Begin typing your search above and press return to search.
proflie-avatar
Login

പാലുവം പെണ്ണ്​

പാലുവം പെണ്ണ്​
cancel

മധ്യകേരളത്തിലെ കീഴാളരുടെ ഫോക്​ലോറിലെ ഒരു വീരകഥനമാണ് ചെങ്ങന്നൂരാതിയുടെ പാട്ട്കഥ. വീരകഥനമായിരിക്കുമ്പോൾ തന്നെ അതൊരു ദുരന്തകഥകൂടിയാണ്. കരിയാത്തൻ എന്ന മഹാ അഭ്യാസി പുള്ളി​ന്‍റെ രൂപത്തിലെത്തി ബാലനായിരുന്ന ചെങ്ങന്നൂരാതിയെ കളരിമുറകളും മറ്റ് അഭ്യാസങ്ങളും പഠിപ്പിക്കുകയും തുടർന്ന് അക്കാലത്തെ പ്രശസ്​തങ്ങളായ 18 കളരികളിൽ പോയി ത​ന്‍റെ വൈദഗ്​ധ്യം പ്രകടിപ്പിക്കാൻ അനുവാദംകൊടുക്കുകയും ചെയ്തു. പക്ഷേ, ഒരുകാരണവശാലും പത്തൊൻപതാമത്തെ കളരിയിൽ പോകരുതെന്ന ഗുരുവി​ന്‍റെ ആജ്ഞയെ ധിക്കരിക്കുന്ന ചെങ്ങന്നൂരാതി അവിടെ എത്തി മരണംവരിക്കുന്നതാണ് ചെങ്ങന്നൂരാതിപാട്ടി​ന്‍റെ ഉള്ളടക്കം. പുരുഷകഥാഖ്യാനത്തിൽ വികസിക്കുന്ന പാട്ടിൽ ചെങ്ങന്നൂരാതിയെ മറികടക്കുന്ന നായികയാണ് അയാളുടെ രണ്ടാം ഭാര്യയായിരുന്ന പാലുവം പെണ്ണ്. കല്യാണശേഷം വീട്ടിലേക്കുള്ള മടക്കയാത്രയിൽ വേർപിരിഞ്ഞ് ഒരു വർഷത്തോളം ദുരിതമനുഭവിച്ച് അലഞ്ഞുനടന്നു. പിന്നീടങ്ങോട്ട് അവ​ന്‍റെ വീരമരണംവരെ കൂട്ടിനുണ്ടായിരുന്നു. ആയോധനവിദ്യ പഠിച്ച ധൈര്യശാലിയായിരുന്നു പാലുവം പെണ്ണ്. ചെങ്ങന്നൂരാതിയുടെ പെണ്ണായിപ്പോയതുകൊണ്ട് അനേകം ദുരന്തങ്ങൾ നേരിടേണ്ടിവരുന്ന പാലുവം പെണ്ണ് പക്ഷേ ത​ന്‍റെ മാല​ന്‍റെ മരണത്തിന് കാരണമായതും അവന് കീഴടക്കാൻ സാധിക്കാതെപോയതുമായ വില്ലുവൻ കളരിയിൽ അവളുടെ വീരം തെളിയിക്കുന്നു. ആണാഖ്യാനങ്ങളിൽ നഷ്​ടമായിപ്പോയ പാലുവം പെണ്ണെന്ന വീരനായികയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ വലിയ കവിത.


1. ആയം

വെമ്പാലയച്ച​ന്‍റെ മകളുടെ കെട്ടു ദിവസമടുത്തു

എണങ്ങർക്ക് (1) ഉപചാരം കൊടുക്കാൻ

ഞാനും മാലനും പോയി.

പാണ്ടിമേളവും പയറ്റും മരുന്നും

കള്ളും കളരിക്കാരും തിമിർത്ത്

ഓശാരം(2) കൊടുത്ത് ഉൗണുകഴിച്ചു പിരിഞ്ഞു

ചേർപ്പുങ്കൽക്കാര് പെണ്ണുംകൊണ്ട് പോയി.

അവരാണുങ്ങൾ ഇരുപത്തിയൊന്നാതിമാർ

എട്ടച്ചനെടന്നമ്പി, നാലച്ചൻ നാലാശാൻമാർ.

വില്ലുവനച്ചനും ശിഷ്യരും നെരണത്തൂരച്ചനും ശിഷ്യരും

പിതൃക്കൾക്ക് ​െവച്ച് തെറിപ്പിച്ച് ചാറ്റിയും പാടിയും

രാവ് കുടിച്ചു വെളിപ്പിച്ചു.

