‘ഇപ്പോൾ വളർന്നത് അരസെന്റീമീറ്റർ; 1500 വർഷം കൊണ്ട് തിരുകേശം എത്ര കിലോമീറ്റർ വളർന്നു..?’ -കാന്തപുരത്തിനെതിരെ ഹുസൈൻ മടവൂർ
text_fieldsഹുസൈൻ മടവൂർ, കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ
കോഴിക്കോട്: പ്രവാചക കേശം കൊണ്ടുവന്നതിനേക്കാൾ അര സെന്റീമീറ്റർ വലുതായെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ വാദങ്ങളെ തള്ളി മുജാഹിദ് നേതാവും കേരള നദ്‍വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹുസൈൻ മടവൂർ. ഒരു വർഷം കൊണ്ട് അരസെന്റീമീറ്റർ വളർന്നുവെന്ന് പറയപ്പെടുന്ന പ്രവാചക കേശം അങ്ങനെയെങ്കിൽ 1500 വർഷംകൊണ്ട് എത്ര കിലോമീറ്റർ വളർന്നുകാണുമെന്ന് ഹുസൈൻ മടവൂർ ചോദിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
10-15 വർഷമായി ഒരു മുടിയുമായി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഖുർആൻ കൽപിക്കുകയോ, പ്രവാചകൻ ഉപദേശിക്കുകയോ ചെയ്യാത്ത കാര്യമാണ് അദ്ദേഹം നടത്തുന്നത്. മുടി കൊണ്ടു വന്ന ശേഷമോ, കഴിഞ്ഞ വർഷമോ എത്ര നീളമുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ അളവ് എഴുതിവെച്ചിട്ട് അടുത്ത വർഷം എടുത്തുനോക്കിയാൽ ചൂഷണം മനസ്സിലാവും -ഹുസൈൻ മടവൂർ പറഞ്ഞു.
പണമുണ്ടാക്കാൻ വേണ്ടി ആത്മീയതയെ ചൂഷണ മാർഗമാക്കുകയാണ് കാന്തപുരം. സമസ്തയുടെ പണ്ഡിതർ തന്നെ ഇദ്ദേഹം അവകാശപ്പെടുന്ന തിരുകേശം വ്യാജമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇസ്‍ലാം പ്രായോഗികവും ബുദ്ധിപരവും മനുഷ്യ ഉപകാര പ്രദമായ സന്ദേശമാണ് നൽകുന്നത്. അതിനിടയിൽ ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് ഇസ്‍ലാമിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. ഇത്തരം അന്ധവിശ്വാസ പ്രചാരണം അദ്ദേഹം നിർത്തണം -ഹുസൈൻ മടവൂർ പറഞ്ഞു. ഗ്രാൻഡ് മുഫ്തിയാണെന്ന കാന്തപുരത്തിന്റെ അവകാശവാദത്തെയും ഹുസൈൻ മടവൂർ തള്ളി.
കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ പങ്കെടുത്തുകൊണ്ടായിരുന്നു കാന്തപുരം വിവാദ പ്രസ്താവന നടത്തിയത്. ‘ശഅ്റെ മുബാറക് (പ്രവാചക കേശം) നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വളർന്നു. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികളുമുണ്ട്. അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങി വന്ന വെള്ളവും ഉൾപ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ സുക്ഷിക്കണം -കാന്തപുരം അനുയായികളോടായി പറഞ്ഞു.
എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കൈവശമുള്ള കേശത്തിന് സനദ് ഇല്ല എന്നത് സ്ഥിരീകരിക്കപ്പെട്ടതാണെന്ന് പറഞ്ഞ നദ്‌വി, വ്യാജ ഗ്രാൻഡ് മുഫ്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
‘പ്രവാചകന്‍റെ കേശത്തിന് ഇസ്‌ലാമിക കാഴ്ചപ്പാടിൽ പവിത്രത ഉണ്ട്. പക്ഷേ അതിന്‍റെ നിവേദക ശൃംഖലയും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട ശൃംഖല, സനദ് എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കൈവശമുള്ള കേശത്തിന് ഇല്ല എന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. വ്യാജം പറയുക, ചെയ്യുക പ്രവൃത്തിക്കുക എന്നത് എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് പുതിയ കാര്യമില്ല. ഇപ്പോൾ 94 വയസ്സായിട്ടും അദ്ദേഹം ആ നയത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. മനുഷ്യന് വയസ്സാകുമ്പോൾ, മരണത്തോട് അടുക്കുമ്പോൾ വ്യാജം പറയുന്നതിൽ നിന്ന് എല്ലാ മനുഷ്യരും മാറി നിൽക്കാറുണ്ട്, പ്രത്യേകിച്ചും മുസ്‌ലിംകൾ. എന്നാൽ, ഇന്നലെ കേശം വളർന്നു എന്ന് പറഞ്ഞു -ബഹാഉദ്ദീൻ നദ്‌വി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

