ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിൽ കുടുങ്ങി 20 പേർ; ‘നോമാൻസ് ലാൻഡി’ൽ ദുരിതത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
ഗുവാഹത്തി: അസമിലെ ശ്രീഭൂമി ജില്ലയിൽ ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 ഓളം പേർ രണ്ട് ദിവസമായി കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളിലെയും അധികൃതർ ഇവർക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് അതിർത്തിയിലെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നോമാൻസ് ലാൻഡിലാണ് സംഘം കഴിയുന്നത്.
ഇന്ത്യൻ അതിർത്തി രക്ഷാസേനയായ ബി.എസ്.എഫ് ആളുകളെ രാത്രിയിൽ ബലമായി ബംഗ്ലാദേശിലേക്ക് തള്ളിവിട്ടതാണെന്നാണ് ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (ബി.ജി.ബി) ആരോപണം.
ശ്രീഭൂമിയിലെ മദൻപൂരിനും ബംഗ്ലാദേശിലെ ബർലേഖ മേഖലയിലെ ലാതു പല്ലത്താലിനും ഇടയിലാണ് സംഘം കുടുങ്ങിയിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ രാത്രിയിൽ ബംഗ്ലാദേശിലേക്ക് കടക്കാൻ അനുവദിക്കാതെ ബി.ജി.ബി ഉദ്യോഗസ്ഥർ തടയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അസമിൽ അനധികൃത കുടിയേറ്റക്കാരെന്ന് സർക്കാർ വിശേഷിപ്പിക്കുന്നവർക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് സംഭവങ്ങൾ. സംഭവത്തിന് ഒരു ദിവസം മുമ്പ് 38 പേരെ പുലർച്ചെ അസമിൽനിന്ന് പിടികൂടി പുറത്താക്കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരും ഈ സംഘത്തിൽ ഉൾപ്പെട്ടവരാണോയെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക, പട്ടികയിൽനിന്ന് നീക്കം ചെയ്യുക, നാടുകടത്തുക എന്ന ദൗത്യത്തിലാണ് അസമെന്നും സംസ്ഥാനത്തിന്റെ സംസ്കാരത്തിനും പൈതൃകത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്നവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക നാടുകടത്തൽ നടപടികളോ കൈമാറ്റ നടപടിക്രമങ്ങളോ പാലിക്കാതെ ആളുകളെ അതിർത്തിയിലെത്തിച്ച് മറുരാജ്യത്തേക്ക് തള്ളിവിടുന്നതിനെയാണ് 'പുഷ്ബാക്ക്' എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം നടപടികൾ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് മനുഷ്യാവകാശ സംഘടനകൾ നേരത്തേ വിമർശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിരവധി പേർ ദിവസങ്ങളോളം നോമാൻസ് ലാൻഡിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായതായും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികളിൽ ബംഗ്ലാദേശ് ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ 40 വർഷത്തിനിടെ അനധികൃത വിദേശികളെന്ന് കണ്ടെത്തിയ 31,789 പേരെ അസമിൽനിന്ന് തിരിച്ചയച്ചതായി 2026 ജൂലൈയിൽ അസം നിയമസഭയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിരുന്നു. ഇതിൽ 470 പേരെ മാത്രമാണ് ഔദ്യോഗികമായി നാടുകടത്തിയത്. 29,663 പേരെ 'പുഷ്ബാക്ക്' നടപടിയിലൂടെയാണ് തിരിച്ചയച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