വന്നെണങ്ങരോട് എളിമയോടെ നിന്ന

മാല​ന്‍റെ പദവി അവർക്കൊട്ടും ദഹിച്ചില്ല.

കള്ളുമ്പോറത്തവർ അതുമിതും പറഞ്ഞ് വെലങ്ങി(3)

എതിരിട്ടവരുടെ കണക്കുതല്ലിത്തകർത്തവൻ

കളരിയും കോട്ടയും എണ്ണി വിരലൊടിച്ചു.

പുലിമോകനച്ചൻ, എരമല്ലൂക്കണ്ട,

പാലുവംകോയി, കുന്നുവനച്ചൻ,

പാണ്ടിത്തരകനുമിട്ടിക്കണ്ടയും,

മങ്കൊമ്പിൽ മാലൻ, അതിരമ്പുഴയച്ചൻ...

വില്ലുവനച്ച​ന്‍റെ നെറ്റിഞ്ഞരമ്പിൽ

പാമ്പ് തിണർത്തപ്പോൾ

ശിഷ്യര് ചെറഞ്ഞു - നീ ആണെങ്കിൽ

വില്ലുവം കളരികയറ്

പത്തൊൻപതി​ന്‍റെ വിങ്ങലിൽ ചെങ്ങന്നൂക്കുഞ്ഞത്

നെഞ്ചേറ്റതല്ലാതെ കമാന്നുരിയാടാതെ മടങ്ങി.

ഉറക്കംകെടുത്തിയ ഞരക്കങ്ങളിലവൻ

പക്കവും പറമ്പും പണിതു,

കൊടുക്കവാങ്ങലു നടത്തി

നിലമൊരുക്കി വിത്തിട്ടു.

പഠിച്ചതും മറഞ്ഞതും, കൊണ്ടതും കൊടുത്തതും

വിളക്കില്ലാതെയും കണ്ണുകെട്ടിയും

വേഗംകൂട്ടിയും കുറച്ചും പയറ്റിത്തെളിച്ചു.

2. കുതിച്ച പോക്ക്, പതിച്ച ചാവ്

എരിച്ച ചാവും കുതിച്ച ചോരേം തെറിച്ച തലയും

മാലനുവേണ്ടി മാത്രമോ എന്ന് തികട്ടി

വേനലും വിഷുവും വന്നു, കൊല്ലമൊന്നു തികഞ്ഞു.

ഒരു വെളുപ്പിന് തീരുമാനിച്ചുറച്ച് വന്നവൻ

കുളിച്ച് വന്ന് താക്കോലും തന്ന് പൂണാരം(4) കെട്ടി-

ത്തോളിലിട്ട് പുറകോട്ടിറങ്ങി മുന്നാട്ടു പോയി.

നേരം പെലന്നപ്പോ ആധി പൂതി മൂത്ത ഞാനുമിറങ്ങി.

3. കളം

വില്ലുവനച്ചൻ, കളമറിഞ്ഞവൻ കാത്തുനിന്ന് വരവേറ്റു.

മാല​ന്‍റെ ആയവും പൊയവും

ചെവിടും കുതിയും കുതിപ്പും കണ്ട്

മതിമറക്കുന്നതിനിടയിൽ അവ​ന്‍റെ ചങ്കിൽ ഒളികണ്ണിട്ടു, എ​ന്‍റെ ചങ്കു കഴച്ചു.

ആർപ്പും മേളവും മാലയും പാട്ടും കഴിഞ്ഞപ്പോൾ

എല്ലാ കണ്ണും അവനിലായി.

തളച്ചിട്ട കളരിയിൽ ശിഷ്യർ

കൊമ്പ് വിളിച്ചു ചെടി(5) അടിച്ചു.

കമ്പടി, വടിയടി, പരിചമുട്ട് കളിക്കാർ നിലത്ത് തെറിച്ചു,

കൊരവയിൽ കുരുത്തോല പറന്നു.

ആളെറങ്ങി അകലെ നാട്ടിയ മരത്തിൽ

കാറ്റുപോലെ പറന്നുനിന്ന ശിഷ്യരുടെ

ചുരിക തുടരെത്തുടരെത്തറച്ചു.

മാല​ന്‍റെ ഉൗഴത്തിലവൻ പരിചയും ചുരികയുമെടുത്ത് കണ്ണടച്ച്

ഞാൻ ചെങ്ങന്നൂരൊറ്റക്കളരിയിൽ ഒറ്റക്കളിക്കാരൻ

എൻറാശാൻ കരിയാപണിക്കനെന്നു പറഞ്ഞ് നിവർന്നു.

