വ്യാജ ക്യാപ്ച്ച പരിശോധനയിലൂടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നു; ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്
text_fieldsതിരുവനന്തപുരം: വെബ്സൈറ്റുകളിലെ ക്യാപ്ച്ച പരിശോധനയുടെ മറവിൽ പുതിയ സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. 'ക്ലിക്ക് ഫിക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ തട്ടിപ്പിലൂടെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാനാണ് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
ചില വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ കാണുന്ന യഥാർത്ഥ ക്യാപ്ച്ച പരിശോധനയ്ക്ക് ശേഷമാണ് തട്ടിപ്പ് അരങ്ങേറുന്നത്. പരിശോധന പൂർത്തിയാക്കുന്നതോടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മറ്റൊരു ഡയലോഗ് ബോക്സ് കൂടി സ്ക്രീനിൽ തെളിയുന്നു. ഈ ബോക്സിൽ തട്ടിപ്പുകാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ വൻ വിപത്താണ് കാത്തിരിക്കുന്നത്. ഡയലോഗ് ബോക്സിലെ നിർദ്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കുന്നതോടെ ഹാക്കർമാർക്ക് സിസ്റ്റത്തിന്റെ നിയന്ത്രണം ലഭിക്കുന്നു. തുടർന്ന് ഓൺലൈൻ ബാങ്കിങ് പാസ്‌വേഡുകൾ, ഇമെയിൽ അക്കൗണ്ടുകൾ, ബ്രൗസറിൽ സേവ് ചെയ്തുവെച്ചിരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ ഇവർ കൈക്കലാക്കുകയും ഡാറ്റ ലോക്ക് ചെയ്യുകയും ചെയ്യുന്നു. പിന്നീട് ഈ അക്കൗണ്ടുകൾ അൺലോക്ക് ചെയ്യുന്നതിനായി വലിയ തുക ആവശ്യപ്പെടുന്നതാണ് രീതി.
അംഗീകൃതമായ ഒരു വെബ്സൈറ്റും ക്യാപ്ച്ച പരിശോധനയുടെ ഭാഗമായി പവർഷെൽ അല്ലെങ്കിൽ കമാൻഡ് പ്രോംപ്റ്റ് കമാൻഡുകൾ പ്രവർത്തിപ്പിക്കാനോ, ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കമ്പ്യൂട്ടറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായി സംശയം തോന്നിയാൽ ഉടൻ തന്നെ വൈഫൈ അല്ലെങ്കിൽ ലാൻ കണക്ഷൻ വിച്ഛേദിച്ച് ഉപകരണം ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായി വേർപെടുത്തേണ്ടതാണ്. സംശയാസ്പദമായ ഫയലുകൾ പരിശോധിക്കുന്നതിനായി മറ്റ് കമ്പ്യൂട്ടറുകളിലേക്കോ മൊബൈൽ ഫോണുകളിലേക്കോ കൈമാറരുത്. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ അടുത്തുള്ള സൈബര്‍ പൊലീസ് സ്റ്റേഷനിലോ, ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്കോ ബന്ധപ്പെടുക. വിവരങ്ങൾ www.cybercrime.gov.in എന്ന പോർട്ടലിലൂടെയും റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

