Begin typing your search above and press return to search.
proflie-avatar
Login

ഒരു ഗ്രാമീണ കർഷക​ന്റെ അന്ത്യയാത്ര

ഒരു ഗ്രാമീണ കർഷക​ന്റെ അന്ത്യയാത്ര
cancel

ഒന്ന് തലക്ക് മേലേ പുകമഞ്ഞാണോആകാശങ്ങൾ കനിഞ്ഞ വിഷാദത്തിൻ മധുവോ, ദൈവത്തിന്റെ മറവിയാമപാരത വീണുടഞ്ഞതോ, പോകാൻ നേരമായ് ശവം കാത്തുകിടപ്പാ ണൊടുക്കത്തെ വാഹനം കയറുവാൻ എത്ര വിസ്മയം: നോക്കൂ,ഇത്രമേൽ പ്രശാന്തനായീ നരൻ ദിനോദയ കിരണം കണ്ടിട്ടില്ല ഈച്ചകൾ മൂളിപ്പറന്നരികത്തണഞ്ഞാലും ക്ഷമതൻ വാക്കാം ദേഹമൊട്ടുമതറിയില്ല തന്നത്താൻ പകുത്തിവനി പ്രപഞ്ചനദിയിൽ സ്വയം മഞ്ഞുപോയലിഞ്ഞിതാ ശാന്തനായ് ശയിക്കുന്നു. പണ്ടൊരു കാറ്റിൽ മുളകിന്നരം വായിക്കവേ ചെവിയാൽ മനസ്സിനെ യകലേക്കയച്ചവൻ, കാനനം ദൂരെയെന്നറിവു വിലക്കിലും പുതപ്പിന്നകത്തൊരു കാനനം രചിച്ചവൻ, അകലേ മരുവുന്നതൊക്കെ യുമരികത്താണെന്നൊരു ബോധാന്തര...

Your Subscription Supports Independent Journalism

View Plans

ഒന്ന്

തലക്ക് മേലേ പുകമഞ്ഞാണോ

ആകാശങ്ങൾ കനിഞ്ഞ

വിഷാദത്തിൻ മധുവോ,

ദൈവത്തിന്റെ മറവിയാമപാരത

വീണുടഞ്ഞതോ,

പോകാൻ നേരമായ്

ശവം കാത്തുകിടപ്പാ

ണൊടുക്കത്തെ വാഹനം കയറുവാൻ


എത്ര വിസ്മയം: നോക്കൂ,

ഇത്രമേൽ പ്രശാന്തനായീ നരൻ

ദിനോദയ കിരണം കണ്ടിട്ടില്ല

ഈച്ചകൾ മൂളിപ്പറന്നരികത്തണഞ്ഞാലും

ക്ഷമതൻ വാക്കാം ദേഹമൊട്ടുമതറിയില്ല

തന്നത്താൻ പകുത്തിവനി പ്രപഞ്ചനദിയിൽ

സ്വയം മഞ്ഞുപോയലിഞ്ഞിതാ

ശാന്തനായ് ശയിക്കുന്നു.

പണ്ടൊരു കാറ്റിൽ

മുളകിന്നരം വായിക്കവേ

ചെവിയാൽ മനസ്സിനെ

യകലേക്കയച്ചവൻ,

കാനനം ദൂരെയെന്നറിവു വിലക്കിലും

പുതപ്പിന്നകത്തൊരു

കാനനം രചിച്ചവൻ,

അകലേ മരുവുന്നതൊക്കെ

യുമരികത്താണെന്നൊരു

ബോധാന്തര വിഭ്രമാൽ ഗ്രഹിച്ചവൻ,

സാഗരം രാവിൽ

കരിങ്കാറ്റുകൾ ചുറ്റിപ്പിടിച്ചലറുന്നേരം

തനിച്ചോടത്തിലലഞ്ഞവൻ


രണ്ട്

ഊണിനു കാലമായതു കഴിഞ്ഞാവാം

ദേഹമഴുകാതെ കാക്കുവാ

നൊരു കണ്ണു വേണമെന്നൊരാൾ

പറഞ്ഞുപോയ്...

