മേപ്പയ്യൂർ: കവിയും നാടകകൃത്തും സംവിധായകനുമായ സുരേഷ് മേപ്പയൂർ (58) നിര്യാതനായി.
അർബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. അമച്വർ, പ്രഫഷനൽ, തെരുവ് നാടക രചനയിലും സംവിധാനത്തിലും സജീവമായിരുന്നു. ആകാശവാണിയിലൂടെ ഇരുപത്തിയഞ്ചിലേറെ നാടകങ്ങൾ എഴുതി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
പ്രഫഷനൽ നാടകരംഗത്തും ശ്രദ്ധേയനായിരുന്നു. വടകര വരദ, സ്വദേശാഭിമാനി തുടങ്ങിയ നാടകസംഘങ്ങൾക്കു വേണ്ടി രചന നിർവഹിച്ചു. അശോകചക്രം, കാവുട്ട്, ആറടി മണ്ണിന്റെ ജന്മി, പെൺ ചൂത്, തോറ്റവന്റെ ഉത്തരങ്ങൾ എന്നീ നാടകങ്ങൾ പുസ്തകങ്ങളായിട്ടുണ്ട്.
കെ.പി. കായലാട് സാഹിത്യ പുരസ്കാരം, നാടകരചനക്കുള്ള ഭാഷാശ്രീ സാഹിത്യ പുരസ്കാരം, ചാക്കോള -ഓപ്പൻ റോസി മെമ്മോറിയൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
നീലാംബരി, മക്കളെ കണ്ടും മാമ്പൂ കണ്ടും, നീതിശാസ്ത്രം, കൃഷിക്കാരൻ, ഗോതമ്പു പാടങ്ങൾക്കിടയിൽനിന്നും ഒരു നിലവിളി, ആരോ വരച്ചിട്ട ചിത്രങ്ങൾ, കഥപറയും കാലം, പിന്നെയും പൂക്കുന്ന പൂമരങ്ങൾ, പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾ, ശാലിനി ഒരു കഥപറയുന്നു, കാമറ കണ്ണിലൂടെ ഒരു ജീവിതം, പെൺ ചൂത്, ചുരം, അധികാരത്തിന്റെ അവകാശികൾ, പുലി തുടങ്ങിയവയാണ് ശ്രദ്ധേയ രചനകൾ.
ഭാര്യ: പുഷ്പ. മക്കൾ: അളക, അശ്വതി. സഹോദരങ്ങൾ: മുരളി, പ്രകാശൻ (പൊലീസ്), ബിന്ദു (പെരുവട്ടൂർ).