Begin typing your search above and press return to search.
proflie-avatar
Login

അനസ്തേഷ്യ

അനസ്തേഷ്യ
cancel

പോകെപ്പോകെ മുഖം

ഒരു കിളിയേപ്പോലെ

കൂർത്തുവന്നു.

ഉടൽചുളുങ്ങിയ

തൊലിയിൽ

കൈ ഉരയുമ്പോൾ

ഇരണ്ടകളുടെ

ഇരമ്പംകേട്ടു.

വേദന

ഇറച്ചിവെട്ടുകാരനെപ്പോലെ

കണ്ണു മയങ്ങുന്ന

നേരം നോക്കി നിന്നു.

തീരുമാനിച്ചുെവച്ചതിെന്റ

രണ്ട് ദിവസം മുമ്പ്

മുഷിഞ്ഞ വെള്ളയിട്ട

ഒരാൾ വന്നു.

പച്ച ബഡ്ഷീറ്റിന് മറച്ച

പൊടിപിടിച്ച

ഹാളിന്റെ മൂലക്ക്

കൊണ്ട് വന്നു.

ഒടിഞ്ഞ കസേരകൾക്ക്

നടുവിൽ തുരുമ്പിച്ച കട്ടിലിൽ

ഉരിഞ്ഞ് മാറ്റിയ തുണിക്ക്

വലതു വശത്ത് കിടത്തി

ആദ്യം മുഖവും

പിന്നെ

വാടിയ മാംസപുറ്റും

വകഞ്ഞും മറിച്ചിട്ടും ചെരച്ച്

വൃത്തിയാക്കുമ്പോൾ

തുളക്കും പൗഡർമണത്തിൽ

മുഷിഞ്ഞ തമാശ.

വാർഡിൽ മരണം

പലതരം ബഡ്ഷീറ്റുകളാൽ

മൂടി ഉരുട്ടുവണ്ടിയുടെ തട്ടിൽ

അവ വളവ് തിരിഞ്ഞ് മറഞ്ഞു

കിടക്കകൾതോറും

ജീവൻ പോയതിന്റെ ചുളിവ്.

അതിന്റെ ശ്രദ്ധ വിടാനായ്

നിവർന്ന ഹാളിൽ

രോഗികൾ ചിരിച്ച്

ഉറക്കെ കഥ പറഞ്ഞും

കാലാട്ടിയുമിരുന്നു.

ഞാൻ വിഹായസ്സിൽ

ഫാനുകൾക്കിടയിൽ

കിടക്കകളുടെ തൂങ്ങിയാടുന്ന

സ്ട്രപ്പീസുകൾ

മനസ്സിൽ വിചാരിച്ചു.

* * * *

പിറ്റേന്ന്

മറ്റൊരാൾ വന്നു

അതേ വെളുത്ത യൂനിഫോമിട്ട്

കവറിൽനിന്ന്

മയമില്ലാത്ത ഒരു കുഴലിൽ

വഴുക്കുന്ന ദ്രാവകം തൂത്ത്

മൂക്കിലൂടെ

തിരുകിക്കയറ്റി

അത് കൊടലിൽകൊണ്ട്

എരിഞ്ഞതറിഞ്ഞു.

വെരുകിനേപ്പോലെ നടന്നു

രാത്രിജനാലകൾ

ആശ്വാസത്തിന്റെ

കാറ്റ് വാരികളായി.

* * * *

ഉരുട്ടു വണ്ടി വന്നു

സുഹൃത്തുക്കളും വീട്ടുകാരും

തലക്ക് ചുറ്റിനും

വേലിപോലെ നിന്നു

പിന്നിലേക്ക് നീങ്ങി.

ദുരൂഹതകൾക്ക് മേൽ

നാലാം നിലയിൽ

ഇരുമ്പുപകരണങ്ങൾ

കൂട്ടിയിട്ട മുറിയുടെ

വാതിൽ തുറന്നു.

വണ്ടി ഉന്തുന്നവർ

ദയാവായ്പുകളോടെ തലക്ക്

പിന്നിലൂടെ കുനിഞ്ഞു

യഥാർഥ വാതിലും തുറന്നു

മുതിർന്നവരേപ്പോലെ

മിഴിച്ച് നോക്കുന്ന

ലൈറ്റിന് താഴെ

ഒരേപോലെ തോന്നുന്ന

മാസ്ക് ധരിച്ചവർ

നോക്കിനിൽക്കെ

കിടക്കയിലേക്ക് പകർന്നു.

മുട്ടിനിടയിലേക്ക്

തലവരും പാകത്തിന്

ചുരുട്ടിപ്പിടിച്ചു.

നട്ടെല്ലിന് പിന്നിൽ

പച്ചിരുമ്പിന്റെ തിളച്ച ലാടം

തറഞ്ഞു വേദന ആളുമാറി

മാട് അതിന്റെ കഠിനകാലം

ഓർക്കുംപോലെ മിഴിച്ച് കിടന്നു.

അവർ എണ്ണാൻ

പറഞ്ഞു, നൂറുവരെ എണ്ണി

ഒന്നുകൂടി വളച്ചു കിടത്തി

ഇടുപ്പിന് പിന്നിൽ

വേദനയുടെ മറ്റൊരു

വിളക്ക് കത്തിച്ചു.

ഒന്ന്... രണ്ട്... മൂന്ന്...

l

Show More expand_more
News Summary - madhyamam weekly poem