സവർക്കറും ഗോദ്സെയും

രാജ്യത്ത് ഹിന്ദുത്വവാദത്തിന്റെ ശക്തരായ രണ്ട് നടത്തിപ്പുകാരായിരുന്നു വിനായക് ഡി. സവർക്കറും നാഥുറാം ഗോദ്സെ യും. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് എഴുതുന്നു. വിനായക് ഡി. സവർക്കറും അതിനുമുമ്പ് ബർമയിലെ പുറത്താക്കപ്പെട്ട, നാടുകടത്തപ്പെട്ട രാജാവായിരുന്ന എച്ച്.ആർ.എച്ച്. തീബാവ് മിന്നും തടവിലാക്കപ്പെട്ട സ്ഥലമായിരുന്നു രത്നഗിരി. രത്നഗിരിയിൽ താമസിക്കുന്ന സവർക്കറിനെക്കുറിച്ച് നാഥുറാം കേട്ടിരുന്നു, ഒരുദിവസം അദ്ദേഹം സവർക്കറുടെ...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് ഹിന്ദുത്വവാദത്തിന്റെ ശക്തരായ രണ്ട് നടത്തിപ്പുകാരായിരുന്നു വിനായക് ഡി. സവർക്കറും നാഥുറാം ഗോദ്സെ യും. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് എഴുതുന്നു.
വിനായക് ഡി. സവർക്കറും അതിനുമുമ്പ് ബർമയിലെ പുറത്താക്കപ്പെട്ട, നാടുകടത്തപ്പെട്ട രാജാവായിരുന്ന എച്ച്.ആർ.എച്ച്. തീബാവ് മിന്നും തടവിലാക്കപ്പെട്ട സ്ഥലമായിരുന്നു രത്നഗിരി. രത്നഗിരിയിൽ താമസിക്കുന്ന സവർക്കറിനെക്കുറിച്ച് നാഥുറാം കേട്ടിരുന്നു, ഒരുദിവസം അദ്ദേഹം സവർക്കറുടെ വസതിയിലെത്തി. നാഥുറാമിന്റെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയായിരുന്നില്ല.
താമസിയാതെ നാഥുറാം സവർക്കറിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായി. അദ്ദേഹത്തിന്റെ രാഷ്ട്രീയ സൈദ്ധാന്തീകരണം അങ്ങനെ തുടങ്ങി. നാഥുറാം ഒടുവിൽ ഒരു വാടക പിതാവിനെ, ഒരു ഗുരുവിനെ കണ്ടെത്തി. തനിക്കൊരിക്കലും ഉണ്ടാകാതിരുന്ന ഒരു പിതാവിനെ അദ്ദേഹം സവർക്കറിൽ കണ്ടു. സവർക്കറുടെ ഹിന്ദു പുനരുത്ഥാനത്തിനുള്ള ആഗ്രഹവും ഹിന്ദുമതത്തിന്റെ പ്രതികാരമായ തീവ്രവാദ പതിപ്പും യുവാവിനെ ആകർഷിച്ചു. താമസിയാതെ അദ്ദേഹം ഒരു ഉറച്ച ഭക്തനായി മാറി. ബ്രിട്ടീഷുകാരുമായുള്ള കരാറിന്റെ അനന്തരഫലമായി, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പൊതുസ്ഥലത്ത് രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തില്ലെന്നും സവർക്കർ പ്രതിജ്ഞയെടുത്തിരുന്നു.
രാഷ്ട്രീയ സന്ദേശങ്ങളൊന്നുമില്ലെന്ന് പ്രസാധകർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ പുസ്തകങ്ങൾപോലും പ്രസിദ്ധീകരിക്കാൻ കഴിയൂ. എന്നാൽ, സവർക്കർ തന്റെ വികാരങ്ങൾ സ്വകാര്യമായി തുറന്നുപറഞ്ഞു; ബ്രിട്ടീഷുകാർ നൽകിയ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലായിരുന്നു, സന്ദർശകർക്ക് വരാനും പോകാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. സവർക്കർ വസതിയിൽ പറഞ്ഞതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് വിരുദ്ധമല്ല, കോൺഗ്രസ്, ഗാന്ധി, മുസ്ലിം വിരുദ്ധതയായിരുന്നു. സ്പോഞ്ച് ദ്രാവകങ്ങളെ ആഗിരണം ചെയ്യുന്നതുപോലെ നാഥുറാം തന്റെ യജമാനന്റെ വെറുപ്പ് ആഗിരണംചെയ്തു.
