‘ബംഗ്ലാദേശിലേക്ക് പോകട്ടെ, ജമാഅത്തെ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കട്ടെ’; രാഹുൽ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖർ
text_fieldsരാഹുൽ ഗാന്ധി,രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാജ്യത്ത് അരാജകത്വം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും, അതിൽ താൽപര്യമുണ്ടെങ്കിൽ അദ്ദേഹം ബംഗ്ലാദേശിലേക്ക് പോകണമെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരാമർശം.
തനിക്ക് പിന്തുണ നൽകുന്ന ജമാഅത്തെ ഇസ്‍ലാമിയോടൊപ്പം ചേർന്ന് രാഹുൽ ഗാന്ധിക്ക് അവിടെ രാഷ്ട്രീയം പരീക്ഷിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പിയും രാജ്യത്തെ 140 കോടി ജനങ്ങളും ഉള്ളിടത്തോളം കാലം രാഹുൽ ഗാന്ധിയുടെ സ്വപ്നങ്ങൾ ഇന്ത്യയിൽ നടപ്പിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കോൺഗ്രസിന് ഇനി കഴിയില്ല. ഹിമാചൽ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവർക്ക് വോട്ട് ചെയ്യാനും പോകുന്നില്ല. 2014ൽ തോറ്റു, 2019ൽ ജനങ്ങൾ തോൽപ്പിച്ചു. 2024ൽ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങൾ നൽകിയ സന്ദേശം രാഹുൽ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

