവിയും


കുളം മിണ്ടാതെ കിടന്നു. ചുറ്റുമുള്ള മരങ്ങളോട്, ചെടികളോട് വള്ളികളോട്, കരിയിലകളോട് പാറുന്ന തുമ്പികളോട്, ഊളിയിടുന്ന പൊന്മാനോട് കുറുകെ പറക്കുന്ന കിളികളോട് വീഴുന്ന ഇലകളോട് കരയിലിഴയുന്ന ജീവികളോട്, പാമ്പുകളോട് ആരോ കൊണ്ടുവന്നിട്ട വിത്തുകളിൽനിന്ന് മുളച്ചുവന്ന ആമ്പൽപ്പൂക്കളോട് വല്ലപ്പോഴും അതിലെ നടക്കുമ്പോൾ കൂട്ടുകൂടി കല്ലിട്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ച കുട്ടികളോട് രാത്രിയിൽ സങ്കടമടക്കിപ്പിടിച്ച ആകാശത്തോട് മുഖം നോക്കിയ അമ്പിളിയോട് ഒന്നു ചിരിച്ചുകൂടെ എന്ന് കൺചിമ്മിക്കാണിച്ച നക്ഷത്രങ്ങളോട് കിനാവള്ളികളോട് കരിംപായലുകളോട് അതിനു മിണ്ടാനറിയില്ലായിരുന്നു. ഓർമവെച്ച കാലം...
Your Subscription Supports Independent Journalism
View Plansകുളം മിണ്ടാതെ കിടന്നു.
ചുറ്റുമുള്ള മരങ്ങളോട്, ചെടികളോട്
വള്ളികളോട്, കരിയിലകളോട്
പാറുന്ന തുമ്പികളോട്, ഊളിയിടുന്ന പൊന്മാനോട്
കുറുകെ പറക്കുന്ന കിളികളോട്
വീഴുന്ന ഇലകളോട്
കരയിലിഴയുന്ന ജീവികളോട്, പാമ്പുകളോട്
ആരോ കൊണ്ടുവന്നിട്ട വിത്തുകളിൽനിന്ന്
മുളച്ചുവന്ന ആമ്പൽപ്പൂക്കളോട്
വല്ലപ്പോഴും അതിലെ നടക്കുമ്പോൾ കൂട്ടുകൂടി കല്ലിട്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ച കുട്ടികളോട്
രാത്രിയിൽ സങ്കടമടക്കിപ്പിടിച്ച ആകാശത്തോട്
മുഖം നോക്കിയ അമ്പിളിയോട്
ഒന്നു ചിരിച്ചുകൂടെ എന്ന് കൺചിമ്മിക്കാണിച്ച
നക്ഷത്രങ്ങളോട്
കിനാവള്ളികളോട്
കരിംപായലുകളോട്
അതിനു മിണ്ടാനറിയില്ലായിരുന്നു.
ഓർമവെച്ച കാലം മുതലേ അതങ്ങനെയായിരുന്നു.
ഒടുവിൽ ലോകം മുഴുവൻ വരണ്ടുണങ്ങിക്കിടന്ന
ഒരു വേനൽക്കാല നട്ടുച്ചയ്ക്ക്
ഒരു കവി അതിലേ വന്നു
ഓരോ വാക്കെഴുതുംതോറും ഇല്ലാതായ ഒരാൾ
പ്രാണൻ പകുത്ത് എഴുതിയ ഒരാൾ
വാക്കുകളിൽ വെന്തുനീറിയ ഒരാൾ
ഓരോ കവിതയാലും ഹൃദയത്തിലേക്കു തുറക്കുന്ന ആഴമേറിയ കിടങ്ങിലേക്ക്
എടുത്തെറിയപ്പെടുന്ന ഒരാൾ
കവിത ഭക്ഷണവും വായുവുമാക്കിയ ആൾ
കുളം അമ്പരന്നു നിന്നുപോയി
തന്നേക്കാൾ ഏകാകിയായ ഒരാളെ
അതാദ്യമായി കണ്ടു
അന്നാദ്യമായി അതിന്റെ വെള്ളം മേലോട്ടുയർന്നു
അതിന്റെ തണുപ്പിൽ, വന്യമായ
ആശ്ലേഷത്തിൽ മുഗ്ധനായി
കവി താഴോട്ടിറങ്ങി
കുളമൊരു കവിതയായി.