ശൈഖ് ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക്; ധാക്കയിലേക്ക് വിമാനം വേണമെന്ന് ആവശ്യം
text_fieldsSheikh Hasina
ന്യൂഡൽഹി: ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ഡൽഹിയിൽനിന്ന് ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനത്തിൽ ധാക്കയിലെത്തിക്കണമെന്നാണ് ആവശ്യം. വധശിക്ഷാ വിധിയും ഇന്ത്യയോടുള്ള കൈമാറൽ ആവശ്യവും നിലനിൽക്കെയാണ് ഹസീനയുടെ പ്രഖ്യാപനം.
ബംഗ്ലാദേശിന്റെ വിജയ് ദിനമായ ഡിസംബർ 16ന് മടങ്ങിയെത്താനാണ് തീരുമാനമെന്ന് ഹസീനയുടെ വക്താവ് സയ്യിദ് മുസമ്മിൽ അലി പറഞ്ഞു. 2024 ആഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയത്. അതിനാൽ തിരിച്ചുപോകാനുള്ള വിമാനസൗകര്യം ഒരുക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വക്താവ് വ്യക്തമാക്കി.
ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായി പുതിയ പാസ്പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന് ഹസീന നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിലവിലെ രേഖകൾ റദ്ദാക്കിയതിനെത്തുടർന്ന് അവരുടെ ലണ്ടൻ ആസ്ഥാനമായ നിയമ പ്രതിനിധികൾ നവംബർ ഒമ്പതിന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷനെ സമീപിച്ചിരുന്നു.
എന്നാൽ, പുതിയ യാത്രാരേഖകൾ അനുവദിക്കില്ലെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കൈമാറൽ കരാർ പ്രകാരമായിരിക്കണം ഹസീനയുടെ മടക്കമെന്നാണ് ധാക്കയുടെ ആവശ്യം. ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യം നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
രാജ്യത്ത് തിരിച്ചെത്തിയാൽ ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അവരെ തിരിച്ചെത്തിക്കാൻ വിമാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.
2024ലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു. അസാന്നിധ്യത്തിലായിരുന്നു വിചാരണ. വിധി രാഷ്ട്രീയപ്രേരിതമാണെന്നാണ് ഹസീനയുടെ പ്രതികരണം. പ്രക്ഷോഭത്തിനിടെ 1,400 പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ഹസീനയുടെ മടക്കപ്രഖ്യാപനത്തിനിടെ ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷങ്ങളും അക്രമസംഭവങ്ങളും വർധിക്കുകയാണ്. ഹസീനയുടെ അനുയായികൾ തിരിച്ചുവരവ് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ സ്ഫോടനങ്ങളും തീവെപ്പും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നവംബർ 29, 30 തീയതികളിൽ രാജ്യവ്യാപകമായി 48 മണിക്കൂർ ഹർത്താലിന് അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡിസംബർ 16ന് ഹസീനയുടെ മടക്കശ്രമം ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. വിമാനസൗകര്യം ഒരുക്കണമെന്ന ആവശ്യത്തിൽ ബംഗ്ലാദേശ് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