അകത്തു കരച്ചിലൊ

ന്നുയർന്നു ശമിച്ചുവോ,

കരയാനാരാവാ

മെന്നൊരാൾ ചോദിക്കുന്നു.

പൂച്ചയൊന്നകത്തേക്ക് നോക്കി

യാകവേ ദേഹം പെട്ടെന്ന് വിറപ്പിച്ചു

കരഞ്ഞങ്ങൊഴിഞ്ഞുപോയ്.

വെയിൽപടവുകളേറി

തുമ്പികൾ വരവായി,

മുറ്റത്തും തൊടിയിലുമാർക്കോ

വേണ്ടിയെന്നപോലൊരു കാറ്റു

പെട്ടെന്ന് വീശിപ്പകച്ചകലേക്കുഴറിപ്പോയ്.

''വെച്ചുനീട്ടിയാൽ

നാറാൻ നേരമൊത്തിരിവേണ്ട...

ദേഹത്തിലുറങ്ങിക്കിടന്നവ

രൊക്കെയുമുണരാറാ''യെന്നൊരാൾ

പറഞ്ഞപാടാകാശം

മങ്ങിത്താഴ​്ന്നോ..?

അപ്പോഴായ് കേട്ടൂ

വാക്കിൻ നോവുപോലശരീരി:

''ഒരുനാളണയും മരണം

പലനാളുഴറിയ വഴിയേ,

പഥികൻ താനെന്നളവിൽ

പതിയേണം മനമകലേ,

ഒന്നിൽ നോക്കിയിരുന്നാ-

ലാ നോട്ടമതല്ലേ ധ്യാനം.

കല്ലിൽ നോക്കിയിരുന്നാൽ

കല്ലിൽ തീപ്പൊരിചിന്നും.

ഒന്നിൽ നോക്കിയിരുന്നാ

ലതുതാനീശ്വരനറിവും

ഞാൻ ഞാനെന്നതു മിഥ്യ

ഞാൻ ഞാനെന്നതു തഥ്യ.

അതുതാൻ ഖിന്നത, നരകം

അതു താൻ നാകവുമറിവും.''

കേട്ടുവോ സ്വരം, ദൂരെനിന്നാവാ

മെന്നാലതു കേട്ടപോലതോ

തോന്നലോയെന്നൊരാൾ.

അന്നേരം ദൂരെയൊരാരവം കേൾക്കായ്

പ്രാണൻ കൊമ്പിൽ താൻ കൂർപ്പിച്ചൊരു മഹിഷം

ഓടിയണഞ്ഞൂ

കിതപ്പൊരമറൽപോലേ

വെയിൽ പിളർന്നു

വീണകലേക്കലഞ്ഞുപോയ്.

''പിടിച്ചുകെട്ടൂ വേഗം വേഗം

മുറിച്ചുവിൽക്കാനുള്ളൊരു

പോത്തിവനലച്ചുവന്നൊരു

കോപത്താലേയോടിപ്പോകാനുറച്ചു

കയറും പൊട്ടിച്ചവനിവനലറി നടപ്പതു

കണ്ടോ വേഗം പിടിച്ചുകെട്ടൂ...''

മരിച്ചവീട്ടിൽ കൂടിയ പലരും

പുറത്തിറങ്ങിപ്പോത്തിൻ പിറകേ

യോടിയ നേരം മരിച്ച വീടിനു ചുറ്റും

നിഴലുകളുച്ചവെയിൽ പുറമേറി നിറഞ്ഞതു

നോക്കിയിരിക്കേ,

പകച്ചുപോയതുപോലെ കിടക്കുകയല്ലോ

മരിച്ചുപോയവനൊറ്റക്ക്.

