Begin typing your search above and press return to search.
proflie-avatar
Login

അവസ്ഥാന്തരങ്ങൾ

അവസ്ഥാന്തരങ്ങൾ
cancel

ഇടയ്ക്കൊന്നു നോക്കൂ, മഴപ്പാറ്റ പാറുംതനിച്ചുള്ള വീട്ടിന്നകത്തെത്തണുപ്പിൽ തിളങ്ങുന്ന രാത്രി തന്നാലിംഗനത്തിൽ- ത്തളർന്നുറങ്ങുന്നൊരു ജീവന്റെ ബിന്ദു! ഇരുൾക്കാറ്റു ചൂളം മുഴക്കിത്തിമിർക്കെ, കനക്കുന്ന മാനം മുഖം കോട്ടിനിൽക്കെ, മരം കീറി മിന്നൽച്ചുരുൾ ബാക്കിവെക്കും- ഇളം മഞ്ഞ വെട്ടം തെളിഞ്ഞും മറഞ്ഞും; മരപ്പൊത്തിനുള്ളിലേക്കൂർന്നിറങ്ങീടും, കരിമ്പാമ്പ് പിന്നിൽക്കുരുക്കും നടുക്കം. വിരൽ വണ്ണമൊപ്പം ഇഴഞ്ഞോരിരുട്ടിൻ- നഖങ്ങൾ വരയ്ക്കും ഉടൽക്കയറ്റങ്ങൾ; ഉറക്കത്തിനുള്ളിൽക്കുതിച്ചും കിതച്ചും വിയർപ്പിൻ സമുദ്രം തിരക്കൈ വിടർത്തി- പ്പൊതിഞ്ഞും വലിച്ചങ്ങെറിഞ്ഞും, ക്ഷതങ്ങൾ- പടർന്നും,...

Your Subscription Supports Independent Journalism

View Plans

ഇടയ്ക്കൊന്നു നോക്കൂ, മഴപ്പാറ്റ പാറും

തനിച്ചുള്ള വീട്ടിന്നകത്തെത്തണുപ്പിൽ

തിളങ്ങുന്ന രാത്രി തന്നാലിംഗനത്തിൽ-

ത്തളർന്നുറങ്ങുന്നൊരു ജീവന്റെ ബിന്ദു!

ഇരുൾക്കാറ്റു ചൂളം മുഴക്കിത്തിമിർക്കെ,

കനക്കുന്ന മാനം മുഖം കോട്ടിനിൽക്കെ,

മരം കീറി മിന്നൽച്ചുരുൾ ബാക്കിവെക്കും-

ഇളം മഞ്ഞ വെട്ടം തെളിഞ്ഞും മറഞ്ഞും;

മരപ്പൊത്തിനുള്ളിലേക്കൂർന്നിറങ്ങീടും,

കരിമ്പാമ്പ് പിന്നിൽക്കുരുക്കും നടുക്കം.

വിരൽ വണ്ണമൊപ്പം ഇഴഞ്ഞോരിരുട്ടിൻ-

നഖങ്ങൾ വരയ്ക്കും ഉടൽക്കയറ്റങ്ങൾ;

ഉറക്കത്തിനുള്ളിൽക്കുതിച്ചും കിതച്ചും

വിയർപ്പിൻ സമുദ്രം തിരക്കൈ വിടർത്തി-

പ്പൊതിഞ്ഞും വലിച്ചങ്ങെറിഞ്ഞും, ക്ഷതങ്ങൾ-

പടർന്നും, നിഗൂഢം പതുക്കെപ്പിണഞ്ഞും,

ഉറക്കത്തിലാരോ തെളിക്കും പടർപ്പും-

ഇരുൾപ്പച്ച വിങ്ങിക്കനക്കുന്ന കാടും;

തിരിഞ്ഞൊന്നു നോക്കൂ, ചിറകറ്റു വീഴും-

മഴപ്പാറ്റകൾ നേർത്തു മായുന്ന നേരം

ഉറക്കം മുറിഞ്ഞും, തെളിഞ്ഞും, മറഞ്ഞും,

കിടക്കുന്ന പെണ്ണിന്റെ നീലിച്ച ചുണ്ടിൽ

പരക്കുന്നു ഞാറപ്പഴത്തിന്റെ ഗന്ധം

കാലാതിവർത്തിയാം കാടിൻ സുഗന്ധം!

News Summary - madhyamam weekly poems