നാഥുറാമിന്റെ കൂറിൽ ആകൃഷ്ടനായ സവർക്കർ അദ്ദേഹത്തെ തന്റെ സെക്രട്ടറിയായി നിയമിച്ചു. സവർക്കർ പറയുന്നത് കേട്ട് നാഥുറാം ഇംഗ്ലീഷിന്റെ അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കുകയും അദ്ദേഹത്തിന്റെ സംസാരശൈലി അനുകരിക്കുകയുംചെയ്തു. താമസിയാതെ അദ്ദേഹം ഇംഗ്ലീഷ് എഴുതുന്നതിലും സംസാരിക്കുന്നതിലും പ്രാവീണ്യം നേടി. 1931ൽ വിനായക് ഗോദ്സെ തപാൽ വകുപ്പിൽനിന്ന് വിരമിച്ചു. തുച്ഛമായ പെൻഷൻ തന്റെ വലിയ കുടുംബം പുലർത്താൻ പര്യാപ്തമായ ഒരു ചെറിയ പട്ടണത്തിലേക്ക് കുടുംബം മാറണമെന്ന് അദ്ദേഹം തീരുമാനിച്ചു. തെക്കു പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി എന്ന ചെറുപട്ടണത്തിലാണ് ഗോദ്സെകൾ താമസമാക്കിയത്. അച്ഛന്റെ പെൻഷൻ കൂടാതെയുള്ള പണത്തിനായി, നാഥുറാം തയ്യൽ പഠിച്ച് ഒരു കട തുടങ്ങി. അതും അപര്യാപ്തമായതിനാൽ കുടുംബത്തിന്റെ വരുമാനം കൂട്ടാൻ പഴങ്ങൾ വിൽക്കാൻ തുടങ്ങി.
സവർക്കറുടെ ആശയശാസ്ത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചില ബ്രാഹ്മണർ ഒരു ഹിന്ദുസംഘടന സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂമിശാസ്ത്ര കേന്ദ്രമായ നാഗ്പൂരിൽ ഒത്തുകൂടി. ഇത് ആർ.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും മുന്നോടിയാണ്. സംഘടന ബ്രാഹ്മണർ സ്ഥാപിച്ച, ബ്രാഹ്മണർ അംഗമായ, ബ്രാഹ്മണർക്കുവേണ്ടിയുള്ളതായിരുന്നു. ഹിന്ദു ഐക്യത്തിന്റെ മറവിൽ സവർണ ഹിന്ദു മേൽക്കോയ്മ ഉയർത്തിപ്പിടിക്കുന്ന ഒരു തീവ്ര മേൽജാതി ഹിന്ദു സംഘടന കെട്ടിപ്പടുക്കുക എന്നതായിരുന്നു ആശയം. എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന ഗാന്ധിയൻ നയം, മുസ്ലിംകൾക്ക് സമത്വം, ബ്രാഹ്മണർക്ക് തികച്ചും വെറുപ്പുളവാക്കുന്ന തൊട്ടുകൂടാത്തവർക്ക് തുല്യത, ഹിന്ദു സമൂഹത്തിലെ മറ്റ് സമൂഹങ്ങളെപ്പോലെ അവരെ ഒരേ നിലയിലേക്ക് കൊണ്ടുവരാനുള്ള നയം എന്നിവയെ അവർ എതിർത്തു. ഗാന്ധിയായിരുന്നു അവരുടെ പ്രധാന ശത്രു. ഗാന്ധിയുടെ അഹിംസ ഉപേക്ഷിച്ച് തങ്ങളുടെ കൊളോണിയൽ യജമാനന്മാരുടെ സേവനത്തിൽ ആയുധമെടുക്കണമെന്നായിരുന്നു ഹിന്ദു സവർണ ജാതികളോടുള്ള അവരുടെ ആഹ്വാനം. ദ്വിരാഷ്ട്ര സിദ്ധാന്തം–പാകിസ്താൻ വിഭാവനംചെയ്ത പ്രത്യയശാസ്ത്രംപോലെ സവർക്കറാണ് അത്തരമൊരു സംഘടനയുടെ ആശയം ആദ്യമായി മുന്നോട്ടുെവച്ചത്.

