പോർക്കുപ്പേരി

അപ്പന്റെ ഞായറാഴ്ചകളൊക്കെ
അമ്മച്ചി പോർക്കുപ്പേരിയിലിട്ട്
വരട്ടിക്കളഞ്ഞതാണെന്നോർ-
ക്കുമ്പളെന്റപ്പനേ..!
എന്നാലുമപ്പന്
പിണക്കമതൊട്ടുമേയില്ല
ഉള്ളതപ്പിടി
വറുത്ത തേങ്ങാകൊത്ത്
ചൊവക്കുന്ന ഉമ്മ മണമാണ്
പള്ളിവിട്ട ഞായറാഴ്ചോളിൽ
പ്ലാശ്ശേരിക്കാരാണോള് മുഴുക്കൻ
വാറ്റടിച്ച് കൊഴിയുമ്പോ,
അപ്പൻ ചണച്ചാക്കേലിട്ട്
കൂർക്ക തല്ലും
പൊക്കികുത്തിയ കച്ചമുറി
കൂട്ടിപിടിച്ചമ്മച്ചി
പോർക്കിന്റെ വെള്ളമൂറ്റി
വാലവെക്കും
അപ്പഴേക്കുമപ്പൻ
അരപ്പിന് ചരുകും
സവാളയരിഞ്ഞ് ചുവന്ന
കണ്ണുകളിൽ
കടൽ പിറക്കുമ്പോളമ്മച്ചിയെ
ചുറ്റിപിടിച്ച് കണ്ണിലുമ്മവെച്ച്
തിരയടക്കുമപ്പൻ
പ്രണയസാഗരം
പിറക്കുന്നതങ്ങനെയെന്ന്
ഇടംകണ്ണിട്ട് ഞാൻ കണ്ടുവെക്കും.
നാണംകൊണ്ടമ്മച്ചി
പാത്യേംപുറത്തടുപ്പിലൂതി
വീണ്ടും കണ്ണു നിറക്കും
അപ്പനെന്നെ കുരുമുളക്
നുള്ളാൻ വിട്ടേച്ച്
അടുപ്പേലൂതി,
അമ്മച്ചിയേംമൂതി
തീയാളിക്കും
വിയർത്ത് വിയർത്ത്
അപ്പനൊരു മരപെയ്ത്താകും
നനഞ്ഞ് നനഞ്ഞ്
അമ്മച്ചി അടുക്കളയിലാകെ
ഒഴുകി പരക്കും
ഉള്ളി മൂപ്പിച്ചരപ്പിന്റെ
മണം മൂക്കേതൊടുമ്പോളപ്പൻ
വാറ്റടിച്ച ആണുങ്ങളേക്കാൾ
ഉന്മത്തപ്പെട്ടു പോകും
എറച്ചി വെള്ളത്തീ വെന്ത
കൂർക്കേം ചേർത്തമ്മച്ചി
പാതി പകലിനേം ചട്ടീലിട്ട് വെരുകും
അസൂയ മൂത്ത
അയലത്തെ ചേടത്ത്യാരെപോൽ
വിശപ്പ് വന്ന് പള്ളേൽ കുത്തുമ്പളപ്പൻ
നട്ടുച്ചയോളം പോന്ന
തേങ്ങാകൊത്തുകളറുത്ത്
വറുത്തെടുക്കും
വറുത്ത തേങ്ങാകൊത്ത്
മണക്കുന്ന ഉമ്മകൾകൊണ്ടമ്മച്ചി
തീയണക്കും,
മിച്ചം വന്നത് വിതറിയപ്പൻ
പോർക്കുപ്പേരി വാങ്ങിവെക്കും
വാറ്റടിച്ച് കൊഴിഞ്ഞ
ആണുങ്ങളൊക്കെയുമെണീറ്റ്
പെണ്ണുങ്ങടെ കൂമ്പിനിട്ടിടിക്കുമ്പൊ,
അപ്പന്റെ
ഞായറാഴ്ചകളൊക്കെയുമമ്മച്ചി
പോർക്കുപ്പേരിയിലിട്ട്
വരട്ടി കളഞ്ഞതാണെന്നോർ-
ക്കുമ്പളെന്റപ്പനേ..!
