Begin typing your search above and press return to search.
proflie-avatar
Login

പച്ചോമി

പച്ചോമി
cancel

പച്ചോമി സ്വന്തം

ലോകത്തേക്കുള്ള

ബസ് കയറി...

വെള്ളത്തിൽ വിശാലമായ

ഒറ്റ ഒന്നായിത്തീരലിൽനിന്ന്

അകലങ്ങളിലേക്ക്

വേവ്വേറെ കരകളിലേക്ക്...

വഴികൾ നീണ്ടുനിവർന്നു

ഭാവിയുടെ ആലിംഗനംപോലെ.

യാത്രക്കാരിയും വഴികളും

കെട്ടുപിണഞ്ഞു നൃത്തംചെയ്തു.

ദൂരെ പിള്ളേർ പിറുപിറുത്തും

പരിഹസിച്ചും കൊഴിഞ്ഞുപോയി.

അവളിൽ

എല്ലാ സ്ത്രീകളേയുംപോലെ ഒരു ജലാശയമുണ്ടായിരുന്നു.

സമാധാനത്തിലേക്കുള്ള ജലാശയം.

മരണത്തിനു തൊട്ടു ശേഷവും

ജനനത്തിന് തൊട്ടു മുൻപും

പച്ചോമിയിൽ പ്രളയമായിരുന്നു.

വഴിനിറയെ വെള്ളമായിരുന്നു.

വഴികളിൽ പലയിടവും വെള്ളച്ചാട്ടവും.

പിന്നെ പുഴയും, അനധികൃത വെള്ളക്കെട്ടുകളും

അവൾ അവളുടെ

വഴി കണ്ടെത്തിയവൾ

എല്ലാ പരപ്പുകളും ആഴങ്ങളും

നിറഞ്ഞൊഴുകുന്ന ഒറ്റപ്പാച്ചിലിൽ

തന്നെ തെരഞ്ഞുപിടിക്കുന്നവർ

ഭാഗ്യം ചെയ്തവർ

കുത്തൊഴുക്കിൽ അവളവളെ

പ്രതിഷ്ഠിക്കുക കഠിനമാണ്.

കട്ടിയേറിയ വെള്ളപ്പാത

ഒഴുകിയും നീന്തിയുമല്ല,

കരയിലേതുപോലെ

അള്ളിപ്പിടിച്ച് തന്നെ

മുന്നോട്ട് പോയി.

കൂട്ടുകാർ

രണ്ടു തരത്തിലായിരുന്നു.

മരിക്കാൻ വിസമ്മതിച്ചവരും

മരിച്ചവരും.

സ്​ക്രിപ്​റ്റിലെ ഡിസ്കഷൻ

കഴിഞ്ഞ് കാസ്​റ്റിങ്ങിൽ

അടിച്ചു പിരിഞ്ഞ സിനിമാ

പിള്ളേർ, വീടു

വിട്ടിറങ്ങിപ്പോയി

അവരുടെ സ്വന്തം

മിടുക്കിൽ ഏറ്റവുമടുത്ത

ബസ്​റ്റോപ്പ്, കൊണ്ടുചെന്നാക്കാതെ

കണ്ടുപിടിച്ചു.

ചുവപ്പും കറുപ്പും മഴയും

ചേർന്നു പെയ്യുമ്പോളറിയാം

മഴപോലെ തലയിൽ ഓളം

പെയ്യുന്ന മുഴു ഭ്രാന്തികൾ.

വെള്ളച്ചാട്ടത്തിലും

പുഴയിലും

കൈ തരാതെ ഒറ്റക്കു പെയ്യുന്നവർ.

ട്രാക്ക് സ്യൂട്ടിൽ ഓടാൻ പോകുന്നവർ.

ട്രാൻസ്​ജെൻഡേഴസിനെക്കുറിച്ച്

സിനിമ പിടിച്ച്

പെണ്ണുങ്ങളെ

മാത്രം അഭിനയിപ്പിക്കുന്നവർ.

വെള്ളത്തിലും കരയിലും

തീർത്ത പാതയിൽ

ഇടക്ക് ഒരു തവണ മാത്രം

സാരിയുടുത്ത്,

മഴനനഞ്ഞുകൊണ്ടിരുന്ന

പെണ്ണ്

അരികിലെത്തി...

അവൾ തന്നിൽതന്നെ

കിനിഞ്ഞ് തന്നിൽതന്നെ

ഒഴുകി കടന്നുപോയി.

