Begin typing your search above and press return to search.
ഐസ്ക്രീം ബൗൾ
Posted On date_range 23 May 2022 12:45 AM IST
Printed On date_range 2022/05/23 17:30:00

പിന്നറമുറിയിലെ ജനാലകടന്ന്
വൈന്നേരവെയിൽ വൃദ്ധന്റെ ഉടലിൽ വീഴുന്നു.
ഐസ്ക്രീം ബൗളിലെന്നപോലെ, തകർന്ന കട്ടിലിൽ അയാൾ.
വെയിലിൽ കുമിഞ്ഞുകുഴമ്പാകുന്ന ഐസ്ക്രീം.
ആ വീട്ടിൽ ഇതുവരെ ആരും ഐസ്ക്രീം നുണഞ്ഞിട്ടില്ല.
മധ്യവയസ്സുകഴിഞ്ഞ ഒരു മകൻ മാത്രം
ഇടയ്ക്കുവന്ന് മരുന്നുനൽകുകയും
നനഞ്ഞ തുണിമാറ്റുകയും
'അച്ഛാ' എന്ന് ഇടർച്ചയോടെ വിളിക്കുകയും ചെയ്യുന്ന കുടുസ്സുമുറിയിൽ
ഇപ്പോൾ 'ഐസ്ക്രീം ബൗൾ' എന്ന ഇമേജ് അതിന്റെ പൂർണരൂപത്തിലേക്ക്.
വൈന്നേര സൂര്യനിൽനിന്ന് സാവധാനം ഒരു കുസൃതി നടന്നടുത്തു.
ജനലഴികളിൽ പിടിച്ച് ഐസ്ക്രീം ബൗളിലേക്ക് കൊതിയോടെ നോക്കി.
മരണം ഉല്ലാസകരമായ ഒരു ഇമേജിലൂടെ വൃദ്ധനെ കൊണ്ടുപോവുകയാണ്.
മരണത്തിൽനിന്ന് കുതറിമാറിയ കട്ടിൽ ഇപ്പോൾ
തകർന്ന ഒരു ഐസ്ക്രീം ബൗൾ.