പത്തൊമ്പതിൽ തെറ്റിയതെന്തോ പറഞ്ഞതും

ചുരികക്ക് കുത്തിപ്പരിചയാൽ ലാകി(6) തെറ്റിപ്പകത്തിടറി.

വകവെക്കാതെ മനസ്സെളച്ച്

പതിറ്റാൾ കെളരത്തിൽകുതിച്ച്

പറന്നുനിന്ന് ചുരികയെറിഞ്ഞു.

വേഗം ഒരു കാറ്റാടിപോലെ മൂളിയിട്ടും

കമ്പിൽത്തറക്കാതെ തെറിച്ച് ചിലമ്പി.

മാനംപോയ് പറക്കം തെറ്റിയവൻ

മാറടച്ച്7 വീണ് ജീവൻ കളഞ്ഞു.

വില്ലുവൻ കളരി നടുക്കത്തോടെ മൂളി

അച്ച​ന്‍റെ ആശങ്കയകറ്റി.

ആകാശത്തൊരു പുള്ള് നിഴലായി തെളിഞ്ഞു

നിഴൽ മാല​ന്‍റെ ദേഹത്ത്

നെടുകയും കുറുകയും പാഞ്ഞു.

അനുസരണക്കേടി​ന്‍റെ ഫലം, വിധി എന്നുനിനച്ച

നിഴൽ കരിയാവുദേശം നോക്കിപ്പറന്നു.

4. കേമി

മാല​ന്‍റെ ചോരക്കൊപ്പം എ​ന്‍റെ കണ്ണുനീരുറഞ്ഞു,

അവ​ന്‍റെ പിഴ ഞാൻ വീട്ടുമെന്ന

വൺമം(8)അടക്കമായി പറഞ്ഞു.

താറുപാച്ചി(9) മുടികെട്ടി, അരകെട്ടി, ശ്വാസം പിടിച്ച്

പരിച വീശിപ്പറന്ന് ഏഴു ചുരികയെറിഞ്ഞു.

ഏഴുതറച്ചിലിൽ ഉണങ്ങിയകാശാവ് ചൊവട്ടടിതേടി.

വില്ലുവനച്ച​ന്‍റെ കാഴ്ച മങ്ങി

ശിഷ്യർ വാപൊത്തി

പെണ്ണുങ്ങൾ തിരിഞ്ഞോടി

മാല​ന്‍റെ ദേഹം വീട്ടിലെത്തണം

എന്നാജ്ഞക്കൊത്ത് മരവണ്ടിവന്നു

ചെങ്ങന്നൂക്കുഞ്ഞിനെ തുടച്ച് പൊതിഞ്ഞ് വണ്ടിയേറ്റി

മടിയിൽ കൊലമീശയും അഴിയാത്തലപ്പാവുമായി

അവനെന്നെ നോക്കിക്കിടന്നു.

അടുക്കടുക്കായി തിങ്ങിനിറഞ്ഞോർമ, മഴയിൽ

വണ്ടി ചെങ്ങന്നൂ പുരമുറ്റമെത്തി.

5. അടക്ക്

കണ്ണാക്ക് (10)കാരിട്ടപന്തലിൽ

ദേശമൊട്ടുക്ക് കരഞ്ഞിളകിയെത്തിയപ്പോൾ

ആറടിയിലയിൽ അവൻ നീണ്ടുനിവർന്നു കിടന്നു

ഞാൻ തലക്കലും കുന്നുവം പെണ്ണ് കാക്കലുംനിന്ന്

അരിയും പൂവും വായ്ക്കരിയിട്ടു,

കർമിയും മൂത്തോരും കുഴിയിലേക്കെടുത്തു.

കത്തിയവെളക്കിനിപ്പുറം അന്തിചാറിയ മഴയത്ത്

കൂട്ടക്കരച്ചിലിനു നടുവിൽ നാലാണുങ്ങൾ

എണച്ചുകെട്ടിയ വഴുകയിൽതാങ്ങി കുഴിയിൽ ​െവച്ചു,

മണ്ണിട്ടു പൊതച്ചു, പൊറ്റവെച്ച് കരിക്കുവെട്ടി

ഏഴി​ന്‍റെയന്ന് കേടും കേവാലവും(11) തീർത്തു.

6. കെട്ട്

ഉച്ചതിരിഞ്ഞൊരുനാൾ, ഒരാൾ ഇളവെയിലിൽ

ഈറ്റക്കാടും നെൽപ്പാടവും കടന്ന് കയ്യാലയിറങ്ങി

വേലിപ്പക്കിൽ വന്നുനിന്നു.