കൊച്ചുങ്ങൾ രണ്ടാളും വീട്ടിൽതന്നെ

സ്ത്രീകളും കുട്ടികളും

മുത്തശ്ശിമാരും മാത്രമുള്ള വീട്

വീട്ടിൽ മുത്തശ്ശി കാത്തിരിപ്പായിരുന്നു.

മരിച്ച ശേഷമുള്ളപോലെയല്ല

മരണത്തിനു മുമ്പ് നല്ല ദേഷ്യക്കാരിയായിരുന്നു.

മരണക്കിടക്കയിൽ​െവച്ച്

കണ്ടപോലെ അള്ളിപ്പിടിച്ചില്ല

മുഖമൽപം കടുപ്പിച്ച് ഒന്ന് നോക്കി

ഉടനെ ചെറുപഴം, നിനച്ചപോലെ

കിട്ടാഞ്ഞ് ചുവങ്ങനെ മുഖം മുരണ്ടു

വാശിക്ക് രണ്ടു പടല ഒറ്റ ഇറക്കത്തിന്

തീർത്തു.

മരിച്ചവരുടെ നാട്ടിൽ

പച്ചനിറത്തിൽ ചുറ്റും

വെള്ളമാണ്.

തോണിയിൽ തിരിച്ചു

പോവുമ്പോൾ

ചുറ്റിലും വെള്ളമായതിനാൽ

മീൻ പിടിക്കൽ

ഉപജീവനമാക്കിയവർ.

മരണത്തിലേക്ക്

കൂടെ കൊണ്ടുപോവുന്നവർ.

രാവും പകലും

വെള്ളക്കെട്ടിൽ തിമിർത്താടാൻ

വരവേൽക്കുന്നവർ.

സ്വർഗത്തിലും കൂട്ടില്ലാതെ

കഷ്​ടപ്പെടുന്നവർ.

''കുട്ടികളെ വിട്ടു വാ...''

എന്ന് നിരന്തരം

കലഹിക്കുന്നവർ.

മരണത്തിൽനിന്ന് ഇറങ്ങിവന്ന്

വഴക്കുണ്ടാക്കുന്നവർ.

മരിച്ചുപോയ മാമി

പാത്രം കഴുകുന്ന തിരക്കിലായിരുന്നു

അരി ആട്ടി മാറ്റിെവച്ചിരുന്നു

കായ വെട്ടി അടുപ്പത്തും.

പഴവുമായി വാതിൽക്കൽ കടലിനടിയിൽ ഒരു കിണർ

ഉണ്ടായിരുന്നു. സുരക്ഷിതമായ വറ്റിയ ഒരിടം

വേരുകൾ തേടി

കോളജ് കുട്ടികൾ

അവിടെ വരാറുണ്ടായിരുന്നു.

മൊബൈൽ ഫോൺ കരയിൽ​െവച്ച്

നേരിയ ഉറവയിൽ അവർ കുളിക്കാറുണ്ടായിരുന്നു.

കടൽ, കിണറിനെ സ്വന്തമാക്കാൻ

തുടങ്ങുന്നിടം അവരെല്ലാം

കയറി രക്ഷപ്പെടും

കാണെകാണെ കോട്ടകളും

ചിറകുള്ള മാലാഖമാരും പ്രത്യക്ഷപ്പെടും.

അവർ കോരിയെടുത്ത് പറക്കും

കുന്നിൻമുകളിലേക്ക് പോകുംവഴി

ചതുപ്പുകളിൽ

പഴയ ജന്മത്തിലെ ബന്ധനങ്ങളുടെ

നേരിയ വിളികൾ ശക്തി കുറഞ്ഞു അപ്രത്യക്ഷമാവും

ബന്ധനത്തിൽപെട്ട അമ്മമാരും കുഞ്ഞുങ്ങളും

കരയും വെള്ളവും ചേർത്ത് ചളിയിൽ മേനി

വിട്ടുകൊടുത്ത്​ പുതിയ ജന്മത്തി​െൻറ തിരക്കഥ

രചിക്കുകയാവും

തിരക്കഥകൾ കഥാപാത്രങ്ങൾക്ക്​ ചേർന്ന

രൂപങ്ങൾ തേടി

തെരക്കിട്ട് പുറപ്പെടുന്നിടത്ത്

വീണ്ടും പിളർപ്പുകളും കൂടപ്പിറപ്പുകളും

ജനിക്കും.

കണ്ടപ്പോൾ

ആത്മാവു തണുത്തു

സ്നേഹംപോലെ...

Show More expand_more