പ്രവാചക കേശം: 94 വയസ്സായിട്ടും എ.പി. അബൂബക്കർ മുസ്‌ലിയാർ വ്യാജം പറയുന്നു -രൂക്ഷ വിമർശനവുമായി ബഹാഉദ്ദീൻ നദ്‌വി
text_fieldsകോഴിക്കോട്: പ്രവാചക കേശം വലുതായി എന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത ഇ.കെ. സുന്നി വിഭാഗം നേതാവ് ബഹാഉദ്ദീൻ നദ്‌വി. എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കൈവശമുള്ള കേശത്തിന് സനദ് ഇല്ല എന്നത് സ്ഥിരീകരിക്കപ്പെട്ടതാണെന്ന് പറഞ്ഞ നദ്‌വി, വ്യാജ ഗ്രാൻഡ് മുഫ്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിലാണ് ബഹാഉദ്ദീൻ നദ്‌വി കാന്തപുരത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
പ്രവാചകന്‍റെ കേശത്തിന് ഇസ്‌ലാമിക കാഴ്ചപ്പാടിൽ പവിത്രത ഉണ്ട്. പക്ഷേ അതിന്‍റെ നിവേദക ശൃംഖലയും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട ശൃംഖല, സനദ് എ.പി. അബൂബക്കർ മുസ്‌ലിയാരുടെ കൈവശമുള്ള കേശത്തിന് ഇല്ല എന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. വ്യാജം പറയുക, ചെയ്യുക പ്രവൃത്തിക്കുക എന്നത് എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് പുതിയ കാര്യമില്ല. ഇപ്പോൾ 94 വയസ്സായിട്ടും അദ്ദേഹം ആ നയത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. മനുഷ്യന് വയസ്സാകുമ്പോൾ, മരണത്തോട് അടുക്കുമ്പോൾ വ്യാജം പറയുന്നതിൽ നിന്ന് എല്ലാ മനുഷ്യരും മാറി നിൽക്കാറുണ്ട്, പ്രത്യേകിച്ചും മുസ്‌ലിംകൾ. എന്നാൽ, ഇന്നലെ കേശം വളർന്നു എന്ന് പറഞ്ഞു -ബഹാഉദ്ദീൻ നദ്‌വി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിൽ ഒരു കാര്യം. അതും വ്യാജമാണെന്ന് ആ കാലത്തേ നമ്മൾ വിശദീകരിച്ചിട്ടുണ്ട്. എ.പി. അബൂബക്കർ മുസ്‌ലിയാരുമായി വ്യക്തിപരമായി അകൽച്ചയോ വിദ്വേഷമോ ഇല്ല. മുടി നീണ്ടു എന്ന് പറയുന്ന പ്രസ്താവം, മുടിയുടെ ആധികാരികത സ്ഥിരീകരിച്ച ശേഷമേ അതേക്കുറിച്ചുള്ള ചർച്ചക്ക് പ്രസക്തിയുള്ളൂ. വ്യാജ ഗ്രാൻഡ് മുഫ്തിയായി അറിയിപ്പെടുന്ന അദ്ദേഹം, വ്യാജ കേശം അര സെന്‍റിമീറ്റർ നീളം കൂടി എന്ന പ്രസ്താവനക്ക് മറുപടിയേ അർഹിക്കുന്നില്ല... -നദ്‌വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