നാരായൺ ഡി. ആപ്തെയും നാഥുറാം ഗോദ്സെയും
സംഘടന എന്ന ആശയം ചർച്ചചെയ്യപ്പെടുമ്പോൾ നാഥുറാം രത്നഗിരിയിൽ തന്റെ യജമാനനെ വിശ്വസ്തതയോടെ സേവിച്ചു. തീവ്രവാദിയായ ഹിന്ദു വലതുപക്ഷ സംഘടനയുടെ പിറവിയെ സവർക്കർ അനുഗ്രഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ, സാംഗ്ലിയിൽ സംഘടനയുടെ ഒരു ശാഖ ആരംഭിച്ചപ്പോൾ, നാഥുറാം ആദ്യമായി അതിൽ ചേർന്നു, താമസിയാതെ അതിന്റെ സെക്രട്ടറിയായി നിയമിതനായി. അയാൾക്ക് അപ്പോൾ ഇരുപത് വയസ്സായിരുന്നു, അവരുടെ ജാതിയിൽനിന്നുള്ള ഒരു പെൺകുട്ടിയെ നാഥുറാം വിവാഹം കഴിക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചു. എന്നാൽ, കുട്ടിക്കാലത്ത് ഒരു പെൺകുട്ടിയായി ജീവിക്കാൻ നിർബന്ധിതനായതിന്റെ ആഘാതത്തിൽനിന്ന് നാഥുറാം അപ്പോഴും മുക്തനായിരുന്നില്ല, അതിനാൽ അയാൾ ശക്തമായി വിവാഹം എന്ന ആവശ്യം നിരസിച്ചു.
1937ൽ ബോംബെയിലെ ആദ്യത്തെ പ്രവിശ്യാ കോൺഗ്രസ് സർക്കാർ സവർക്കറെ മോചിപ്പിച്ചു. ഹിന്ദു സംഘടനയും മറ്റ് സവർക്കറികളും ഒത്തുചേർന്ന് അദ്ദേഹത്തെ മറാത്തി സംസാരിക്കുന്ന പ്രവിശ്യയിൽ പര്യടനത്തിനായി കൊണ്ടുപോയി. വിവിധ പട്ടണങ്ങളിലും നഗരങ്ങളിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. അദ്ദേഹം സന്ദർശിച്ച സ്ഥലങ്ങളിൽ ഒന്ന് സാംഗ്ലി ആയിരുന്നു. സംഘടനയുടെ ലോക്കൽ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിൽ നാഥുറാം, സവർക്കറുടെ താമസത്തിനും സാംഗ്ലിയിലെ പൊതുപരിപാടികൾക്കുമുള്ള എല്ലാ ക്രമീകരണങ്ങളുടെയും ചുമതല വഹിച്ചു. രത്നഗിരിയിൽ െവച്ച് സവർക്കറുമായുള്ള അടുത്ത പരിചയം കാരണം സവർക്കർ അദ്ദേഹത്തെ വിശ്വസിച്ചു. നാഥുറാം സവർക്കറുടെ പരിവാരങ്ങളോടൊപ്പം ചേരുകയും പര്യടനത്തിന്റെ ബാക്കി ഭാഗങ്ങളിൽ അദ്ദേഹത്തെ അനുഗമിക്കുകയുംചെയ്തു. സാംഗ്ലിയിൽ താമസിക്കുന്നത് തന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് നാഥുറാം മനസ്സിലാക്കി. ബോംബെക്കും സവർക്കറിനും സമീപമുള്ള കൂടുതൽ കേന്ദ്രീകൃതമായ സ്ഥലത്തേക്ക് അദ്ദേഹത്തിന് മാറേണ്ടിവന്നു; അയാൾ സാംഗ്ലിയിലെ കട പൂട്ടി പുണെയിലേക്ക് മാറി. അവിടെ ഒരു തയ്യൽക്കട തുടങ്ങിയെങ്കിലും, ഹിന്ദു സംഘടനയുടെ പ്രവർത്തനങ്ങളിലാണ് കൂടുതൽ സമയം ചെലവഴിച്ചത്.