വള്ളിപോലെ മെലിഞ്ഞവനെങ്കിലും

കരുത്തൻ കറുമ്പൻ

മേമുണ്ട്, കടുക്കൻ, തലേക്കെട്ട്, വെള്ളിച്ചൂരലും

പൂണാരവും

ഇത്പാലുവനച്ച​ന്‍റെ വീടെന്ന്

അവനു സമ്മതം പോരാഞ്ഞ്

വാരീറയും പൊളിയും കാട്ടീട്ട് പോരാഞ്ഞ്

ചേപ്പയും(12) കോർമ്പലും കാട്ടീട്ടും തീരാതെ

തൂങ്ങിയ ആമ്പൽവേരുപോലെ

ഇറുക്കാത്തൊരു പെറ്റിമുറം(13)

ഇരുകൈകളിൽ വെളക്കുപോലെ കാണിച്ചു

അതുകണ്ട് അവൻ തലയാട്ടി ചിരിച്ചു.

അകത്ത് പായയിലിരുത്തി ആചാരംകൊണ്ടു

അപ്പനോടെന്ന പെണ്ണു ചോദിച്ചു

കാണം പണ(14)മെണ്ണി​െവച്ചു.

പിറ്റേന്നുച്ചക്ക് പുടവതന്ന് അപ്പനമ്മ കാലുതൊട്ട്

വിളക്കുവണങ്ങിയിറങ്ങി.

7. പൊറവഴികൾ, പൊന്തിമുഴക്കങ്ങൾ(15)

അപ്പൻ വെലക്കിയ പൊറവഴിയിടവഴി

നെടുവഴിയെല്ലാം നടന്ന് നടന്ന് മടുത്തപ്പോൾ

മാലൻ നല്ലപ്പ(16)മൊന്നു പാടാൻ പറഞ്ഞു.

ആണിരിക്കെ പാടാമോയെന്നു നിനച്ചൊടുവിൽ

കൈവളതട്ടി താളം ചവിട്ടി പാട്ടൊന്നു പാടി

പാട്ടിനൊപ്പം വീശിയ കാറ്റിൽ വിയർപ്പാറി

പാദമറിയാതെ ഒരു ദേശം മറുദേശമെത്തി.

വഴിക്കെല്ലാം തണലിളച്ച്

പെറ്റിട്ടകാലം മുതൽ തങ്ങളിൽ തങ്ങളറിഞ്ഞു

ക്ഷീണമിളയ്ക്കാൻ നാലും കൂടും

കവലയിൽ തണലിലിരുന്നു

അകലെയെവിടെയോ പൊന്തിമുഴക്കം കേട്ടു.

പിടീന്ന് നാലുവഴീക്കൂന്ന് വടിക്കാരുവന്ന്

മടിയിൽ തലയിളച്ച മാലനെ പിടിച്ചു

കുന്നുവൻ കളരിയിലെത്തിച്ചു.

അറിവില്ലാക്കാലത്തെന്നെ കെട്ടിയൻ കുന്നുവനച്ചൻ, കളരിക്കാശാൻ

വാക്കേറ്റവും വടിയേറ്റവുമുണ്ടായി

പുതുമോടിയിൽ കലി പുരണ്ടതുകാണാനാകാതെ ഞാൻ കണ്ണുപൂട്ടി.

ഒരൊറ്റ അലർച്ചയും കുന്നുവനച്ച​ന്‍റെ

ചോരതെറിച്ചതും

കാണാതെ കണ്ട് മാലനെനോക്കാതെ

അവിടുന്നു കാലു പായിച്ചു.

8. മീനം, മേടം

ഓടി, ഓടി, നടന്ന്, നടന്ന് ഇരുട്ടുപൂകി

ചൊമടുതാങ്ങി താങ്ങായി ചമഞ്ഞു.

കൊരച്ച പട്ടീം കരഞ്ഞ നത്തും പറന്ന

ചീറും പേടിക്കാതെ

പക്ഷി കരഞ്ഞ് നിലം വെളുത്തു.

നിറഞ്ഞ കണ്ണുണക്കി, മുടികെട്ടി

മുണ്ടുമുറുക്കി തെളിഞ്ഞ വഴിയേ നടന്നു.

എതിരേ വന്നവർക്ക് ഭ്രാന്തിയായതിനാൽ വഴിചോദിച്ചില്ല

പൈദാഹം മൂത്ത് കൊരലിലൊരു ഞരക്കമായി.

9. പൂഴി

പെരുവഴി തീർന്നിടവഴി തീർന്ന്

തോടും കടവും നീന്തി

കൊയ്തൊഴിഞ്ഞ പാടത്തിനപ്പുറം

പിഴുത എള്ളുപാടങ്ങൾക്കകലെ

മേടമാസം തുള്ളിത്തെളച്ചു.

