കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര: മുഴുവൻ ബസുകളിലും പദ്ധതി നടപ്പാക്കുമോ ?
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്നതിൽ അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തിലുണ്ടാവും. പദ്ധതി കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും നടപ്പാക്കിയാൽ 112 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും ഓർഡിനറി ബസുകളിലാണെങ്കിൽ 57 കോടിയുടെ ബാധ്യത വരുമെന്നുമാണ് റിപ്പോർട്ട്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാണ് പദ്ധതി നടപ്പാക്കാൻ സാധ്യത.
കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ ബസുകളിലും സൗജന്യ യാത്ര നടപ്പാകാൻ സാധിക്കുമോ?
കേരളത്തിലുടനീളം കെ.എസ്.ആർ.ടി.സിക്ക് 4609 ബസുകളാണുള്ളത്. അതിൽ തന്നെ 800 ബസുകളോളം കട്ടപ്പുറത്താണ്. 450 ബസുകൾ പ്രത്യേക കമ്പനിയായ സിഫ്റ്റിന് കീഴിലും. ബാക്കി വരുന്നത് 3,359 ബസുകൾ. 2025 ലെ കണക്ക് അനുസരിച്ച് എത്ര ബസുകൾ നിരത്തുകളിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്നതും ചോദ്യചിഹ്നമാണ്.
ബസുകളിൽ സൗജന്യം നൽകുന്നതു മൂലം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. 105 കോടിയുടെ കുറവുണ്ടാകുമെന്നാണു കണക്ക്. 2025ലെ കണക്കനുസരിച്ച് കേരളത്തിൽ 16,545 റൂട്ടുകളിൽ 4609 എണ്ണം മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ വിഹിതം. നിലവിൽ ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിന് മുകളിലുള്ള ക്ലാസാണ്. സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവാദമില്ല. സീറ്റ് റിസർവേഷനുള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. സിഫ്റ്റിന് കീഴിലുള്ള ബസുകളിലും സൗജന്യത്തിന് സാധ്യതയില്ല.
കെ.എസ്.ആർ.ടി.സിക്ക് വിവിധ വിഭാഗങ്ങളിലായി നിരവധി ബസുകളുണ്ട്. വോൾവോ എ.സി എയർബസ്, സ്കാനിയ എയർ ബസ്, ഗരുഡ കിംങ് ക്ലാസ്, ഗരുഡ മഹാരാജ, സൂപ്പർ എയർ ഡീലക്സ് എയർ ബസ് (മിന്നൽ), സൂപ്പർ ഡീലക്സ് എയർ ബസ്, ശബരി സൂപ്പർ ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, ഫാസ്റ്റ് പാസഞ്ചർ, വേണാട്, മലബാർ, തിരുകൊച്ചി, അനന്തപുരി ഫാസ്റ്റ്, രാജധാനി, ടൗൺ ടു ടൗൺ, പോയന്റ് ടു പോയന്റ്, ഡബിൾ ഡക്കർ, വെസ്റ്റിബ്യൂൾ, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഓർഡിനറി, പിങ്ക് ബസ്, ജന്റം എ.സി. ലോഫ്ലോർ, ജന്റം നോൺ എ.സി. ലോഫ്ലോർ എന്നിങ്ങനെയാണ്.
ഓർഡിനറി: ചെറിയ ദൂരങ്ങളിൽ ഓടുന്ന സർവിസുകളാണ്. ഗ്രാമപ്രദേശങ്ങളിലായിരിക്കും ഓർഡിനറി സർവിസ് ഉണ്ടാവുക.
ഫാസ്റ്റ് പാസഞ്ചർ: ദീർഘദൂര സർവിസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചർ. ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവായിരിക്കും. ലിമിറ്റഡ് സ്റ്റോപ്, ലോ ഫ്ലോർ, ടൗൺ ടു ടൗൺ ബസുകൾ ഫാസ്റ്റ് പാസഞ്ചർ ഗണത്തിലാണ് ഉൾപ്പെടുന്നത്. ടിക്കറ്റ് ചാർജ് ഓർഡിനറിയേക്കാൾ കൂടുതലാണ്. അനന്തപുരി, വേണാട്, മലബാർ തുടങ്ങിയവ ഈ വിഭാഗത്തിൽ വരും.
സൂപ്പർ ഫാസ്റ്റ്: വളരെ കൂടിയ ദൂരത്തേക്ക് സർവിസ് നടത്തുന്ന ബസുകളാണിവ. അതിവേഗം നിഷ്കർഷിച്ചിട്ടുള്ള ഈ ബസുകൾ പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് നിർത്തുക. ശീതീകരണ സംവിധാനമുള്ള ലോഫ്ലോർ, സന്ദേശവാഹിനി ഇവയൊക്കെ സൂപ്പർ ഫാസ്റ്റുകളാണ്.
സൂപ്പർ ഡീലക്സ്: ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവ. മിന്നൽ, സിൽവർ ലൈൻ ജെറ്റ് സർവിസുകളുടെ പരിഷ്കരിച്ച പതിപ്പാണിത്.
സൂപ്പർ എക്സ്പ്രസ്: പച്ച നിറമുള്ള സൂപ്പർ ക്ലാസ് ബസുകളാണിത്. ഇടക്ക് നിർത്തിവച്ചിരുന്നെങ്കിലും പുനരാരംഭിച്ചു. കൂടാതെ ഗരുഡ, ഗരുഡ മഹാരാജ, വെസ്റ്റിബ്യൂൾ എന്നീ പേരുകളിലും ബസുകൾ സർവിസ് നടത്തുന്നുണ്ട്.
അതേസമയം, സൗജന്യയാത്ര പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെയും ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ സർക്കാർ തലത്തിൽ നടക്കുന്നതായാണ് വിവരം. കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ ഇതുസംബന്ധിച്ച നിവേദനം ഗതാഗത മന്ത്രി സി.പി. ജോണിന് നൽകിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് പറഞ്ഞു.
ജൂൺ 15 മുതൽ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി നൽകിയ ഉറപ്പ്. സൗജന്യ യാത്രാ പദ്ധതി പ്രമുഖ വനിതാ താരങ്ങളെ അടക്കം പങ്കെടുപ്പിച്ച് നടത്താൻ ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്. എന്നാൽ, സൗജന്യ യാത്രയുടെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രമായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഗണ്യമായ രീതിയിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നത്. മലപ്പുറത്ത് 9.4 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സി സർവിസ്. എറണാകുളത്ത് 24.7 ശതമാനവുമാണ്. അങ്ങനെയെങ്കിൽ ഈ ജില്ലയിലുള്ളവർ സൗജന്യയാത്രയുടെ ഗുണഭോക്താക്കളാകുമോയെന്നും പലരും ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

