13കോടി വോട്ടർമാരെ വെട്ടിനീക്കി; തെരഞ്ഞെടുപ്പ് കമീഷനെതിരെ മുൻ സുപ്രീംകോടതി ജഡ്ജി
text_fieldsഭുവനേശ്വർ: രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) 13കോടി പേരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമീഷൻ അനധികൃതമായി വെട്ടിനീക്കിയെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കാനാണ് നടപടിയെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.
ഭുവനേശ്വറിൽ ഹരിശ്ചന്ദ്ര ബക്ഷിപത്രയുടെ 93-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനമുന്നയിച്ചത്. കമീഷന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഭരണപരമായ സൗകര്യമല്ലെന്നും ഗോപാല ഗൗഡ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനെക്കാളും സുപ്രീംകോടതിയെക്കാളും പരമപ്രധാനമായത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ നടപടിയുടെ എല്ലാ ഘട്ടങ്ങളും സുപ്രീംകോടതി വിശദമായി പരിശോധിക്കണമെന്നും ജനാധിപത്യത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപടിയുമായി ബന്ധപ്പെട്ട നിർണായകമായ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ നേരത്തേ സുപ്രീംകോടതിയിൽനിന്ന് മറച്ചുവെച്ചതായും ഗോപാല ഗൗഡ ആരോപിച്ചു. സുപ്രധാന വിവരങ്ങൾ കോടതിയിൽനിന്ന് മറച്ചുവെച്ചിട്ടുണ്ടെങ്കിൽ നടപടിയുടെ നിയമസാധുത വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന ചർച്ചകൾക്കിടെയാണ് മുൻ സുപ്രീംകോടതി ജഡ്ജിയുടെ വിമർശനം.

