ഡൽഹി കെട്ടിടത്തിൽ ഗുരുതര സുരക്ഷ വീഴ്ച; 50 വർഷം പഴക്കമുള്ള കെട്ടിടം പി.ജിയാക്കി, അറ്റകുറ്റപ്പണി പൂർത്തിയാകുന്നതിന് മുമ്പേ ദുരന്തം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ തകർന്നത് വർഷങ്ങളായി ജീർണാവസ്ഥയിൽ കിടന്നിരുന്ന അഞ്ചുനില കെട്ടിടം. സുരക്ഷാ പരിശോധനകളില്ലാതെ കെട്ടിടം വിദ്യാർഥികൾക്കായുള്ള പേയിങ് ഗസ്റ്റ് താമസകേന്ദ്രമാക്കി മാറ്റിയതിന് പിന്നാലെയാണ് വൻ ദുരന്തമെത്തിയത്. ഡൽഹിയിലെ സത്യ നികേതനിൽ ഞായറാഴ്ച തകർന്നുവീണ കെട്ടിടത്തിന് ഏകദേശം 50 വർഷം പഴക്കമുണ്ടായിരുന്നുവെന്നും കെട്ടിടം പൂർണമായി അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ താമസക്കാരെ പ്രവേശിപ്പിച്ചിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം.
അപകടസമയത്ത് കെട്ടിടത്തിന്റെ ബേസ്മെന്റിൽ തൊഴിലാളികൾ നിർമാണ പ്രവർത്തനത്തിലായിരുന്നു. അപകടത്തിൽ ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോയെന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാപസിന് സമീപമാണ് സത്യ നികേതൻ. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ പി.ജി താമസസൗകര്യങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് വർഷങ്ങളായി ജീർണാവസ്ഥയിൽ കിടന്നിരുന്ന കെട്ടിടം ‘ഹോസ്റ്റൽ ഡെയ്‌സ്’ എന്ന പേരിൽ പി.ജിയാക്കി മാറ്റിയതെന്നാണ് വിവരം.
ഗുരുഗ്രാം നിവാസിയായ ഹരി റാം ബൻസാൽ ആണ് കെട്ടിടത്തിന്റെ ഉടമ. അപകടത്തിന് പിന്നാലെ ഇയാൾക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റിലാണ് കെട്ടിടത്തിൽ താമസക്കാരെ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കെട്ടിടത്തിൽ ഏകദേശം 30 മുറികളുണ്ടായിരുന്നു. ഓരോ മുറിയിലും രണ്ട് മുതൽ മൂന്ന് വരെ വിദ്യാർഥികളുണ്ടായിരുന്നു. കെട്ടിടം പി.ജിയായി പ്രവർത്തനം ആരംഭിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ചിരുന്നില്ല. അപകടസമയത്തും തൊഴിലാളികൾ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ 11 പേരിൽ രണ്ട് പേർ തൊഴിലാളികളാണ്. തൊഴിലാളികളിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു.
അപകടത്തിന് മുമ്പ് ഡൽഹിയിൽ തുടർച്ചയായി രണ്ട് ദിവസമായി മഴ പെയ്തിരുന്നു. ഇതോടെ സത്യ നികേതൻ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായി. കെട്ടിടത്തിന്റെ ബേസ്മെന്റിലും വെള്ളം കെട്ടിക്കിടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ടിനിടയിലും ബേസ്മെന്റിൽ തൊഴിലാളികൾ നിർമാണ പ്രവർത്തനം തുടരുകയായിരുന്നു.
സത്യ നികേതനിൽ വീടുകൾ പി.ജികളാക്കി മാറ്റുന്നത് പതിവാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രദേശത്തെ വീടുകൾ അഞ്ച്, ആറ് നിലകളിലേക്ക് ഉയർത്തുകയും പിന്നീട് അവയെ പി.ജികളാക്കി മാറ്റുകയുമാണ് ചെയ്യുക. ഉടമകൾ മറ്റിടങ്ങളിലേക്ക് താമസം മാറ്റിയശേഷം കെട്ടിടങ്ങളുടെ പരിപാലനത്തിലും സുരക്ഷയിലും വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