നാഥുറാം അപ്പോൾ ഇരുപത്തിനാല് മണിക്കൂറും ഹിന്ദു മഹാസഭയുടെ അംഗമായി പ്രവർത്തിച്ചു. രത്നഗിരിയിൽനിന്ന് ലഭിച്ച പരിശീലനം സഹായകമായി. അദ്ദേഹം ഹിന്ദു മേൽക്കോയ്മയുടെ ആവേശകരമായ പ്രസംഗകനായി. 1938ൽ നൈസാം ഭരിച്ചിരുന്ന ഹൈദരാബാദ് നാട്ടുരാജ്യത്തിലേക്ക് മഹാസഭ മാർച്ച് ആരംഭിച്ചു. നാഥുറാമിനെ ആദ്യ ബാച്ചിലെ മാർച്ചിന്റെ നേതൃത്വം ഏൽപിച്ചു; നൈസാമിന്റെ പ്രദേശങ്ങളിൽ പ്രവേശിച്ചയുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഒരു വർഷത്തേക്ക് ജയിലിലടക്കുകയുംചെയ്തു. മോചിതനായപ്പോഴേക്കും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
മോചിതനായശേഷം നാഥുറാം പുണെയിലേക്ക് മടങ്ങി. 1940ൽ നാഥുറാം ജീവിതകാലം മുഴുവൻ ഒരു ബന്ധം വളർത്തിയെടുക്കാൻ പോകുന്ന ഒരാളെ കണ്ടുമുട്ടി. നാരായൺ ഡി. ആപ്തെയെ. അദ്ദേഹം മഹാസഭയിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ്നഗറിൽനിന്ന് തിരിച്ചെത്തിയതേയുള്ളൂ. രണ്ട് ചെറുപ്പക്കാരും കടലും കടലാടിയുംപോലെ വ്യത്യസ്തരായിരുന്നു, പക്ഷേ സാധാരണയായി സംഭവിക്കുന്നതുപോലെ, അവർ തൽക്ഷണം ഒരു ബന്ധം രൂപപ്പെടുത്തി. അത് അവരുടെ ശേഷിക്കുന്ന വർഷങ്ങളിൽ നിലനിൽക്കും. 1942ൽ സവർക്കർ ഒരു ഹിന്ദു രാഷ്ട്ര ദൾ രൂപവത്കരിക്കാനുള്ള ആശയം മുന്നോട്ടുെവച്ചു, അതിൽ അംഗങ്ങൾ ഹിന്ദു മഹാസഭയുടെ യഥാർഥ ശക്തിസേനാംഗങ്ങളായിരിക്കും. നാഥുറാം ഗോദ്സെയും നാരായൺ ആപ്തെയും ദളിൽ ചേർന്നു. സംഘടനയുടെ പ്രവർത്തന മൂർധന്യത്തിൽ ദളിന് നൂറുകണക്കിന് അംഗങ്ങളുണ്ടായിരുന്നു. അതിലെ അംഗങ്ങൾക്ക് ആയോധന പരിശീലനം നൽകുകയും അസഹിഷ്ണുത, മതഭ്രാന്ത്, അക്രമം, കൊലപാതകം എന്നിവയെക്കുറിച്ചുള്ള സവർക്കറുടെ തത്ത്വചിന്തകൾ പഠിപ്പിക്കുകയുംചെയ്തു. കോൺഗ്രസ് യോഗങ്ങൾ തടസ്സപ്പെടുത്തുക, കോൺഗ്രസ് നേതാക്കളെ തെറിവിളിക്കുക, ഗാന്ധിയെ വേട്ടയാടുക എന്നിവ മാത്രമാണ് ദൃശ്യമായത്. നാഥുറാമും ആപ്തെയും ദളിന്റെ നേതാക്കളായിരുന്നു.
1944ൽ, സവർക്കറിനും ഹിന്ദു മഹാസഭക്കും അവരുടെ ദളിനും വേണ്ടി ഒരു ആനുകാലികം തുടങ്ങാനുള്ള ആശയം ആപ്തെയോട് നാഥുറാം പറഞ്ഞു. സവർക്കർ അവരുടെ ഉദ്യമത്തെ അനുഗ്രഹിച്ച്, 15,000 രൂപ സമ്മാനമായി നൽകി. മഹാരാഷ്ട്രയിൽ ആഘോഷിക്കുന്ന ഹിന്ദു പുതുവർഷമായ ഗുഡി പദ്വയിലാണ് ‘അഗ്രണി’യുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്. മുൻ പേജ്, തുടർന്നുള്ള എല്ലാ ലക്കങ്ങളെയുംപോലെ, അതിന്റെ തലക്കെട്ടിൽ സവർക്കറുടെ ഛായാചിത്രം വഹിച്ചു. നാഥുറാം അതിന്റെ എഡിറ്ററും ആപ്തെ പ്രസാധകനുമായിരുന്നു.