മൂന്ന്

''ഇനിയെടുക്കാമൊന്നവിടെപ്പിടിക്കുക,

തല ഞാൻ നോക്കാം

നടു രണ്ടുപേർ പിടിക്കട്ടെ,

കാലുകളിഴയാതെ നോക്കണം

ചെളി കണ്ടാൽ ചാടുമാറുണ്ടിയാൾ

വയലിൽ പെരുന്തോട്ടിൽ''

എന്നൊരാൾ പറയാതെ പറഞ്ഞോ..?

പെട്ടെ​ന്നാരോ കാലുകൾ കൂട്ടിപ്പിടിച്ചുയർത്തീ

യൊരു കൈയാൽ

തുട തന്നടി കാത്തൂ പെട്ടെന്ന് മറുകൈയാൽ.

നാല്

പോവുകയാണൊരു യാത്രികനിവനെന്നാലോ

യാത്രയതെന്തെന്നറിയാതെ

പോവുകയെന്നാൽ പോവുകയല്ലൊരു

വരവാണാരും പറയാതെ

ആർക്കു പകുത്താനുണ്ടിവനൊരു

ചെറുഖേദം നിലവിളിയൊന്നാലേ...

അന്നേരത്തിലകം ചുട്ടൊരുവൾ

നിലവിളിയോടെ നിലംപൊത്തി.

വീണതപസ്മരണംകൊണ്ടെന്നൊരു

മൂളൽ തെല്ലിട നിലനിന്നു.

അഞ്ച്

വെയിലൊന്നു മങ്ങീ,

നിഴലുകൾ നീണ്ടുപോയാ

കാശമെന്തോ നിനച്ചപോൽ

പെട്ടെന്നു കിരണങ്ങളൊക്കെ

ത്തിരിച്ചെടുത്തു

ശവഘോഷയാത്രക്കൊരുക്കമാ

യാളുകൾ മുറ്റത്തിറങ്ങീ

തങ്ങളിൽ തങ്ങളിലാഴ്ന്ന

മനസ്സാൽ കരങ്ങളാലാരാർക്കു വേണ്ടി

നടക്കുവതെന്നപോലാ-

യത്തിലായത്തിലടിവെച്ചു നീങ്ങവേ,

തെങ്ങുകൾ നീണ്ട നിഴലിൻ കരങ്ങളാ

ലൊന്നു ശവപ്പെട്ടി തൊട്ടുവോ...

മഞ്ചത്തിലാരെന്നറിഞ്ഞ പകപ്പോടെ

പെട്ടെന്ന് നിഴൽ പിളർന്നുള്ളിലുറഞ്ഞൊരു

വൃശ്ചികക്കുളിരാലൊന്നു വിറച്ചുവോ...

വൃക്ഷങ്ങളറിയുമാറില്ലയോ

തങ്ങളിൽ ചാഞ്ഞ മനസ്സിനെ..?


ആറ്

വഴിവയലിലേക്കെത്തവേ

മഞ്ചമൊന്നിളകിയെന്ന

പോലാകെ വിറച്ചുവോ...

ഇളവെയിലിനെത്തൊട്ടിലാട്ടുന്ന

പോലകലെയപ്പോൾ തെളിഞ്ഞ

നീർച്ചാലിലേക്കിടറിയോ

പരേതന്റെ കാലുകൾ...

പണ്ടിയാൾ പുലരിമഞ്ഞിൻ

വരമ്പിലൂടരിയൊരുന്മാദമൂർച്ഛയിൽ

പോയൊരാ പഴയകാലത്തിനോർമയിൽ തെല്ലിട.

ഏഴ്

ഇടവഴിയിലൊരു നായ നിൽപുണ്ടതിൻ

മേനിയാകെ ചുവന്നതാണെങ്കിലും

ചെവികൾ മാത്രം കറുത്താണിരിക്കുന്നു.

മഞ്ചത്തിലാരെന്നറിഞ്ഞപോലേ

യവനൊന്നു മോങ്ങിയോ

നേർത്തകരച്ചിലോ...

