എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യം; കുംഭമേള വൈറൽ പെൺകുട്ടി ഹൈകോടതികളെ സമീപിച്ചേക്കും
text_fieldsതിരുവനന്തപുരം: മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി മധ്യപ്രദേശ്, കേരള ഹൈകോടതികളെ സമീപിച്ചേക്കും. ഇതോടൊപ്പം മജിസ്ട്രേട്ടിന് മുന്നിൽ പെൺകുട്ടി രഹസ്യമൊഴി നൽകുമെന്നും അറിയുന്നു. പെൺകുട്ടിയെ തേടി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.
തന്നെ പൊലീസ് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പെൺകുട്ടി. തനിക്ക് പ്രായപൂർത്തിയായെന്നും രേഖകൾ ചുണ്ടിക്കാട്ടി അവർ പറയുന്നു. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് ഫർമാൻ ഖാനെയും നേരിൽ കാണണമെന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിലാണ്. എന്നാൽ, പൊലീസിന് മുമ്പാകെ ഹാജരാകേണ്ടതില്ലെന്ന തീരുമാനത്തിലാണ് പെൺകുട്ടി.
പെൺകുട്ടിയെ ഉടൻ ഹാജരാക്കണമെന്ന് ഇവർക്ക് സഹായമൊരുക്കുന്നവർക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് ഭർത്താവിനെതിരെ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഫർമാന്റെ അറസ്റ്റ് മെയ് 20 വരെ ഹൈകോടതി തടഞ്ഞിട്ടുണ്ടെങ്കിലും തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുമോയെന്ന് സംശയമുണ്ടെന്ന് കാട്ടി പെൺകുട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് ഫര്മാനെതിരെയുള്ള കേസ്. ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് വിവരമുണ്ട്. സർക്കാർ രേഖകളിൽ പെൺകുട്ടിയുടെ പ്രായം 16 ആണെന്ന് മധ്യപ്രദേശ് പൊലീസ് പറയുന്നത്.
മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐ, വനിതാ എസ്ഐ, രണ്ട് സി.പി.ഒമാർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. ഇവരുടെ വിവാഹത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ഫർമാന്റെ മലയാളിയായ സുഹൃത്തിനെ ചോദ്യം ചെയ്യാനാണ് ഇവർ തൃക്കാക്കര എത്തിയത്. എന്നാൽ, പൊലീസ് എത്തിയപ്പോൾ ഇയാൾ അവിടെ ഉണ്ടായിരുന്നില്ല. തങ്ങൾക്ക് മുമ്പാകെ ഹാജരാകണമെന്ന് ഫോണിൽ ബന്ധപ്പെട്ട് ഇയാൾക്ക് പൊലീസ് നിർദേശം നൽകി. പെൺകുട്ടിയും ഫർമാനും ആലുവ മേഖലയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ഇവരുടെ മൊഴി കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അതിനിടെ, ഹൈകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഫർമാനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

