'വി.ഡി സവർക്കർ നാഥുറാം ഗോഡ്‌സെയുടെ ബന്ധു, തന്റെ മാതൃപരമ്പര സത്യകി സവർക്കർ മനഃപൂർവം മറച്ചുവെച്ചു'; രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലം
text_fieldsന്യൂഡൽഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ വി.ഡി സവർക്കർ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ ബന്ധുവാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സവർക്കറുടെ ചെറുമകൻ തനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയതിനെത്തുടർന്ന് പൂനെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. സവർക്കറുടെ സഹോദരൻ നാരായൺ സവർക്കറുടെ ചെറുമകനായ സത്യകി സവർക്കറാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. ഗോഡ്‌സെയുമായി ബന്ധമുള്ള തന്റെ മാതൃപരമ്പര സത്യകി സവർക്കർ മനഃപൂർവം മറച്ചുവെച്ചതായും രാഹുൽ ആരോപിച്ചു.
'പരാതിക്കാരന്റെ അമ്മയായ പരേതയായ ഹിമാനി അശോക് സവർക്കർ ഗോപാൽ വിനായക് ഗോഡ്സെയുടെ മകളാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ഇളയ സഹോദരനാണ് ഗോപാൽ വിനായക് ഗോഡ്സെ. ഹിമാനി സവർക്കർ ഹിന്ദുത്വ പ്രവർത്തകയായിരുന്നു. വി.ഡി സവർക്കറുടെ അനന്തരവൻ അശോക് സവർക്കറെ ഇവർ വിവാഹം കഴിക്കുകയായിരുന്നു.' രാഹുൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഗാന്ധി വധക്കേസിൽ വി.ഡി സവർക്കർ കൂട്ടുപ്രതിയായിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടുവെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. സവർക്കർ കുടുംബവും ഗോഡ്‌സെ കുടുംബവും രക്തബന്ധമുള്ളവരാണ്. രണ്ട് കുടുംബങ്ങൾക്കും ചരിത്രമുണ്ടെങ്കിൽ അത് രണ്ട് കുടുംബങ്ങളുടെയും രാജ്യത്തെ സംഭാവന, പ്രശസ്തി, പദവി, പ്രതിച്ഛായ എന്നിവയെ നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പരാതിക്കാരനായ സത്യകി സവർക്കർ തന്റെ പിതാവിന്റെ കുടുംബവൃക്ഷം മാത്രമാണ് നൽകിയതെന്നും മാതാവിന്റെ കുടുംബവൃക്ഷം നൽകിയില്ലെന്നും ഗാന്ധി സത്യവാങ്മൂലത്തിൽ പറയുന്നു.
ഒരു കക്ഷി ശുദ്ധമായ കൈകളോടെ കോടതിയിൽ എത്തിയില്ലെങ്കിൽ അവർക്ക് വാദം കേൾക്കാനോ ഏതെങ്കിലും തരത്തിലുള്ള ആശ്വാസം ലഭിക്കാനോ അർഹതയില്ല എന്നാണ് നിയമം. സത്യസന്ധമല്ലാത്ത വ്യവഹാരികളിൽ നിന്ന് നീതിന്യായ പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കോടതിയിൽ നിന്ന് വസ്തുതകൾ മറച്ചുവെക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. അത് കോടതിയോടുള്ള വഞ്ചനയായി കണക്കാക്കും. ഇത് കേസ് തള്ളിക്കളയുന്നതിന് ഇടയാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പരാതിക്കാരൻ മനഃപൂർവം വസ്തുതകൾ മറച്ചുവെച്ചു എന്നും രാഹുൽ കൂട്ടിച്ചേർത്തു.
സത്യകി സവർക്കർ 2023 മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. താനും തന്റെ ചില സുഹൃത്തുക്കളും ഒരിക്കൽ മുസ്ലീം പുരുഷനെ മർദ്ദിച്ച് അതിൽ സന്തോഷിച്ചതായും സവർക്കർ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ അവകാശപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സവർക്കർ ഇതുപോലുള്ള ഒന്നും എഴുതിയിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

