Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘80ലേറെ രാജ്യങ്ങൾ പെട്രോളിൽ എഥനോൾ കലർത്തുന്നു’; കർണാടക സർക്കാരിനെതിരെ ആർ. അശോക രംഗത്ത്

text_fields
bookmark_border
Ethanol
cancel

ബെംഗളൂരു: ഭരണപരാജയങ്ങളിൽ നിന്നും കർഷകർക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസം നൽകാത്ത വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കർണാടക സർക്കാർ എഥനോൾ വിവാദം ഉയർത്തുന്നതെന്ന് ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ആർ. അശോക. പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തിയെന്ന കർണാടക സർക്കാരിന്റെ ആരോപണത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അശോകയുടെ പ്രതികരണം.

80ലേറെ രാജ്യങ്ങൾ പെട്രോളിൽ എഥനോൾ കലർത്തുന്നുണ്ടെന്നും ഇത് സാമ്പത്തികമായി കർഷകർക്കും നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-15 മുതൽ 2026 മേയ് വരെ എഥനോൾ മിശ്രിതത്തിലൂടെ 1.90 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിച്ചെന്നും 310 ലക്ഷം ടണ്ണിലധികം അസംസ്കൃത എണ്ണക്ക് പകരമായി എഥനോൾ ഉപയോഗിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കർഷകർക്ക് 1.60 ലക്ഷം കോടി രൂപയിലധികം വരുമാനവും ലഭിച്ചതായി ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ മൈലേജ് കുറയുന്നതിന് എഥനോളിനേക്കാൾ ബെംഗളൂരുവിലെ റോഡുകളിലെ കുഴികളാണ് കാരണമെന്നും അശോക ആരോപിച്ചു. വാഹനങ്ങളുടെ എൻജിൻ തകരാറുകളെക്കുറിച്ച് നിർമാതാക്കൾ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ സാമ്പിളുകളുടെ പരിശോധനാഫലങ്ങൾ പരസ്യപ്പെടുത്തണമെന്നും സ്വതന്ത്ര പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തിയെന്നാരോപിച്ച് നവംബർ ആറിനാണ് കർണാടക സർക്കാർ എണ്ണക്കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ടത്. സംസ്ഥാനത്തുടനീളം ശേഖരിച്ച 63 സാമ്പിളുകളിൽ അഞ്ചിൽ നാലെണ്ണത്തിലും 20 ശതമാനത്തിലധികം എഥനോൾ കണ്ടെത്തിയെന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചത്.

ബെംഗളൂരുവിലെ എന്‍.എ.ബി.എൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ഓയിൽ സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയതായും സർക്കാർ അവകാശപ്പെട്ടു. വാഹനങ്ങൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇ 20 സ്പോയിലേഷൻ ഫണ്ട് രൂപീകരിക്കണമെന്നും പെട്രോൾ പമ്പുകളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് പ്രദർശിപ്പിക്കണമെന്നും കർണാടക ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കർണാടകയുടെ കണ്ടെത്തലുകളെ കേന്ദ്ര പെട്രോളിയം മന്ത്രാലയം എതിർത്തു. സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ 56 സാമ്പിളുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതായും 19 മുതൽ 20 ശതമാനം വരെ എഥനോൾ മാത്രമാണ് കണ്ടെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കാൻ കേരളത്തിലും പെട്രോൾ സാമ്പിളുകൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ആരംഭിച്ചത്. എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ശേഖരിക്കുന്ന സാമ്പിളുകൾ സർക്കാർ കെമിക്കൽ ലാബുകളിലേക്ക് അയച്ച് പരിശോധിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താക്കൾക്ക് വാങ്ങുന്ന ഇന്ധനത്തിന്റെ കൃത്യമായ ഘടന അറിയാൻ അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തിയെന്ന പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ethanol Row: Karnataka Slams Government
Next Story