Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും കൃത്യമായി പ്രവർത്തിക്കും: ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടർ വിറ്റുപോയത് 10.9 കോടിക്ക്; റെക്കോർഡിട്ട് 'ഹാറ്റ്ഫീൽഡ്' ആപ്പിൾ-1

text_fields
bookmark_border
apple 1
cancel
camera_alt

ആപ്പിൾ-1

ന്യൂയോർക്ക്: ടെക് ലോകത്തെ ഇതിഹാസ കമ്പനിയായ ആപ്പിളിന്റെ ചരിത്രം ആരംഭിച്ച കമ്പ്യൂട്ടറിന് ലേലത്തിൽ ലഭിച്ചത് കോടികൾ. ആപ്പിൾ കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ അപൂർവ്വമായ ആപ്പിൾ-1 കമ്പ്യൂട്ടർ ലേലത്തിൽ വിറ്റുപോയത് 11.5 ലക്ഷം ഡോളറിന്, അതായത് ഏകദേശം 10.9 കോടി രൂപക്ക്. ഇന്നും പൂർണമായും പ്രവർത്തനക്ഷമമാണ് ഈ കമ്പ്യൂട്ടർ.

ആപ്പിളിന്റെ ആദ്യ ഉൽപ്പന്നത്തിന്റെ നിലനിൽക്കുന്ന വളരെ ചുരുക്കം യൂണിറ്റുകളിൽ ഒന്നാണ് ഇത് എന്നതാണ് ഈ കമ്പ്യൂട്ടറിനെ ഇത്രയും വിലപ്പെട്ടതാക്കുന്നത്. കളക്ടർമാർക്കിടയിൽ 'ഹാറ്റ്ഫീൽഡ്' ആപ്പിൾ-1 എന്നറിയപ്പെടുന്ന ഈ കമ്പ്യൂട്ടറിനായി ലേലത്തിൽ വലിയ മത്സരമാണ് നടന്നത്. 28 മിനിറ്റ് നീണ്ടുനിന്ന തീവ്രമായ ലേലത്തിനൊടുവിലാണ് അന്തിമ വിലയിലെത്തിയത്.

അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസ് ആണ് ലേലം നടത്തിയത്. ബോൺഹാംസ് പറയുന്നതനുസരിച്ച്, വാണിജ്യപരമായി പുറത്തിറക്കിയ ആപ്പിൾ-1 യൂണിറ്റിന്റെ ലോക റെക്കോർഡാണ് ഈ വില. ‘കമ്പ്യൂട്ടിങ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നായ 'ഹാറ്റ്ഫീൽഡ്' ആപ്പിൾ-1ന് ലഭിച്ച ഈ അസാധാരണമായ ഫലത്തിൽ ഞങ്ങൾ അതിയായി സന്തുഷ്ടരാണ്. കമ്പനിയുടെ 50-ാം വാർഷിക വർഷത്തിൽ ആപ്പിളിന്റെ ആദ്യ ഉൽപ്പന്നം വാഗ്ദാനം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ബോൺഹാംസ് ഡയറക്ടർ ഇയാൻ എലിങ് പറഞ്ഞു.

ഈ കമ്പ്യൂട്ടറിന്‍റെ ചരിത്രവും പാരമ്പര്യവുമാണ് കളക്ടർമാരുടെ ശ്രദ്ധ ആകർഷിച്ച പ്രധാന ഘടകം. 1976ൽ ഹാർഡ്‌വെയർ ഒറ്റക്ക് രൂപകൽപ്പന ചെയ്ത് നിർമിച്ചത് വോസ്നിയാക് ആയിരുന്നു. അതേസമയം, സ്റ്റീവ് ജോബ്‌സ് ആയിരുന്നു അവരുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ വാണിജ്യപരമായ കാര്യങ്ങൾ കൈകാര്യം ചെയ്തത്. കമ്പ്യൂട്ടറിന് പുറമെ, വിജയിച്ച ലോട്ടിൽ കമ്പ്യൂട്ടിങ് ചരിത്രത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുന്നു.

