Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂഡിഎഫ് സർക്കാർ!...

ന്യൂഡിഎഫ് സർക്കാർ! അഞ്ചുലക്ഷം വീടുകൾ, സർക്കാർ ആശുപത്രികളിൽ കിടക്ക രോഗിയുടെ അവകാശം, കെ.എസ്.ആർ.ടി.സിയിൽ പുതിയ നിയമനങ്ങൾ

text_fields
bookmark_border
UDF Government
cancel

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക അവകാശമായി മാറ്റുമെന്ന് സർക്കാറിന്റെ ‘വിഷൻ 2031’ൽ പ്രഖ്യാപനം. ഒരാൾ പോലും നിലത്ത് കിടക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സമഗ്രമായ ‘സ്റ്റുഡന്റ് ഹെൽത്ത് പ്രോഗ്രാം’ നടപ്പാക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനങ്ങളിൽ പറയുന്നു.

അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം പേർക്ക് വീട് നൽകുകയും വാസയോഗ്യമല്ലാത്ത വീടുകൾ പുനരുദ്ധരിക്കുകയും ചെയ്യും. സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ എല്ലാ അനുമതികളും വേഗത്തിൽ നൽകാൻ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ്’ രൂപവത്കരിക്കും. ഗ്രീൻ എനർജി, റോബോട്ടിക്സ്, പ്രതിരോധ മേഖല തുടങ്ങിയവക്കായി പ്രത്യേക സാമ്പത്തിക മേഖലകൾ ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സിക്ക് എല്ലാ വർഷവും പുതിയ ബസുകൾ വാങ്ങും. ഐ.ഒ.ടി, എ.ഐ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വകുപ്പിനെ ആധുനികവത്കരിക്കും. കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ വിതരണം സർക്കാർ നേരിട്ട് ഏറ്റെടുക്കും. കെ.എസ്.ആർ.ടി.സിയിൽ പുതിയ സ്ഥിരം നിയമനങ്ങൾ നടത്തും. സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുകയും മറ്റു വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും.

റെയിൽവേയുമായി ചേർന്ന് ‘ഹൈസ്പീഡ് കോറിഡോർ’

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോ-ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കും. റെയിൽവേയുമായി ചേർന്ന് റെയിൽവേ ഹൈസ്പീഡ് കോറിഡോർ നടപ്പാക്കും. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആറുമാസം പ്രസവാവധി അനുവദിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ‘ഷീ ഹോസ്പിറ്റലുകൾ’ ആരംഭിക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ്, പി.എസ്.സി സംവരണം എന്നിവയുൾപ്പെട്ട പ്രത്യേക വികസന പാക്കേജ്.

സർക്കാർ സ്കൂളുകളിൽ നീറ്റ് പരിശീലനം

സർക്കാർ സ്കൂളുകളിൽ നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ മത്സര പരീക്ഷകൾക്കായി ഫൗണ്ടേഷൻ കോഴ്സുകൾ സജ്ജമാക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അക്കാദമിക് നിലവാരം പാലിച്ചുള്ള സീറ്റ് പുനർവിതരണവും അധിക ബാച്ചുകളുമുണ്ടാകും. കാർഷിക മേഖലക്കായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക ‘കാർഷിക ബജറ്റ്’ അവതരിപ്പിക്കും. റബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കുകയും സിയാൽ മാതൃകയിൽ റബർ കമ്പനി ആരംഭിക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം സംഭവിക്കുന്നവർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ.

ഐ.ടി: ചൂഷണമൊഴിവാക്കാൻ ‘റൈറ്റ് ടു ഡിസ്കണക്ട് നിയമം’

ഐ.ടി മേഖലയിലെ അമിത ചൂഷണം ഒഴിവാക്കാൻ ജോലി കഴിഞ്ഞ് വിട്ടുനിൽക്കാൻ അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്കണക്ട് നിയമം’ നടപ്പാക്കും. ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിന് കർണാടക, തെലങ്കാന മാതൃകയിൽ ഗിഗ് വർക്കേഴ്സ് വെൽഫെയർ നിയമം നടപ്പാക്കും. നിർമാണത്തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും പ്രത്യേക അപകട ഇൻഷുറൻസ് പദ്ധതികൾ.

പ്രൊഫഷനൽ തൊഴിൽ മേഖലയിലെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രൊഫഷനൽ വർക്കേഴ്സ് ക്ഷേമ ബോർഡ് രൂപവത്കരിക്കും. കേരളീയ കലകളിലേക്ക് യുവതലമുറയെ ആകർഷിക്കാൻ സംസ്ഥാനത്തുടനീളം ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ സ്ഥാപിക്കും. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് സ്ഥിരം ഫെസ്റ്റിവൽ കോംപ്ലക്സ് നിർമിക്കും.

കായിക സർവകലാശാല

സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് കായിക സർവകലാശാല ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഉറപ്പാക്കി സംസ്ഥാനത്ത് 3,000 പുതിയ കളിക്കളങ്ങൾ നിർമിക്കും. കായിക വികസനത്തിനും നിയന്ത്രണത്തിനുമായി ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരള’ രൂപവത്കരിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് സർക്കാർ വക സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കും.

രാജസ്ഥാൻ മോഡൽ സമാധാന വകുപ്പ്

രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാൻ രാജസ്ഥാൻ മാതൃകയിൽ ‘സമാധാന വകുപ്പ്’ രൂപവത്കരിക്കും. പതിറ്റാണ്ടുകളായി ഭൂമി കൈവശംവെച്ചിരിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകും. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കാൻ 2006ലെ കേന്ദ്രനിയമം പൂർണമായും നടപ്പാക്കും.

ഭൂമിയില്ലാത്ത പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതി പുനഃസ്ഥാപിക്കും. എസ്.സി-എസ്.ടി വിഭാഗങ്ങളിലെ കുട്ടികൾക്കായി എല്ലാ ജില്ലകളിലും പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും വിഷൻ 2031 ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentVD Satheesan
News Summary - There have been many changes at the administrative level since the UDF government came to power
Next Story