നായയെന്തിന് കൂടേ നടക്കുന്നു,

ആരിവൻ, പരേതന്റെ ബന്ധുവോ

യെന്നൊരാളൊന്നു ചിരിച്ചൂ, ചുമച്ചുടൻ,

നായ നിന്നൂ കാര്യം ഗ്രഹിച്ചപോൽ.

എട്ട്

വഴികൾ പിന്നിട്ടു നീങ്ങുകയാണവർ

ഇടയിൽ പറയുന്നു നാട്ടുകാര്യങ്ങളും:

​േചായിയെന്നാണീ ശവത്തിന്റെ-

നാമമതാർക്കുമോർക്കാം ധനുമാസമെന്നപോൽ.

ധനു മകരം കുംഭ മീന മാസങ്ങളും

വെയിലിന്റെയോർമയാമിളവെയിൽ നാളവും

ഇവനു കൂട്ടുകാരതിശയമില്ല

തിലെന്നു പറഞ്ഞൊരാൾ കാതോർത്തു തെല്ലിട:

എവിടെനിന്നോ കാക്കകളാർക്കുന്നു,

മഞ്ചത്തിലാരെന്നറിഞ്ഞപോലേയവ

വട്ടമിട്ടു പറക്കുന്നു മേൽക്കുമേൽ.

കാക്കകളെന്തിന് കൂടെപ്പറക്കുന്നു

അവരറിഞ്ഞുവോ മഞ്ചത്തിലാരെന്ന്

പക്ഷികളറിയുമാറുണ്ടോ ജഗത്തിന്റെ

ഗൂഢതത്ത്വം ചിറകടിയൊച്ചപോൽ...

ഒമ്പത്

വഴികൾ നീളുന്നു, മഞ്ചം ചുമന്നവർ

പലകുറി ചുമൽ മാറ്റി മഞ്ചം പിടിക്കുന്നു.

മഞ്ചത്തിനെന്തിത്ര ഭാരമെന്നറിയുമോ

യെ​െന്നാരാൾ ചോദിച്ചു സംശയമെന്ന പോൽ.

കാടുമൂടിക്കിടക്കുന്ന വയലുകൾ പിന്നിട്ട്

പോവുകയാണവർ മെല്ലെ മെല്ലെ.

വയലിലോ കള്ളിച്ചെടികളാണെങ്ങും

ആരോ മറന്നപോൽ വയൽ കിടക്കുന്നു.

വറുതിയുടെ കാലത്തെയാനയിച്ചീടുവാൻ

ചിലർ ചേർന്നു നട്ട പടുമുളകൾപോലെ

മഞ്ഞക്കുറ്റികൾ*നിൽക്കുന്നു

വയലിലും തൊടിയിലും തോട്ടിലും.

അതറിഞ്ഞിട്ടെന്നപോലെയപ്പോൾ

മഞ്ചമൊന്നറിയാതെയിളകിയോ..?

വയലുകൾക്കപ്പുറമൊരു കാഞ്ഞിരം നിൽപുണ്ട്,

അതിന്റെ കൊമ്പത്താരോ തൂങ്ങിച്ചാകാൻ

കുടുക്കിട്ട നിലയിലൊരു കയർ തൂങ്ങിക്കിടക്കുന്നു-

ണ്ടാർക്ക് വേണ്ടിയാണിക്കയറെന്നൊരാൾ ചോദിച്ചു.

വഴികൾ പിന്നെയും നീളുന്നു പിണയുന്നു

പിണയുന്ന വഴി നടുവിലാരോ-

കെട്ടിയിട്ടതിൻ ശേഷമഴിക്കാൻ മറന്ന

പോലൊരു കാള നിൽക്കുന്നു.

കാളക്ക് ചുറ്റും കരിഞ്ഞ പുല്ലുകൾ

തീകാത്തു നിൽക്കുന്നു.

മഞ്ചത്തിലാരെന്നറിഞ്ഞപോലെ

യപ്പോൾ കാളയൊന്നറിയാതെയമറിയോ...

