കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്ര: അവ്യക്തതയില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ, ജൂൺ 15 മുതൽ യാത്ര ഒരുക്കും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകളുടെ സൗജന്യ യാത്രയിൽ അവ്യക്തതയില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കും. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി എം.ഡിയുമായി ഇനിയും ചർച്ച നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി യൂണിയനുകളുമായി ഒരു തർക്കവുമില്ല. പ്രൈവറ്റ് ബസ് ജീവനക്കാർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാകില്ല. അവരുമായി ചർച്ച നടത്തുമെന്നും സി.പി. ജോൺ പറഞ്ഞു. അതേസമയം, കെ.എസ്.ആർ.ടി.സി മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടിയുടെ ബാധ്യതയാവും സർക്കാരിന് വരുകയെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യു.ഡി.എഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര. സത്യപ്രതിജ്ഞക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാർ ആശ്രയിക്കുന്നതായാണ് ഏകദേശ കണക്ക്. ഏതൊക്കെ ബസുകളിൽ, എത്ര ദൂരം വരെ യാത്ര ചെയ്യാമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണോയെന്നും എല്ലാ പ്രായക്കാർക്കും ഈ ആനുകൂല്യം നൽകണമോയെന്നും സർക്കാർ തീരുമാനമെടുക്കാനുണ്ട്.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയില്ല. തമിഴ്‌നാട്ടിലാകട്ടെ, ഓർഡിനറി ബസുകളിൽ മാത്രമാണ്. കേരളത്തിൽ ഇതിലും വിപുലമായ രീതിയിൽ ഫാസ്റ്റ് പാസഞ്ചറുകളിൽ കൂടി ആനുകൂല്യം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്രയും വലിയ തുക സർക്കാർ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ശമ്പളം നൽകാനായി സർക്കാർ പ്രതിമാസം കോടികളാണ് കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. ഇതിന് പുറമെ 60 കോടി പ്രതിമാസം നൽകേണ്ടി വരികയെന്നത് വലിയ വെല്ലുവിളിയാണെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

