Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് മന്ത്രിക്ക് താജ്മഹലും ഹുമയൂണിന്റെ ശവകുടീരവും സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗക്ക് വിലക്ക്

text_fields
bookmark_border
Musaddiq Masood Malik
cancel
camera_alt

മുസാദിക് മസൂദ് മാലിക്

ന്യൂഡൽഹി: ബഹുരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക്കിന് ആഗ്രയിലെ താജ്മഹൽ ഉൾപ്പെടെ നാല് പ്രമുഖ വിനോദസഞ്ചാര-ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, ഡൽഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള പാക് മന്ത്രിയുടെ അപേക്ഷ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിച്ചു.

നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന പ്രഥമ ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) പ്രഥമ സാംസ്കാരിക സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. സമ്മേളനത്തിന് പുറമെ മറ്റ് പരിപാടികളിലൊന്നും പങ്കെടുക്കാൻ പാക് മന്ത്രിക്ക് അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ തീരുമാനം.

മുസാദിക് മാലിക്കിന് അഞ്ച് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതി തേടിക്കൊണ്ടാണ് ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷൻ ഇന്ത്യൻ അധികൃതരെ സമീപിച്ചത്. ആഗ്രയിലെ താജ്മഹൽ, ഡൽഹി ഹാട്ട്, ഹുമയൂണിന്റെ ശവകുടീരം, ഖില റായ് പിത്തോറ, ഹസ്രത്ത് നിസാമുദ്ദീൻ ദർഗ എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

വിശദമായ സുരക്ഷാ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം താജ്മഹൽ, ഡൽഹി ഹാട്ട്, ഹുമയൂണിന്റെ ശവകുടീരം, ഖില റായ് പിത്തോറ എന്നീ നാല് സ്ഥലങ്ങൾ സന്ദർശിക്കാൻ അധികൃതർ അനുമതി നൽകി. എന്നാൽ, നിസാമുദ്ദീൻ ദർഗയിലെ തിരക്കും മറ്റ് സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് അവിടേക്കുള്ള സന്ദർശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

‘സംസ്കാരങ്ങളും നാഗരികതകളും അതിർത്തികൾക്കതീതമാണെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ഇവിടെ ഒത്തുചേരുന്നതും നമ്മുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും സംസ്കാരങ്ങളെയും നാഗരികതകളെയും കുറിച്ച് സംസാരിക്കുന്നതും അതിമനോഹരമായ കാര്യമാണ്’ ഇന്ത്യയിലെത്തിയതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫോറത്തിൽ പാകിസ്താനെ പ്രതിനിധീകരിച്ച് മുസാദിഖ് മാലിക് പങ്കെടുക്കുമെന്നും, നാഗരികതകൾ തമ്മിലുള്ള സംവാദങ്ങളെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിക്കുമെന്നും പാകിസ്താൻ വിദേശകാര്യ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. നയതന്ത്ര മേഖലയിൽ പാകിസ്താൻ നൽകുന്ന സംഭാവനകളും, എസ്.സി.ഒയിലെ പാകിസ്താന്റെ പങ്കും, രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എടുത്തുപറയുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമ്മേളനത്തിലെ വിവിധ വിഷയാധിഷ്ഠിത സെഷനുകളിൽ പങ്കെടുക്കുന്ന പാക് പ്രതിനിധി സംഘം, മറ്റ് എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചകളും നടത്തും. 2026-27 കാലയളവിലേക്കുള്ള എസ്.സി.ഒ രാഷ്ട്രത്തലവന്മാരുടെ കൗൺസിലിന്റെ അധ്യക്ഷപദവി നിലവിൽ പാകിസ്താനാണ് വഹിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നിരവധി മന്ത്രിതല യോഗങ്ങൾക്കും വിദഗ്ധ ചർച്ചകൾക്കും പാകിസ്താൻ ആതിഥേയത്വം വഹിക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.ഒ സിവിലൈസേഷൻസ് ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pak minister gets nod to visit Taj Mahal
Next Story