കാറ്റടിച്ച് കറക്കിപ്പറന്ന പൂഴി ചുരുണ്ട്

ആഴിപോലെ പൊങ്ങി, ആർപ്പുപോലെ പടർന്ന്

അടങ്ങിയതും അകലെ പാടത്തി​ന്‍റെ വിളുമ്പില്

ചെമ്മണ്ണും കുമ്മായവും തേച്ച

കോട്ടപോലൊന്ന് തെളിഞ്ഞു.

കട്ടകാറിയ കണ്ടങ്ങളിൽ ഇളകിപ്പഴുത്ത മണ്ണിൽ ചവിട്ടി കാലുവെന്തു,

ഉണക്കപ്പുല്ലി​ന്‍റെ അരത്താൽ ചോരപൊടിഞ്ഞു,

നിലത്തുപതിച്ച സ്വന്തം നിഴലിലൊന്നിരിക്കാൻ കൊതിച്ചു.

മേൽമുണ്ടിന് വിയർപ്പ് പിഴിഞ്ഞ് നാക്കിലിറ്റിച്ച്

നടന്നുനടന്ന് തെളിഞ്ഞകോട്ടയിലെത്തി

കോട്ടപ്പടിക്കലെ ഓട്ടുമണിയിൽ കൈയെത്തിയില്ല

പൊടിപാറി ചെടകെട്ടിയ മുടിയോടെ തട്ടിവിളിച്ചു

ചവിട്ടിനിന്ന തറയുടെ തണുപ്പ് ഉച്ചിവരെയറിഞ്ഞു.

10. വെറ്റപാക്ക് / ഒറ്റച്ചക്രം17

വീട് തീണ്ടിയതിന് കരിയാത്തിപ്പെണ്ണുങ്ങൾ തല്ലാനാഞ്ഞു

ഓടിയെത്തിയ മൂത്തപണിക്കനോട്

നടന്നതും മാല​ന്‍റെ പേരും പറഞ്ഞു.

മൂത്തപണിക്കൻ, കരിയാപണിക്കൻ

ചോരത്തിളപ്പി​ന്‍റെ കാലത്തൊരുനാൾ

ആ ദേശവും മറുദേശവും പക്ഷിചമഞ്ഞ്

പറന്നതോർത്തു ചിരിച്ചു.

കൊക്കും തൂവലും ചുണ്ടും നകരുംകൊണ്ടൊക്കാതെ

കഴിച്ചുകൂട്ടിയ നാളിൽ

ഭാരമില്ലാതെ പറക്കവേളയിൽ വെതകണ്ടു, വെളവുകണ്ടു,

വണ്ടിയും വള്ളവുംകണ്ട് വെശന്ന് നടന്നെന്നെ

എറിയാത്തൻ കൂർത്ത നകരിൽകൊത്തിപ്പറന്നെന്നെ

മുണ്ടവരിക്കപ്ലാവിൽ കൊണ്ടു​െവച്ചു.

കൊല്ലാനാഞ്ഞ് പിടഞ്ഞ് താഴെവീണെന്നെ

ചെങ്ങന്നൂക്കുഞ്ഞെടുത്തു

മഞ്ഞളും മരുന്നും​െവച്ച് കെട്ടി കൂടുകെട്ടി

തിന്നാൻ തീനുംതിനയും പുഴുജാതിയും തന്നു

തന്ന ഉപകാരത്തിനൊരു പൊന്നുപകാരം

പറഞ്ഞുകൊടുത്തു

തിരികെ പറന്നിവിടെയെത്തി അവനിവിടെ വരും

അതുവരെ ചാവടിയിൽ തലചായ്ക്കാം.

കരിയാത്തിമാർക്കൊപ്പം

പൊറംപണിചെയ്തവിടെക്കൂടി

വഴിക്കണ്ണുമായങ്ങെയിരിക്കെ ഒരു ദിവസം ആശാന് ദക്ഷിണ​െവച്ചു.

എരിയും പന്തത്തിങ്കൽ, ചെത്തിത്തേച്ച കളരിയിൽ

രാവും പകലും നോക്കാതെ, മഴയും വെയിലും നോക്കാതെ

ചൊവട് ചവിട്ടി അടവ് പതിനെട്ടും ആശാൻ വകയൊന്നും

പുലിയങ്കം, പക്ഷിയങ്കം തുടങ്ങി പറന്ന് നിക്കാനും പഠിച്ചു.

