പ്രായ-വരുമാന പരിധികളില്ലാതെ കെ.എസ്.ആർ.ടി.സി സൗജന്യയാത്ര സർക്കാർ എങ്ങനെ നടപ്പാക്കും? മന്ത്രിസഭാ യോഗം ഇന്ന്
text_fieldsതിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾക്കായി മന്ത്രിസഭാ യോഗം ചേരുന്നു. വി.ഡി. സതീശൻ സർക്കാരിൽ നിന്ന് സംസ്ഥാനത്തെ വനിതകൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രഖ്യാപനം വരുംദിവസങ്ങളിൽ യാഥാർത്ഥ്യമാക്കാനുള്ള അന്തിമ രൂപരേഖയാണ് കാബിനറ്റിൽ ചർച്ചയാകുന്നത്.
ജൂൺ 15 മുതൽ സ്ത്രീകളുടെ സൗജന്യയാത്ര എന്ന 'ഇന്ദിരാ ഗ്യാരണ്ടി' നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേൽ കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പ്രായ-വരുമാന പരിധികളില്ലാതെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇത് കെ.എസ്.ആർ.ടി.സിക്ക് വരുത്തിവെക്കുന്ന വൻ സാമ്പത്തിക ബാധ്യതയും ഇതിനൊപ്പം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തും.
കെ.എസ്.ആർ.ടി.സി ഗതാഗത സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് പ്രകാരം നിലവിൽ പ്രതിദിനം 12 ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സി സർവീസുകളെ ആശ്രയിക്കുന്നത്. ഓർഡിനറി ബസ്സുകളിലെ യാത്രക്കാരിൽ 50 ശതമാനത്തിലധികം സ്ത്രീകളാണ്. പദ്ധതി നടപ്പിലാക്കുമ്പോൾ ഇത് 60 ശതമാനമായി ഉയരുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. കർണ്ണാടകയിലെ 'ശക്തി' പദ്ധതിയുടെ മാതൃകയിൽ വനിതകൾക്കായി പ്രത്യേക സ്മാർട്ട് കാർഡുകൾ കൊണ്ടുവരുന്ന കാര്യവും കെ.എസ്.ആർ.ടി.സി സജീവമായി പരിഗണിക്കുന്നുണ്ട്. ഓർഡിനറി ബസ്സുകൾക്ക് പുറമെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിലും ആനുകൂല്യം നൽകണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും, അന്തിമ തീരുമാനം മന്ത്രിസഭയുടേതായിരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ വനിതാതാരങ്ങളെ ഉൾപ്പെടുത്തി വൻ ജനപങ്കാളിത്തത്തോടെ നടത്താനും സർക്കാർ നീക്കമിടുന്നുണ്ട്. ഈ അധിക ബാധ്യത സർക്കാർ ട്രഷറിയിൽ നിന്ന് സബ്‌സിഡിയായി നൽകുമെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തെയോ പെൻഷനെയോ ഇത് ബാധിക്കില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