1978ൽ സ്റ്റീവ് ജോബ്സ് തന്നെ ഒപ്പിട്ട് ടൈപ്പ് ചെയ്ത ഒരു കത്ത്. കമ്പ്യൂട്ടറിന്റെ യഥാർത്ഥ വാങ്ങുന്നയാളായ ഫ്രെഡ് ഹാറ്റ്ഫീൽഡിനെ അഭിസംബോധന ചെയ്താണ് ആ കത്ത് എഴുതിയിരുന്നത്. പുതിയ ആപ്പിൾ II മോഡലിലേക്കുള്ള അപ്‌ഗ്രേഡ് പാത്ത് വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് ഈ യൂണിറ്റിന് 'ഹാറ്റ്ഫീൽഡ്' ആപ്പിൾ-1 എന്ന് പേര് വന്നത്.

ഇതുകൂടാതെ, യഥാർത്ഥ ഓപ്പറേഷൻ മാനുവലുകൾ, ഹാർഡ്‌വെയർ ഘടകങ്ങൾ, എക്‌സ്‌ക്ലൂസീവ് ആപ്പിൾ I ഓണേഴ്‌സ് ക്ലബ്ബിൽ ചേരാനുള്ള ടൈപ്പ് ചെയ്ത ക്ഷണം എന്നിവയും പാക്കേജിനൊപ്പം ഉണ്ടായിരുന്നു. ഒരു കമ്പ്യൂട്ടർ എന്നതിലുപരി, ഒരു ചരിത്ര രേഖ കൂടിയാണ് ലേലത്തിൽ പോയത്.

ഔദ്യോഗിക ആപ്പിൾ-1 രജിസ്ട്രിയിൽ മെഷീൻ നമ്പർ 48 ആയി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ യൂണിറ്റ്, ആ പ്രാരംഭ നിർമാണത്തിൽ നിന്ന് അവശേഷിക്കുന്ന 75ൽ താഴെ മാത്രം വരുന്ന കമ്പ്യൂട്ടറുകളുടെ ഒരു എലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമാണ്. അതിൽ തന്നെ പ്രവർത്തനക്ഷമമായവ വിരലിലെണ്ണാവുന്നതേ ഉള്ളൂ. ആപ്പിൾ-1 എങ്ങനെ നിർമിക്കപ്പെട്ടുവെന്നും വോസ്നിയാക് പിന്നീട് തന്റെ ഓർമക്കുറിപ്പായ iWozൽ വിവരിച്ചിട്ടുണ്ട്. ‘ഞാൻ കീബോർഡിൽ കുറച്ച് കീകൾ ടൈപ്പ് ചെയ്തു, ഞാൻ ഞെട്ടിപ്പോയി’ എന്നാണ് അദ്ദേഹം എഴുതിയത്.

‘അക്കാലത്ത് എനിക്ക് മനസ്സിലായില്ല, പക്ഷേ ആ ദിവസം, 1975 ജൂൺ 29 ഞായറാഴ്ച, നിർണായകമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ആരെങ്കിലും ഒരു കീബോർഡിൽ ഒരു പ്രതീകം ടൈപ്പ് ചെയ്യുകയും അത് അവരുടെ മുന്നിലുള്ള സ്ക്രീനിൽ തൽക്ഷണം പ്രത്യക്ഷപ്പെടുന്നത് കാണുകയും ചെയ്യുന്നത്. അന്നാണ് വ്യക്തിഗത കമ്പ്യൂട്ടർ എന്ന ആശയം യാഥാർത്ഥ്യമായത്. ആ ചരിത്ര നിമിഷത്തിന് സാക്ഷിയായ യന്ത്രത്തിന്റെ പിൻഗാമിയാണ് ഇന്ന് കോടികൾക്ക് വിറ്റുപോയിരിക്കുന്നത് വോസ്നിയാക് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rare Apple-1 Fetches Record Millions
Next Story