ആറുമാസമങ്ങനെ കഴിഞ്ഞു അവനുമെത്തിയില്ല

ഒരു ചിങ്ങത്തിലവിടുന്ന് ആശാ​ന്‍റെ

പാദം തൊട്ട് യാത്ര പറഞ്ഞു.

11. പച്ച / തളിർപ്പ്

അരിവാള് തിരുകിയ വട്ടിയും കോട്ടിത്തയിച്ച

പാളയിൽ വെള്ളവും കഴുത്തിൽ തൂക്കി

തോടയും(18) വളയും മാലയും തുണിയിൽ ചുരുട്ടി

പൂണാരം കെട്ടി ഇടംതോളിലുമിട്ട്

നെടുങ്കൻ രാജവഴിപിന്നിട്ടു.

കെട്ട് കച്ചിയും നെല്ലും പായും പരമ്പും

എഴയും കഴുക്കോലും

വെച്ചകൈവണ്ടിയും കാളമ്മാരും

കൊയ്ത കളമൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.

മഞ്ഞവെയിലിൽ

മറുതലകാണാവുന്ന വിധം നിരന്ന നാട്

കൊയ്തവിരിപ്പുകളിൽ തുപ്പ തുപ്പ വെള്ളത്തിൽ

കൊത്തിപ്പെറുക്കുന്ന കിളികളെ കണ്ടപ്പോ

ആശാനെയോർത്തു.

അകലെക്കണ്ട പേഴിൻചോട്ടിലിരുന്ന്

പാളയിലെ അവസാനതുള്ളിയും കുടിച്ചു

നടന്ന് നാൽക്കവലയെത്തി.

തെക്കീന്ന് വന്നെന്ന് ​െവച്ചാൽ വടക്കാണ് ദിക്ക്

കെഴക്കോട്ട് വീണ നിഴലിനും

പടിഞ്ഞാറ് സൂര്യനും നടുവിൽ

വഴിതിരിയാതെ നേരെ വടക്കുറപ്പിച്ച് നടന്നു.

പൊന്തനിറയെ പുതപ്പുപോലെ തളിർത്ത

വള്ളിച്ചെടികളിൽ പൂത്തുമ്പിപാറിക്കളിച്ചു.

പട്ടികൾ കൂട്ടംകൂടിയും ചിതറിയും

ചിലതൊക്കെ ഒട്ടുദൂരം പിന്തുടർന്നു.

വിജനതയിൽ ദിക്ക് മാത്രമായി കൂട്ട്

ആടുമാടുകളോ മനുഷ്യരോ വഴിയമ്പലമോ ഇല്ല.

തുടർന്ന നടപ്പിൽ ദാഹമേറി

കാറ്റിലെവിടെയോ എണ്ണമുറുകിയ മണവും

മരച്ചക്കുകളുടെ ഒച്ചയും ആശ്വാസമായെങ്കിലും

മാലനു (19) മൊത്ത് കളിപറഞ്ഞ്

ചെല്ലേണ്ട പെരമിറ്റത്തേക്ക്

ഏകത്താനൊരുത്തിയെന്നോർത്തപ്പോൾ സങ്കടം വന്നു.

12. ഈഴപ്പണിക്കൻ

സന്ധ്യക്ക് തെളിച്ച വെളക്കും കോട്ടമതിലും കണ്ടു

അങ്ങോട്ടുകയറി കണ്ട പെണ്ണുങ്ങളോട് വെള്ളംവേണമെന്ന് കൈകാണിച്ചു.

ഈഴപ്പം നാടന്നെന്നവരുടെ പറച്ചിൽ അറിഞ്ഞു

ഇറങ്ങിവന്ന കാരണവരോട് ചോദ്യത്തിന് മറുപടി പറഞ്ഞു.

ചട്ടിനിറയെ വെള്ളം തന്നു കാരണവർ

മാല​ന്‍റെ ചങ്ങാത്തമായിരുന്നു

അവനീവഴിവന്നാലിവിടെവരും

വഴിപൊഴയറിയാതെയിനി പോകണ്ടെന്നായി.

കെടക്കാനിടവും തീനും തന്നു

ഈഴത്തിമാരുടെ പള്ളും നോട്ടവും കണ്ട് മടുത്തും ശപിച്ചും

ഇടവഴി വരുന്നവരേ നോക്കി കണ്ണ് കഴച്ച് കഴിഞ്ഞുകൂടി.

