സിന്ധു നദീജല കരാറിൽ മാറ്റമില്ല; പാക് മന്ത്രി ഡൽഹിയിൽ എത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ
text_fieldsസിന്ധു നദീജലം
ന്യൂഡൽഹി: പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക് ന്യൂഡൽഹിയിൽ എത്തിയതിന് പിന്നാലെ, സിന്ധു നദീജല കരാറിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) പ്രഥമ സാംസ്കാരിക സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. നവംബർ 20 പുലർച്ചെ ഡൽഹിയിലെത്തിയ മുസാദിക് മാലിക്, വൈകുന്നേരം ചരിത്രപ്രസിദ്ധമായ പുരാന കിലയിൽ നടന്ന ത്രിദിന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യാത്തയാളും, മുൻപ് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്തുകയും ചെയ്ത മുസാദിക് മാലിക്കിന്റെ സന്ദർശനത്തെ ഇന്ത്യ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമായ മറുപടി നൽകി. ‘സിന്ധു നദീജല കരാറിന്റെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്, അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. നിലപാടിൽ യാതൊരു മാറ്റവുമില്ല’ ജയ്‌സ്വാൾ പറഞ്ഞു.
2025 ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ ശിക്ഷാനടപടികളുടെ ഭാഗമായാണ് ഇന്ത്യ 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് 7 മുതൽ 10 വരെ 'ഓപ്പറേഷൻ സിന്ദൂറിനെ' തുടർന്നുണ്ടായ സൈനിക സംഘർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു പാകിസ്താൻ മന്ത്രിയെ ഇന്ത്യ ഒരു ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.
നവംബർ 20 മുതൽ 22 വരെ നടക്കുന്ന സമ്മേളനത്തിലേക്ക് കീഴ്‌വഴക്കങ്ങൾ അനുസരിച്ച് പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളെയും ക്ഷണിച്ചിരുന്നതായി ഇന്ത്യ ഒക്ടോബർ 28ന് തന്നെ അറിയിച്ചിരുന്നു. നവംബർ 14നാണ് മുസാദിക് മാലിക് സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പാകിസ്താൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ ഇക്കാര്യം ആവർത്തിച്ചു. ‘നവംബർ 20-22 തിയതികളിൽ ന്യൂഡൽഹിയിൽ പ്രഥമ എസ്.സി.ഒ സാംസ്കാരിക സംവാദത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. എസ്.സി.ഒ ചട്ടക്കൂടിനുള്ളിലെ ഒരു ബഹുമുഖ പരിപാടിയാണിത്. പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിരീക്ഷകർക്കും സംവാദ പങ്കാളികൾക്കും ക്ഷണമുണ്ട്’ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ ബഹുമുഖ വേദിയിലെ പാക് മന്ത്രിയുടെ പങ്കാളിത്തത്തെ ചില നയതന്ത്ര വിദഗ്ധർ കാണുന്നത്. സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച മുസാദിക് മാലിക്, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ സംസ്കാരത്തിന് നിർണ്ണായക പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ഉഭയകക്ഷി ചർച്ചകൾക്കുള്ള വേദിയല്ല ഇതെന്നും, ബഹുമുഖ സഹകരണത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2001ൽ റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷാങ്ഹായിൽ രൂപീകരിച്ച കൂട്ടായ്മയാണ് എസ്.സി.ഒ. 2017ലാണ് ഇന്ത്യയും പാകിസ്താനും ഈ സംഘടനയിൽ സ്ഥിരാംഗങ്ങളായത്.