കാളയെ കണ്ടൊരാളോർക്കുന്നുണ്ടൊരു

വൃശ്ചികപ്പുലരിയിലൊരു നെടുംവരമ്പത്തൂടെ

യൊരു കരിംകാളയെ മുമ്പേ നടത്തി

പ്പുലരി തന്നുല്ലാസമൂറ്റിക്കുടിച്ചുവരുന്ന ചോയിയെ.

ചോയിയാണന്നു പുലരിയെ സന്ധ്യയെ

യാട്ടിത്തെളിച്ചുവരുന്നതും

പാടവരമ്പുകൾ മുറിച്ചുചാടുന്നൊ

രിടപ്പാതിയെ പിടിച്ചു കെട്ടുന്നതും

ചോയിതന്നെയാണന്ന് പാതിരാത്രിയെ

ഓലച്ചൂട്ടുകൊണ്ടാട്ടിയകറ്റി വരുന്നതും,

ഇളവെയിലിനെ കുരുത്തോലയെന്നപോൽ

മുളകുതൈകൾക്ക് മേൽ തൂക്കിയിടുന്നതും

തെങ്ങിൻ കുരലിലിരുന്നു ദീനമായ് കരയുന്നൊ

രണ്ണാൻ കുഞ്ഞിനെ സാന്ത്വനിപ്പിക്കുന്നതും

വൃശ്ചികക്കാറ്റിനെ മാമ്പൂക്കളോടൊത്ത്

നാട്ടുവഴിയിലേക്കാനയിക്കുന്നതു

മെന്നൊരാളപ്പോൾ മെല്ലെപ്പറയുന്നു.

പത്ത്

വഴികൾ പിന്നെയും നീളുന്നു പിണയുന്നു.

പിണയുന്ന വഴിയരികിൽ വീടുകൾ നിൽക്കുന്നു.

വീടുകൾക്കകമേ യന്ത്രങ്ങളലറുന്നു.

വീടുകൾ യന്ത്രങ്ങളായും മാറിയോ..?

അതറിഞ്ഞിട്ടെന്നപോലേയപ്പോൾ

മഞ്ചമിടക്കൊന്നിളകിയോ...

വഴിയരികിൽ നിൽപുണ്ട് തെങ്ങുകൾ,

മണ്ണിന്റെയാശ്ചര്യ ചിഹ്നങ്ങളെന്നപോൽ

തലതെറിച്ചാകേയുണങ്ങിയതെങ്ങുകൾ...

തെങ്ങിൽ കൊത്താനാഞ്ഞ മരംകൊത്തി

കൊത്താതെ പെട്ടെന്ന് പാറിയകന്നുപോയ്.

നായയപ്പോഴും കൂടെ നടക്കുന്നു

ആരിവ, നെന്തിന് കൂടെ നടക്കുന്നു

കാരണമെന്തിലും തേടുന്ന രണ്ടുപേർ

ചോദിച്ചു പെട്ടെന്ന് തങ്ങളിൽ തങ്ങളിൽ.

പതിനൊന്ന്

പാതക്കിരുപുറവുമാളുകൾ നിൽപുണ്ട്

ഒന്നിച്ചു നിൽപവരന്യോന്യമറിയാ

തിടം കണ്ണാൽ നോക്കുന്നു ഗൂഢമായ്.

ആരിവനെന്റെ ശത്രുവോയെന്നുള്ളിൽ നിനച്ചൊരാ

ളപരന്നു നേരെ ചിരിച്ചു മറിയുന്നു.

വണ്ടികൾ പായുന്നു റോഡുകൾ നിറയുന്നു

ചക്രങ്ങൾ കാലിലുറപ്പിച്ചപോലെ-

യാളുകൾ പാഞ്ഞകലുന്നു, മായുന്നു.

ഇതെന്തിപ്പോഴൊരു ശവമെന്നു

മഞ്ചത്തെ നോക്കിയൊരാൾ പറയുന്നു.