13. വാണിഭം

മുറ്റമടിച്ചോണ്ട് ഒരുകൂട്ടം ആലോചിച്ചത്

പണിക്കനോടു പറഞ്ഞു

പോതിച്ചപണിക്കൻ നാലുംകൂടിയ കവലയിൽ

ആളെ​െവച്ച് ഒരു വാണിഭക്കടതീർത്തുതന്നു

കള്ളും വെള്ളവും മരുന്നും മുറുക്കാനും

ഇടിപൊടിസാധനവും വാങ്ങി വാണിഭം തൊടങ്ങി.

ഒരുപാടാളുകൾ വന്നുപോയ്

വന്നുപോയവരിലൊക്കെ

മാല​ന്‍റെ കണ്ണും മൂക്കും

തണ്ടും തടിയും നോക്കി നാള് കഴിച്ചു.

14. മാലൻ

ഒരു ദിവസം നട്ടുച്ചക്കൊരാൾ

വാണിഭപ്പെരേൽ കയറിവന്നു

തോളൊപ്പം ചെടകെട്ടിയമുടി നെഞ്ചറ്റംതാടി

വിയർത്തഴുകിയ മേൽമുണ്ട്

കവിളൊട്ടിയൊലിച്ച മുഖം.

അതുകണ്ട് അകവാളു(20) വെട്ടിയെങ്കിലും

പൊറമേകാട്ടാതെ ഇരിക്കാനൊരലും

കുടിക്കാൻ വെള്ളവും എളയ്ക്കാൻ കള്ളും കൊടുത്തു

പറഞ്ഞും കേട്ടും പോലത്തേക്കിന്(21) വിളിച്ചു.

ഒറ്റച്ചക്രംപോലുമില്ലെന്നായി

കൊരണ്ടിയിട്ട് ചോറും കറിയും കൊടുത്ത് കഴിച്ച്

കൈകഴുകി വന്നപ്പോ മുറുക്കാനും കൊടുത്തു.

നടന്നതെല്ലാം ഉരിയാടാതെകേട്ടു യാത്രപറഞ്ഞിറങ്ങി

പാതമറഞ്ഞപ്പോ വാണിഭക്കടപൂട്ടി

വട്ടിയും പൊന്നുമെടുത്ത്

പതിയെയിറങ്ങി നടന്ന് വഴിയിൽ മാലനൊപ്പമെത്തി.

ആളെപ്പറഞ്ഞു, അടയാളം പറഞ്ഞു

കഥയും പറഞ്ഞു പൂണ്ടടക്കം കെട്ടിപ്പിടിച്ച് കരഞ്ഞു.

15. കുരുവിക്കൂട്ടങ്ങൾ

മെല്ലെപ്പെരുമ്പാത നടന്ന്കയറി

പച്ചവഴിയോരം പിന്നോട്ട് പോയി

മേഘം കുറുകെപ്പാഞ്ഞു വടക്ക് നനഞ്ഞ മണ്ണി​ന്‍റെ

വഴിതിരഞ്ഞ് തെക്കോട്ട് നാല് കാലടയാളങ്ങൾ.

പൂവ് തുമ്പികൾ പടിഞ്ഞാറുനിന്നിളംകാറ്റ്

വഴിയിൽവാങ്ങി ഉൗറിയ കൽക്കണ്ടം

പൊട്ടിച്ചിരിയുടെ കുരുവിക്കൂട്ടം

കണ്ണുതെളിഞ്ഞുള്ള നോട്ടങ്ങളിൽ കവിള് നിറയെ ചിരിച്ചു

പോയ ഒറ്റയാണ്ടാ പോകലിലിൽ അഴിഞ്ഞുവീണു

വഴിതീർന്നതറിഞ്ഞില്ല.

ചെങ്ങന്നൂപെരമിറ്റത്ത് അമ്മ അപ്പോഴും കാത്തിരുന്നു

കാലുതൊട്ടു വന്ദിച്ചപ്പോളമ്മ

തലയിൽ തൊട്ടുവിളിച്ചു...മകളേ..!

16. അരങ്ങ് / അടവ്

പാണ്ടിക്കളരീലന്ന് പാലുകാച്ചുദിവസം

കൊതി മറച്ചു​െവച്ച് കൂടെപോകണമെന്ന് വാശിപിടിച്ചു

ഒടുവിൽ സമ്മതിച്ച് മുമ്പുപൊറകായിയാത്ര

അത് നെരന്നനികത്തി​ന്‍റെ കെഴക്കും തലയാണ്

ആധികേറിനടന്ന നടപ്പോർത്താലിതെന്ത്

സ്​നേഹംകൊണ്ടടക്കിയതൊക്കെ ഓർമകളിൽ കുതിച്ചു.

