‘പ്രവാചക കേശം നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്‍റീമീറ്ററോളം വലുതായി’; പ്രവാചക പ്രകീർത്തന സദസിൽ കാന്തപുരം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: പ്രവാചക കേശം (ശഅ്‌റ് മുബാറക്) നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റിമീറ്ററോളം വലുതായെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽനിന്നുള്ള വെള്ളവും അതുപോലെ റൗള ശരീഫിൽനിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അതുപോലെ പ്രവാചകന്‍റെ കൈവിരലുകൾ ജിഹ്റാനത്തിൽ കുത്തിയപ്പോൾ ഭൂമിയിൽനിന്ന് പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് ഒഴിക്കരുത്. വളരെ ബഹുമാനത്തോടുകൂടി അതിനെ സൂക്ഷിക്കണം’ -കാന്തപുരം ഓർമപ്പെടുത്തി.
ബർക്കത്തിന്‍റെ വേറെയും സംഗതികൾ തെളിഞ്ഞിട്ടുണ്ട്. പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ കാണാനാകും. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായിൽ നിന്നു ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നത് പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നു. അങ്ങനത്തെ കുട്ടികൾ നന്നാകുമെന്നും കാന്തപുരം പറഞ്ഞു. ഖലീൽ ബുഖാരി തങ്ങൾ, ഹകീം അസ്ഹരി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