നായയിപ്പോൾ മുമ്പേ നടക്കുന്നു

ആരിവൻ വഴികാട്ടിയോ-

യെന്നൊരാൾ ചോദിച്ചു

നായയപ്പോൾ തിരിഞ്ഞൊന്നു നോക്കുന്നു.

ഇനിയിറക്കാം സ്ഥല​െമത്തി

യെന്നൊരാൾ പറയുന്നു, മഞ്ചമിറക്കുന്നു.

ചുടലയിലവിടവിടെയസ്ഥികൾ കിടപ്പുണ്ടാ-

രെയോ കാത്തെന്നപോൽ

കാക്കുന്നതാരെയാണാവോ...

ഇനിയിയാൾക്കില്ല വേനലും വർഷവുമാ

കാശ ചാരിയാം പക്ഷിയുടെ കാഴ്ച

യുമെന്നൊരാൾ പറയുന്നു.

ആ നേരമറിയാതെ മഞ്ചമൊന്നിളകുന്നു.

മേലെയാകാശത്ത് കാക്കകൾ നിറയുന്നു.

കാക്കകളിളകുന്ന മേഘമായ് മാറുന്നു.

നായയപ്പോഴിരുകാലിലിരുന്ന്

കരയാതെ മോങ്ങാതെയാളുകളെ നോക്കുന്നു.

നോക്കിനിൽക്കേ ശവമഗ്നിയായ് പടരുന്നു.

അഗ്നി ശമിച്ച് കരിയായ് മാറുന്നു.

ചോയിയെന്നൊരാളുണ്ടായിരുന്നു

പണ്ടെന്ന് പറഞ്ഞാളുകളകലുന്നു.

പട്ടടയണയും മുമ്പൊരാളിത്ര തിടുക്കത്തി

ലോർമയായ് മാറുമോ..?

പന്ത്രണ്ട്

ശവം വന്ന വഴിയിലൂടെ

നായയിപ്പോൾ തിരിച്ചുനടക്കുന്നു.

നായക്കു മുകളിലാകാശത്തെ-

വിടെനിന്നൊക്കെയോ

പറവകളെത്തുന്നു.

ചിറകടിയൊച്ചകളെങ്ങും നിറയുന്നു.

വയലുകൾ പച്ച പുതക്കുന്നു.

ശങ്ക വെടിഞ്ഞ് തെളിനീരൊഴുകുന്നു.

നായക്ക് പിമ്പേ കുഴൽവിളി കേൾക്കുന്നു:

പറയൻകാളി കരിങ്കാളി മൂക്കഞ്ചാത്തൻ-

പറച്ചെണ്ട കൊട്ടിയാടിയാടി വരുന്നു.

വിത്തുകൾ കോരിത്തരിച്ചപോൽ

മുളകൾ നീട്ടുന്നു...

നായയോടുന്നു,

പാതയിൽ കൈത പൂക്കുന്നു

ചുടലത്തെങ്ങിന്റെയോലകൾ

കാറ്റുപിടിച്ചപോലുലയുന്നു.

ചോയിയും കൂട്ടരും

നട്ടുച്ച നേരത്തിളവേൽക്കുവാൻ

പണ്ടിരുന്ന, വയൽ നടുവിലെ-

യേരിക്കു മോളിലേക്ക് നായകയറുന്നു

അവിടെയിപ്പോഴതികായനെ

പ്പോലൊരു മൊബൈൽ ടവർ നിൽപുണ്ട്

ദിക്കുകളെ ഞെട്ടിച്ചുണർത്തു

വാൻ തന്നെയോ

നായ നീണ്ടൊരോരിയിടുന്നു...

അതിന് മറുവിളിയെന്നപോൽ

വയലുകൾക്കപ്പുറമെവിടെനിന്നോ

ഒരു കൂക്കു കേൾക്കുന്നു.

l

News Summary - madhyamam weekly malayalam poem