നാഥുറാമും ആപ്തെയും, ഇപ്പോൾ വേർപിരിയാനാവാത്ത, മതഭ്രാന്തന്മാരുടെ പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു. നാഥുറാം കൂടുതൽ ചലനാത്മകവും ബഹിർമുഖവുമായ ആപ്തെയുടെ നേതൃത്വത്തെ അംഗീകരിച്ചിരുന്നു. അവരുടെ സംയുക്ത സംരംഭമായ ‘അഗ്രണി’ക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, സവർക്കർ, ഇടക്കിടെ ആവശ്യമായ ഫണ്ടുകൾ നൽകി അവരെ നിലനിർത്തി. അക്രമാസക്തവും അധിക്ഷേപകരവുമായ ഭാഷയും വിദ്വേഷ പ്രചാരണവും നിമിത്തം ബോംബെ പ്രവിശ്യാ ഗവൺമെന്റിൽനിന്ന് പ്രസ് ആക്ടിന്റെ ലംഘനങ്ങൾക്ക് ‘അഗ്രണി’ തുടർച്ചയായി നിയമനടപടി നേരിട്ടു. തുടർച്ചയായ ഈ പീഡനം നാഥുറാമിന് കോൺഗ്രസിനോടും അതിന്റെ നേതാക്കളോടും തോന്നിയ ദേഷ്യം വർധിപ്പിച്ചു. ഒടുവിൽ, അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കുന്നതിന് തൊട്ടുമുമ്പ്, അത് നിലനിർത്താനുള്ള ശ്രമത്തിൽ, ആപ്തെയും ഗോദ്സെയും അവരുടെ ആനുകാലികെത്ത ‘ഹിന്ദു രാഷ്ട്ര’ എന്ന് പുനർനാമകരണംചെയ്തു.

ഗാന്ധിജിയുടെ സംസ്കാര ചടങ്ങിന് ഒഴുകിയെത്തിയ ജനക്കൂട്ടം
വ്യക്തിപരമായ കാര്യങ്ങളിൽ, നാഥുറാം തന്റെ മാതാപിതാക്കൾ കൊണ്ടുവന്ന എല്ലാ വിവാഹാലോചനകളും നിരസിച്ചുകൊണ്ടിരുന്നു. നട്ടുവളർത്തിയ ഒരേയൊരു ശീലം കാപ്പിയോടുള്ള അടിമത്തമായിരുന്നു. ആപ്തെയും നാഥുറാമും പുണെയിലെ ചായക്കടകളിൽ പതിവായി പോകുമായിരുന്നു, പുണെ റെയിൽവേ സ്റ്റേഷനിലെ കഫേ/ റസ്റ്റാറന്റായിരുന്നു അവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്ന്. ജീവിതത്തിലുടനീളം, നാഥുറാമിന് പുരുഷന്മാരുമായി മാത്രം ബന്ധങ്ങളും അടുത്ത ബന്ധങ്ങളും സ്ഥാപിക്കാൻ കഴിഞ്ഞു. ചലനാത്മകവും ബാഹ്യവുമായ വ്യക്തിത്വങ്ങളുള്ള പുരുഷന്മാരിലേക്ക് അദ്ദേഹം തൽക്ഷണം ആകർഷിക്കപ്പെട്ടു; അങ്ങനെ, അദ്ദേഹം തന്റെ രൂപവത്കരണ വർഷങ്ങളിൽ സവർക്കറുമായി ഒരു വീരൻ-ശിഷ്യ ബന്ധത്തിൽ ബന്ധിതനായി, തുടർന്ന്, യഥാർഥത്തിൽ തന്നേക്കാൾ ഒരു വയസ്സിന് ഇളയവനായിരുന്ന, അതിഗംഭീരനും പ്രഗല്ഭനുമായ നാരായൺ ആപ്തെയുമായി ഒരു കീഴ്വഴക്കത്തിന്റെ ഒരു ബന്ധം രൂപവത്കരിച്ചു. അതേ ൈവകാരികതയോടെ നാഥുറാം വെറുത്തതും, അദ്ദേഹത്തിന്റെ രോഗാതുരമായ വെറുപ്പിന്റെ ലക്ഷ്യവും മറ്റൊരു ശക്തനും ചലനാത്മകനുമായ വ്യക്തിയെയായിരുന്നു –മോഹൻദാസ് ഗാന്ധി.
മൊഴിമാറ്റം: ആർ.കെ. ബിജുരാജ്
=============================
കുറിപ്പ്: തുഷാർ എ. ഗാന്ധി രചിച്ച ‘ലെറ്റ് അസ് കിൽ ഗാന്ധി’ എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം. മലയാളത്തിൽ ‘നമുക്ക് ഗാന്ധിയെ കൊല്ലാം’ എന്ന പേരിൽ വൈകാതെ പുറത്തിറങ്ങും)
