Begin typing your search above and press return to search.
ഇനിയും നിവരാത്ത (വാലുകൾ) വളവുകൾ
Posted On date_range 4 Feb 2024 11:08 AM IST
Updated On date_range 4 Feb 2024 11:08 AM IST

നക്ഷത്രങ്ങൾ
ചിരിക്കുന്ന രാത്രിയിൽ
കാടിന്റെ കഥപറയാനൊരുവൻ
എളിയിൽ ഒരുകുപ്പി ക്കാട്ടുതേനുമായി
ചുരമിറങ്ങി!
ഒന്നാംവളവിറങ്ങുമ്പോൾ
ശ്വാസം നുണയുന്ന
ഒന്നരവയസ്സുകാരന്റെ
‘‘അപ്പാ...’’
എന്ന വിളിയിൽ കുടുങ്ങി!
രണ്ടാം വളവിന്റെയോരത്ത്
കാട്ടാന ചവിട്ടിക്കൊന്ന വെല്ല്യപ്പന്റെ
കിതപ്പിൽ തട്ടിത്തടഞ്ഞു!
മൂന്നും നാലും വളവുകളിൽ
കുളിരണിയാൻ കുറുകുന്നവരുടെ
ചില്ലയിൽപ്പെട്ട് വിയർത്തു!
അഞ്ചും ആറും വളവുകളിൽ
ബദൽപ്പാതയ്ക്ക്
അളവെടുക്കുന്നവർക്ക് തേൻ വിളമ്പി
‘പുതുവത്സരം’ ആഘോഷിച്ചു!
കെട്ടുവിട്ടിട്ടും ആരവം നിലച്ചിട്ടും
വളവുകളിനിയും ബാക്കിയാണെന്ന്
അറിഞ്ഞപ്പോളാണവനോർത്തത് ,
നാളത്തെ വാർത്തയ്ക്കവർക്ക് വിളമ്പാൻ,
ഇന്നത്തെ കടുവയ്ക്കിരയാകണമല്ലോയെന്ന്!