ചെങ്കൽപാതകൾ കയറ്റിറക്കങ്ങളൊക്കെ

കളിപറഞ്ഞും പാടിയും താണ്ടി

പൂവും കനിയും പലവ്യഞ്ജനങ്ങളും

കയറ്റി വണ്ടിക്കാളകൾ ഉമിനീര് പറത്തിയിറങ്ങിവന്നു

തെക്കപ്പൂപ്പന്മാരായ കരിമ്പനകളുടെ കാവൽ

ദിക്കി​ന്‍റെ കെളരങ്ങൾ വിതയുടേയും

വിത്തി​ന്‍റെയും

മണമുള്ള കെഴക്കൻകാറ്റ്

മൊത്തത്തിൽ മനം മാറിപ്പോകും

പാണ്ടി നാടി​ന്‍റെയെളവെയിൽ

അകലെനിന്നേ കളരിമൊകം തെളിഞ്ഞ്കാണാം

നാല്​ മലകൾക്ക് നടുവിൽ ഏനംനോക്കി

ചെത്തിയൊരുക്കിയ ചെങ്കൽപ്പടികേറി

ആരവവും കമ്പടിയൊച്ചയും അകലേന്നേകേക്കാം

ആശാൻമാർ ആതിമാർ ദിക്കും ദേശവും

വിളിച്ചെത്തിയ കളരിക്കാർ കാണികൾ.

17. പെണ്ണ്

മാലനെക്കണ്ടവർ എണീറ്റുനിന്ന്

ആചാരംകൊണ്ടു

പെണ്ണി​ന്‍റെ കൈപിടിച്ചെത്തിയതിന്

ചില കളിയാക്കലുകൾ

മാലനതു ചിരിച്ചുതള്ളി

കുന്നിക്കുരുവും മഞ്ചാടിയും തേച്ച്

പൊക്കിക്കെട്ടിയ തറയിൽ

ചെത്തിനാട്ടി എലകെട്ടിയ കവുങ്ങിൽ

പാണ്ടിനാടി​ന്‍റെ കൊടിയെളകി മണിമൊഴങ്ങി.

മങ്കൊമ്പിലച്ചന് അടവ്പെഴച്ചു

കുയിലുവനച്ചനും ശിഷ്യരും അതുകണ്ട് ചിരിച്ചു

സഭയിൽ ഞാനല്ലാതൊരു പെണ്ണില്ലെന്നറിഞ്ഞു

മാനക്കേടു നിനച്ചില്ല.

18. മുറ്റ്

അരങ്ങ്മുറുകി മാലനോടനുവാദംവാങ്ങി

പാണ്ടിക്കളരീലെനിക്കൊരു പോലിവു(22)ണ്ടെന്നു

സഭയോടുപറഞ്ഞു.

തറ്റുടുത്ത് വട്ടിയും പട്ടും അരിവായും ചുരികപരിചയും കൈയിലെടുത്ത്

കളരിയിൽ കേറിയതുകണ്ട് ദേശക്കാർ മുഖം ചുളിച്ചു

പെണ്ണെന്നു മുരണ്ടവർ തലവെട്ടിച്ചു.

ഗുരുവേ കരിയാപണിക്കാ എന്ന് മനസ്സിരുത്തി

ചൊവിടിൽ അരിവാലാകിപറന്ന് പട്ട്കോരിപ്പറത്തി

അത് ആരുടേയോ ഇരുണ്ട ചോരപോലെ

തട്ടിൽ പറന്നുകളിച്ചു.

കരണംമറിഞ്ഞുനിന്നതും ആർപ്പും

കൊരവയും ​ൈകയടിയും പടർന്നു.

പറന്ന കരിയിലപോലെ നാലുദിക്കിലും

വീണ്ടും ചുരികവീശി മൂളക്കംകൊള്ളിച്ചു

പഠിച്ചവേഗമന്നേരം തട്ടിൽനിന്നുമായിച്ചു.

ആർക്കുമത് വിശ്വസിക്കാനായില്ല

പട്ടും വളയും പാണ്ടിക്കളരിനെറച്ചു

വിരിച്ചപട്ടിൽ ചക്രം നെറഞ്ഞു.

മാലനന്ധാളിച്ചു പെണ്ണിവളെവിടുന്നു പഠിച്ചെന്ന്

ഓരോ മുഖവും വെളിവാക്കി.

ആടിയതൊക്കെ പന്തവിളക്കിൽ പകർന്ന

ആശാന് സമർപ്പിച്ച്

കുമ്പിട്ട് വലം മാറിനിന്നു

ഉള്ള് തണുത്തെറങ്ങിപ്പോന്നു.

l

Show More expand_more
News Summary - madhyamam weekly poem