നദിയാണ് പ്രായം

രണ്ട് കാലങ്ങൾക്കിടയിൽ അപരിചിതമായി ഒഴുകുന്ന നദിയാണ് പ്രായം ഒരു വശത്ത് മാത്രം എക്കൽ ബാക്കിയാക്കി മറുവശം കുത്തൊഴുക്കിൽ അപഹരിച്ച് പാഞ്ഞ നദിയാണ് പ്രായം മെലിയുമ്പോൾ ഹൃദയം തുറന്നും നിറയുമ്പോൾ ചുഴിയും മലരും ഉള്ളിലൊളിപ്പിച്ചും അപരിചിത നാഗരികതകളിലൂടെയെല്ലാം പരന്നൊഴുകിയ നദിയാണ് പ്രായം ചിലപ്പോഴെല്ലാം ഒരു നിമിഷം തടഞ്ഞ് നിൽക്കാതെ ഓരോ ജലകണത്തിലും പുതുമ നിറച്ച് കുതറി പാഞ്ഞിരുന്ന നദിയാണ് പ്രായം പലപ്പോഴും കണക്കില്ലാതെ കെട്ടിക്കിടന്ന് പുറമെ ശാന്തമെന്ന് ഭാവിച്ച് ഉള്ളിലെ കള്ളച്ചുഴികൾ പ്രതിഫലിപ്പിക്കാതെ നില തെറ്റിച്ച നദിയാണ് പ്രായം തടകെട്ടി...
Your Subscription Supports Independent Journalism
View Plansരണ്ട് കാലങ്ങൾക്കിടയിൽ
അപരിചിതമായി ഒഴുകുന്ന
നദിയാണ് പ്രായം
ഒരു വശത്ത് മാത്രം
എക്കൽ ബാക്കിയാക്കി
മറുവശം കുത്തൊഴുക്കിൽ
അപഹരിച്ച് പാഞ്ഞ
നദിയാണ് പ്രായം
മെലിയുമ്പോൾ
ഹൃദയം തുറന്നും
നിറയുമ്പോൾ
ചുഴിയും മലരും ഉള്ളിലൊളിപ്പിച്ചും
അപരിചിത നാഗരികതകളിലൂടെയെല്ലാം
പരന്നൊഴുകിയ നദിയാണ് പ്രായം
ചിലപ്പോഴെല്ലാം
ഒരു നിമിഷം തടഞ്ഞ് നിൽക്കാതെ
ഓരോ ജലകണത്തിലും പുതുമ നിറച്ച്
കുതറി പാഞ്ഞിരുന്ന
നദിയാണ് പ്രായം
പലപ്പോഴും
കണക്കില്ലാതെ കെട്ടിക്കിടന്ന്
പുറമെ ശാന്തമെന്ന് ഭാവിച്ച്
ഉള്ളിലെ കള്ളച്ചുഴികൾ പ്രതിഫലിപ്പിക്കാതെ
നില തെറ്റിച്ച
നദിയാണ് പ്രായം
തടകെട്ടി നിർത്തിയിട്ടും
ഉള്ളൊഴുക്കിന്റെ തള്ളലിൽ
ഗതിവീണ്ടെടുത്ത
നദിയാണ് പ്രായം
ഇരുകരയിലും
ഓരോ ഗതിവേഗങ്ങളിൽ
താളവും രൗദ്രതയും തീർത്ത
നദിയാണ് പ്രായം
ഇനി കടലിലേയ്ക്കാണ്
ഒഴുകിയെത്തുന്നത്
ഒഴുക്കിന്റെ അടയാളങ്ങളെല്ലാം
പിന്നിലുപേക്ഷിച്ച്
ആ നിമിഷം പ്രായം
നദിയല്ലാതായി മാറുന്നു.
