Begin typing your search above and press return to search.
proflie-avatar
Login

രണ്ട് കവിതകൾ

രണ്ട് കവിതകൾ
cancel

01. സന്ദേശങ്ങൾ അന്തിനേരത്തൊരു പ്രാവ് വന്നു അതിന്റെ കാലിലൊരു സന്ദേശം കെട്ടിവെച്ചിരിക്കുന്നു ‘‘എത്രയും വേഗം വീടൊഴിഞ്ഞു പോവുക നാടൊഴിഞ്ഞ് പോവുക ജീവന്റെ കൂടൊഴിഞ്ഞ് പോവുക’’ വെള്ളരിപ്രാവിനെ പിടിച്ച് ചുട്ടുതിന്നു തൂവലുകൾകൊണ്ടൊരു വിശറിയുണ്ടാക്കി. ചോര വറ്റിയ കൊക്കെടുത്ത് കൂർപ്പിച്ച് കാറ്റിന്റെ താളിലെഴുതിവിട്ടു: ‘‘ഏറെക്കാലത്തിന് ശേഷം ഇന്നാണ് സുഹൃത്തേ ഞങ്ങൾക്കൊരത്താഴം കഴിക്കാനവസരമുണ്ടാകുന്നത്, താങ്കൾക്ക് നന്ദി’’ പിന്നെ ഞങ്ങൾ കിടന്നു; ഇല്ലാത്ത വാതിലടച്ച് കുറ്റിയിട്ട് ഇല്ലാത്ത ജന്നൽ പാതി തുറന്നു ​െവച്ച് ഇല്ലാത്ത ചുമരിലടയാളം വെച്ച് ഇല്ലാത്ത മേൽപ്പുരയിലൂടാകാശം കണ്ട് വല്ലാത്ത...

Your Subscription Supports Independent Journalism

View Plans

01. സന്ദേശങ്ങൾ

അന്തിനേരത്തൊരു പ്രാവ് വന്നു

അതിന്റെ കാലിലൊരു സന്ദേശം കെട്ടിവെച്ചിരിക്കുന്നു

‘‘എത്രയും വേഗം വീടൊഴിഞ്ഞു പോവുക

നാടൊഴിഞ്ഞ് പോവുക

ജീവന്റെ കൂടൊഴിഞ്ഞ് പോവുക’’

വെള്ളരിപ്രാവിനെ പിടിച്ച് ചുട്ടുതിന്നു

തൂവലുകൾകൊണ്ടൊരു

വിശറിയുണ്ടാക്കി.

ചോര വറ്റിയ കൊക്കെടുത്ത് കൂർപ്പിച്ച്

കാറ്റിന്റെ താളിലെഴുതിവിട്ടു:

‘‘ഏറെക്കാലത്തിന് ശേഷം

ഇന്നാണ് സുഹൃത്തേ

ഞങ്ങൾക്കൊരത്താഴം കഴിക്കാനവസരമുണ്ടാകുന്നത്,

താങ്കൾക്ക് നന്ദി’’

പിന്നെ ഞങ്ങൾ കിടന്നു;

ഇല്ലാത്ത വാതിലടച്ച് കുറ്റിയിട്ട്

ഇല്ലാത്ത ജന്നൽ പാതി തുറന്നു ​െവച്ച്

ഇല്ലാത്ത ചുമരിലടയാളം വെച്ച്

ഇല്ലാത്ത മേൽപ്പുരയിലൂടാകാശം കണ്ട്

വല്ലാത്ത ചന്ദ്രനെ ടൈംപീസലാറമാക്കി

ഉറക്കം ഞങ്ങളെ കാർന്നു തളരുമ്പോൾ

ഒരിക്കലുമുറങ്ങാത്ത ഇരുട്ടിലൂടെ

ഒരിക്കലുമുണരാത്ത വെട്ടംപോലെ

ഏതൊക്കെയോ സന്ദേശങ്ങൾ

എന്തൊക്കെയോ സങ്കടങ്ങൾ

വഴി ചോദിച്ച് ചോദിച്ച് പോകുന്നതിന്റെ

കാലൊച്ച കേൾക്കാമായിരുന്നു.

l

02. ചിറകില്ലാത്ത രാത്രി

ചിറകില്ലാത്ത രാത്രി

ചിറകില്ലാത്ത രാത്രി എന്ന്

നക്ഷത്രങ്ങൾ നാലുവരക്കോപ്പിയെഴുതുന്നു.

മായ്ച്ച് മായ്ച്ച് പൊടിഞ്ഞ വിരൽ

വലിച്ചെറിയുമ്പോഴോ മേഘങ്ങളൊലിച്ചിറങ്ങുന്നത്?

ഇലകളുടെ കഥാപുസ്തകം വായിച്ച്

കിളിപ്പൈതലുറങ്ങിപ്പോകുന്നു.

മഞ്ഞുനിറമുള്ള സ്വെറ്ററിന് വേണ്ടിയല്ലേ

സഹോദരങ്ങൾ ബഹളം വെക്കുന്നത്?

ഒരു ദുഃസ്വപ്നത്തിന്റെ നിഴൽ വന്ന്

ഒറ്റ നിമിഷത്തിൽ വിളക്കുകളെല്ലാം ഊതിയണക്കുന്നു.

ആര് കണ്ട സ്വപ്നം?

അമ്മക്കാറ്റോ അടുത്ത മരത്തിലെ കിളിയോ?

ഇരുട്ടിൽനിന്നൊരു പാട്ട് കേൾക്കുന്നു

എവിടെ നിന്നാണത്?

പ്രണയിയുടെ തെരുവിൽനിന്നോ

മരണമില്ലാത്തവന്റെ

ശ്മശാനത്തിൽനിന്നോ?

മിന്നാമിനുങ്ങിന്റെ വെളിച്ചത്തിലൊരാൾ

ഡയറി എഴുതുന്നു.

ആത്മഹത്യയോട് ബന്ധം പിരിഞ്ഞ

അവസാന ഗായകനോ?

News Summary - madhyamam weekly malayalam poem