Begin typing your search above and press return to search.
proflie-avatar
Login

എലിയട്ടോർമ: തരിശുഭൂമിയിൽ വീണ്ടും

എലിയട്ടോർമ: തരിശുഭൂമിയിൽ വീണ്ടും
cancel

1. ശൂന്യത

തരിശുഭൂമിയില്‍ വിലക്ഷണഭൂതം

ആശ്ലേഷിച്ചനുഗ്രഹിക്കേ,

തരിശിനുമേല്‍ തരിശിന്‍ പുതപ്പ്

തിരിനാളങ്ങള്‍ കെട്ടുപോയിവിടെ

കച്ചവടത്തിന് സാധ്യതയില്ല

ശൂന്യതയില്‍ കണ്ണുംനട്ട് കടയുടമസ്ഥ:

കൊടുക്കല്‍ വാങ്ങല്‍ നിന്നുപോയ്

ഇവിടൊരു വസ്തുവുമില്ല സാറേ

പൊക്കോ പൊക്കോ, പൊന്നു സാറേ!

പിന്നെയുമയാള്‍ ചുറ്റിപ്പറ്റി നില്‍ക്കേ

ചീറിക്കൊണ്ടവള്‍ ചീറ്റപ്പുലിയായി:

ഇനി,യിക്കടയില്‍ ഞാനേ ഉള്ളൂ

വില്‍ക്കാനോ, പണയപ്പെടുത്താനോ

തയാറല്ല ഞാന്‍, നല്ല ചേട്ടാ

പൊക്കോ പൊക്കോ, ഓടിപ്പൊക്കോ.

2. സ്വയംകൃതം

നോക്കെത്താ ദൂരം മൂടും മണല്‍ക്കാട്

മുള്‍ച്ചെടികള്‍ മരപ്പൊത്തുകള്‍

ഇണചേര്‍ന്നു പുളയും വിഷപ്പാമ്പുകള്‍

പൊയ്പോയ നൂറ്റാണ്ടിലെന്തെന്തു

മാറ്റങ്ങള്‍: നിർമിത സൗധങ്ങള്‍ തീ

കത്തി,യല്ലെങ്കിലിടിഞ്ഞു വീണു നാശം

മണ്ണിലെ രക്തക്കറകള്‍ മാറാത്ത

മനുഷ്യന്റെ സ്വയംകൃത ദുരന്തം

ദാരിദ്ര്യത്തില്‍ നട്ടം തിരിഞ്ഞാലും

വിശ്വാസം വിട്ടുള്ള കളികളില്ലാര്‍ക്കും

യുക്തിവിരുദ്ധമെങ്കിലും ആചാരങ്ങളെ

തള്ളിപ്പറയില്ലൊരിക്കലുമാളുകള്‍

കൊല്ലാനും കൊല്ലപ്പെടാനും തയാര്‍.

3. ക്രമരാഹിത്യം

മാനവ സ്വപ്നങ്ങള്‍പോലെ

കാലാവസ്ഥയിലും ക്രമമില്ല

ക്രമരാഹിത്യം വേണ്ടതിലേറെ

കൊടും വേനല്‍ കണ്ണടയ്ക്കും മുമ്പേ

കനത്ത മഴയിന്‍ രൗദ്രതാളം

ചക്രവാതം കൊടുങ്കാറ്റ് പേമാരി സംഹാരകര്‍,

കള്ളത്തിരുമാലികള്‍

ജന്മാന്തര സുഹൃത്തുക്കള്‍

വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോര്‍ക്ക്

ദാഹജലം കിട്ടാതെ വരണ്ടു മരണം

പ്രളയത്തില്‍ നീന്തിത്തുടിച്ചോര്‍

വെള്ളം കുടിച്ചു വയറുവീര്‍ത്ത്

ശ്വാസംമുട്ടി മരിച്ചത് മറക്കുമോ?

സൂര്യഭഗവാനൊരു തോന്നലിന്

വെള്ളമത്രയും കുടിച്ചു വറ്റിച്ചാല്‍?

4. വെള്ളമടി

അവള്‍ ഗ്ലാസുയര്‍ത്തി ടോസ്റ്റി

ഒപ്പം തുള്ളി രുചിക്കാന്‍ തോഴര്‍

അവര്‍ നുണയും ദ്രാവകം വീഞ്ഞല്ല,

വീരശൂര സാക്ഷാല്‍ സ്വദേശി,

ജവാന്‍; തൊഴിതന്‍ ശക്തി പോരെന്നാല്‍ വോഡ്കയും ചേര്‍ത്ത് നീറ്റായൊരടി,

ഇനിയും കൂട്ടാം തലക്കിട്ടുള്ള ഇടിയൂക്ക്,

രാജേ രഞ്ചൂ മാത്തൂ ഷീലേ നീലേ,

അൽപംകൂടി തൊഴിയാവാമെന്നുരച്ചത്

ഹരിയെന്നവള്‍ വിളിക്കും പോത്തന്‍

വേണ്ടാ, വേണ്ടായെന്നുറക്കെച്ചൊല്ലീ

വെള്ളമടിക്കുന്നതെന്തിനാണെന്ന് നീല

എല്ലാ വേദനയും മറന്നുകളയാന്‍

ആടാന്‍ പാടാന്‍ കൂവാന്‍ കുഴയാന്‍

സ്വപ്നസഞ്ചാരികളാവാന്‍, മോളേ!

5. ശാന്തി

പാട്ടിലേക്ക്, കൂത്തിലേക്ക്

തിരിഞ്ഞ കൂട്ടായ്മയെ

മെല്ലെ തടവിയാവാഹിച്ച്

വീരസ്വർഗത്തിന്‍

പടവുകളിലേക്ക് ഗന്ധർവന്‍

ആനയിക്കുന്നത് കണ്ടോ?

ഒരു വെള്ളപ്പൊടിക്കിത്ര കരുത്തോ?

ചിറകുകള്‍ വിടര്‍ത്തി

കാലുകളടിച്ച് വായുവില്‍

ഓളങ്ങളിളക്കി കൂട്ടുകാരവര്‍

പറന്ന്, പറന്ന്, പറന്ന്...

ശാന്തി ശാന്തി ശാന്തി

ഏകമാം സത്യത്തെ

പലതായി കാണ്മത് വിഭ്രമം

ഏകം സദ് വിപ്രാ ബഹുധാ വദന്തി.

Show More expand_more
News Summary - madhyamam weekly malayalam poem